National
കയ്യിലെ ലാബ് വെറും വാഗ്ദാനമാകരുത്: ഹെല്‍ത്ത് വയറബിള്‍ ഉപകരണങ്ങള്‍ക്ക് കര്‍ശന നിയമനിരീക്ഷണം വേണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി
സാങ്കേതികവിദ്യ കൈത്തണ്ടയില്‍ ഒരു ലാബോറട്ടറി വാഗ്ദാനം ചെയ്യുമ്പോള്‍, ആ വാഗ്ദാനങ്ങള്‍ വെറും വ്യാമോഹങ്ങള്‍ മാത്രമായി മാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിയമപരമായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് ജസ്റ്റിസ് കെ കണ്ണന്‍
ന്യൂഡല്‍ഹി | സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് റിംഗുകള്‍ തുടങ്ങിയ വയറബിള്‍ ഉപകരണങ്ങള്‍ നല്‍കുന്ന ആരോഗ്യവിവരങ്ങളും അവകാശവാദങ്ങളും കര്‍ശനമായ നിയമപരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് പഞ്ചാബ്, ഹരിയാന, മദ്രാസ് ഹൈക്കോടതികളിലെ മുന്‍ ജഡ്ജി ജസ്റ്റിസ് കെ കണ്ണന്‍. ശാരീരിക സൂചന അളക്കുന്നതും രോഗനിര്‍ണയം നടത്തുന്നതും രണ്ടാണെന്നും, ഇത്തരം സാങ്കേതികവിദ്യകള്‍ കേവലം വാഗ്ദാനങ്ങള്‍ മാത്രമായി മാറരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രി സന്ദര്‍ശനങ്ങളോ രക്തപരിശോധനയോ ഇല്ലാതെ തന്നെ രക്തത്തിലെ പഞ്ചസാര, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍, തലച്ചോറിലേക്കുള്ള രക്തയോട്ടം എന്നിവ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ കഴിയുമെന്നാണ് കമ്പനികളുടെ വാഗ്ദാനം. പ്രമേഹവും ഹൃദ്രോഗങ്ങളും വര്‍ധിച്ചുവരുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്ത് പ്രതിരോധ ആരോഗ്യപരിപാലനത്തിന് ഇത്തരം സാങ്കേതികവിദ്യകള്‍ ആകര്‍ഷകമാണ്. ഒരു ശാരീരിക സിഗ്‌നല്‍ അളക്കുന്നത് ഒരു രോഗം സ്ഥിരീകരിക്കുന്നതിന് തുല്യമല്ല.
ത്വക്കില്‍ സൂചി തുളയ്ക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ടെത്തുമെന്ന് അവകാശപ്പെടുന്ന സ്മാര്‍ട്ട് വാച്ചുകള്‍ക്കും റിംഗുകള്‍ക്കുമെതിരെ 2024 ഫെബ്രുവരി 21ന് യു എസ് എഫ് ഡി എ കൃത്യമായ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം തെറ്റായ റീഡിംഗുകള്‍ രോഗികള്‍ അശാസ്ത്രീയമായി ഇന്‍സുലിന്‍ പോലുള്ള മരുന്നുകള്‍ ഉപയോഗിക്കാന്‍ ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്. സാധാരണ വെല്‍നസ് ഉപകരണങ്ങളും മെഡിക്കല്‍ ഉപകരണങ്ങളും തമ്മില്‍ കൃത്യമായ വേര്‍തിരിവ് വേണമെന്ന് 2026 ജനുവരിയിലെ എഫ് ഡി എ മാര്‍ഗ്ഗരേഖയും വ്യക്തമാക്കുന്നുണ്ട്.
തലച്ചോറിലേക്കുള്ള രക്തയോട്ടം നിരീക്ഷിക്കുമെന്ന് അവകാശപ്പെട്ട് സംരംഭകന്‍ ദീപീന്ദര്‍ ഗോയല്‍ വിപണിയിലെത്തിച്ച ടെമ്പിള്‍ എന്ന ഉപകരണം ഇതിന് ഉദാഹരണമാണ്. പള്‍സ് ഓക്‌സിമീറ്ററുകളില്‍ ഉപയോഗിക്കുന്ന ഫോട്ടോപ്ലെത്തിസ്‌മോഗ്രാഫി രീതിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് തലച്ചോറിലെ രക്തയോട്ടം നേരിട്ട് അളക്കുന്നുവെന്നോ പ്രായാധിക്യ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുമെന്നോ നിലവില്‍ തെളിയിക്കപ്പെട്ടിട്ടില്ല. പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ എന്നും ഇതൊരു മെഡിക്കല്‍ ഉപകരണമല്ലെന്നുമാണ് നിര്‍മ്മാതാക്കളുടെ വിശദീകരണം. സാങ്കേതികവിദ്യ കൈത്തണ്ടയില്‍ ഒരു ലാബോറട്ടറി വാഗ്ദാനം ചെയ്യുമ്പോള്‍, ആ വാഗ്ദാനങ്ങള്‍ വെറും വ്യാമോഹങ്ങള്‍ മാത്രമായി മാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിയമപരമായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് ജസ്റ്റിസ് കെ കണ്ണന്‍ വ്യക്തമാക്കുന്നു



