First Gear
ജനുവരി മുതല്‍ ഔഡി കാറുകള്‍ക്ക് വില കൂടും; രണ്ട് ശതമാനം വരെ വര്‍ധനവ്
2027 ജനുവരി ഒന്ന് മുതല്‍ വില്‍ക്കുന്ന എല്ലാ ഔഡി കാറുകള്‍ക്കും രണ്ട് ശതമാനം വരെ വില വര്‍ധിക്കും
ന്യൂഡല്‍ഹി | പ്രമുഖ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യ തങ്ങളുടെ വാഹനങ്ങള്‍ക്ക് വില വര്‍ധനവ് പ്രഖ്യാപിച്ചു. 2027 ജനുവരി ഒന്ന് മുതല്‍ വില്‍ക്കുന്ന എല്ലാ ഔഡി കാറുകള്‍ക്കും രണ്ട് ശതമാനം വരെ വില വര്‍ധിക്കും. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ മാരുതി നാലാം തവണയും വില വര്‍ധനവ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്, 2027 ജനുവരിയിലെ വിലക്കയറ്റം പ്രഖ്യാപിക്കുന്ന ആദ്യത്തെ വാഹന ബ്രാന്‍ഡായി ഔഡി മാറുന്നത്.
വര്‍ധിച്ചുവരുന്ന ഉല്‍പ്പാദനച്ചെലവുകള്‍ കാരണമാണ് വില വര്‍ധിപ്പിക്കേണ്ടി വന്നതെന്നും, ഉപഭോക്താക്കളെ ബാധിക്കാത്ത വിധം നിരക്കുകള്‍ പരമാവധി നിയന്ത്രിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. ബിസിനസിന്റെ ദീര്‍ഘകാല സുസ്ഥിരത നിലനിര്‍ത്താന്‍ ഈ ക്രമീകരണം അനിവാര്യമാണെന്നും കമ്പനി ചൂണ്ടിക്കാട്ടി. ഓരോ മോഡലിന്റെയും കൃത്യമായ വിലവിവരങ്ങള്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ ലഭ്യമാകും.
നിലവില്‍ ക്യു 3, എ 4, എ 6, ക്യു 7, ക്യു 8, ക്യു 5, എസ് 5 സ്‌പോര്‍ട്ട്ബാക്ക്, ആര്‍ എസ് 5, ആര്‍ എസ് ക്യു 8 പെര്‍ഫോമന്‍സ്, ഇ ട്രോണ്‍, ഇ ട്രോണ്‍ ജി ടി, എസ് ക്യു 8, ഇ ട്രോണ്‍ സ്‌പോര്‍ട്ട് ബാക്ക്, ക്യു 8 ഇ ട്രോണ്‍, ക്യു 8 സ്‌പോര്‍ട്ട് ബാക്ക് ഇ ട്രോണ്‍ എന്നീ മോഡലുകളാണ് കമ്പനി വില്‍ക്കുന്നത്. ഇതിനുപുറമേ പുതിയ എ 5, ക്യു 9 തുടങ്ങിയ മോഡലുകള്‍ കൂടി ഉടന്‍ പുറത്തിറക്കും; 2026 ക്യു 3 അവതരിപ്പിച്ചുകൊണ്ട് ഇതിന്റെ തുടക്കം കുറിച്ചുകഴിഞ്ഞു.





