Saudi Arabia
സഊദി അറേബ്യയുടെ 2027 ബജറ്റിന് അംഗീകാരം; സാമ്പത്തിക വൈവിധ്യവല്‍ക്കരണവും സുസ്ഥിര വളര്‍ച്ചയും ലക്ഷ്യം
1.2 ട്രില്യണ്‍ റിയാല്‍ വരുമാനം പ്രതീക്ഷിക്കുന്ന ബജറ്റില്‍ എണ്ണയിതര മേഖലയുടെ വളര്‍ച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്
റിയാദ് | 2027 സാമ്പത്തിക വര്‍ഷത്തേക്കുള്ള സഊദി അറേബ്യയുടെ പൊതുബജറ്റിന് മന്ത്രിസഭ അംഗീകാരം നല്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബജറ്റ് പ്രഖ്യാപിച്ചത്. 1.2 ട്രില്യണ്‍ സൗദി റിയാല്‍ (ഏകദേശം 320 ബില്യണ്‍ ഡോളര്‍) ആണ് 2027-ല്‍ പ്രതീക്ഷിക്കുന്ന ആകെ വരുമാനം,1.4 ട്രില്യണ്‍ റിയാല്‍ (373.45 ബില്യണ്‍ ഡോളര്‍) ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ 190 ബില്യണ്‍ റിയാലിന്റെ (50.7 ബില്യണ്‍ ഡോളര്‍) കമ്മിയാണ് കണക്കാക്കുന്നത്.
2026-ല്‍ ആഗോളതലത്തില്‍ പല വെല്ലുവിളികളുണ്ടായിട്ടും സഊദി സമ്പദ്വ്യവസ്ഥ മികച്ച പ്രതിരോധശേഷി പ്രകടിപ്പിച്ചതായി കിരീടാവകാശി വ്യക്തമാക്കി. ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രണവും കൃത്യമായ സാമ്പത്തിക നയങ്ങളുമാണ് ഇതിന് പിന്നില്‍. സഊദി വിഷന്‍ 2030 പദ്ധതികളുടെ നേട്ടങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും വരുംതലമുറയ്ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു.
2030-ന് ശേഷവും നിലനില്‍ക്കുന്ന വൈവിധ്യമാര്‍ന്നതും മത്സരക്ഷമതയുള്ളതുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 2026-ല്‍ രാജ്യത്തിന്റെ എണ്ണയിതര ജിഡിപി വളര്‍ച്ച 2.5 ശതമാനത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവല്ക്കരണത്തില് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ജകഎ) നിര്‍ണ്ണായക പങ്ക് വഹിക്കുന്നതായും അദ്ദേഹം എടുത്തുപറഞ്ഞു.
ആഗോള വിപണിയില്‍ വിശ്വസ്തരായ ഊര്‍ജ്ജ വിതരണക്കാര്‍ എന്ന നിലയിലുള്ള സൗദിയുടെ സ്ഥാനം കിരീടാവകാശി ആവര്‍ത്തിച്ചു. ഊര്‍ജ്ജ മേഖലയിലും ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങളിലും നടത്തിയ വലിയ നിക്ഷേപങ്ങള്‍ ഇതിന് സഹായകമായി. ഇതില്‍ ‘ഈസ്റ്റ്-വെസ്റ്റ് ഓയില്‍ പൈപ്പ്ലൈന്’ പദ്ധതിയുടെ പ്രാധാന്യം അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുമായി സഹകരണം തുടരുമെന്നും ആഗോള സാമ്പത്തിക മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരെയുള്ള ഒരു ഭീഷണിയും വെച്ചുപൊറുപ്പിക്കില്ലെന്നും ദേശീയ ആസ്തികളെ ശക്തമായി സംരക്ഷിക്കുമെന്നും മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് മുന്നറിയിപ്പ് നല്കി. വികസന നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിന് രാജ്യസുരക്ഷ അനിവാര്യമാണ്. സൈന്യത്തെയും പ്രതിരോധ സംവിധാനങ്ങളെയും കൂടുതല്‍ ശക്തിപ്പെടുത്താന്‍ സൗദി പ്രതിജ്ഞാബദ്ധമാണ്. അതിര്‍ത്തികളില്‍ കാവല്‍ നില്ക്കുന്ന സൈനികരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ത്യാഗങ്ങളെയും സേവനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
Content Highlights: Saudi Arabia’s cabinet chaired by Crown Prince Mohammed bin Salman approved the 2027 budget targeting 1.2 trillion riyals in revenue and 1.4 trillion riyals in spending. The plan focuses on non-oil GDP growth, infrastructure, Public Investment Fund initiatives, and Vision 2030 milestones. It also emphasizes energy reliability and national security.



