Connect with us

National

വാഹനാപകട നഷ്ടപരിഹാരം ഓരോ ഇനവും പരിശോധിക്കാതെ മൊത്തമായി വര്‍ധിപ്പിക്കരുത്: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | വാഹനാപകടങ്ങളിലെ നഷ്ടപരിഹാര തുക ഓരോ ഇനവും പ്രത്യേകം പരിശോധിക്കാതെ മൊത്തമായി വര്‍ധിപ്പിക്കുന്നത് നിയമപരമായ രീതിയല്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍, ജസ്റ്റിസ് അതുല്‍ എസ് ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ അനുവദിച്ച നഷ്ടപരിഹാര തുക കൃത്യമായ മാനദണ്ഡങ്ങള്‍ വ്യക്തമാക്കാതെ രണ്ടു ലക്ഷം രൂപയായി വര്‍ധിപ്പിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് പരിഷ്‌കരിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

റോഡപകടത്തില്‍ വലതുകാലിന് 50% സ്ഥിര വൈകല്യം സംഭവിച്ച ബൈക്ക് യാത്രക്കാരനായ മുഹമ്മദ് സാബിറിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ട്രിബ്യൂണല്‍ നല്‍കിയ നഷ്ടപരിഹാരം ഹൈക്കോടതി രണ്ട് ലക്ഷം രൂപ ഒറ്റത്തവണയായി വര്‍ധിപ്പിച്ചെങ്കിലും, ഏതെല്ലാം ഇനങ്ങളിലാണ് വര്‍ധനവ് വരുത്തിയതെന്ന് വ്യക്തമാക്കിയിരുന്നില്ല. നഷ്ടപരിഹാരം ന്യായമാണോ എന്ന് നിര്‍ണയിക്കാന്‍ ട്രിബ്യൂണല്‍ അനുവദിച്ച ഓരോ ഇനവും ഹൈക്കോടതി പ്രത്യേകം പരിശോധിക്കേണ്ടതായിരുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

വ്യക്തിഗത പരിക്കുകളില്‍ നഷ്ടപരിഹാരം നിശ്ചയിക്കുമ്പോള്‍ ചികിത്സാച്ചെലവ്, ചികിത്സാകാലത്തെ വരുമാന നഷ്ടം, വൈകല്യം മൂലമുള്ള ഭാവി വരുമാന നഷ്ടം, വേദനയും യാതനയും തുടങ്ങിയ ഘടകങ്ങള്‍ പ്രത്യേകം പരിഗണിക്കണമെന്ന രാജ് കുമാര്‍ വേഴ്‌സസ് അജയ് കുമാര്‍ കേസിലെ തത്വവും കോടതി ആവര്‍ത്തിച്ചു.

വരുമാന രേഖകള്‍ ഇല്ലാത്തതിനാല്‍ 2013ലെ അവിദഗ്ദ്ധ തൊഴിലാളിയുടെ മിനിമം വേതനമായ പ്രതിമാസം 5,270 രൂപ അടിസ്ഥാന വരുമാനമായി നിശ്ചയിക്കുകയും ഭാവി സാധ്യതകള്‍ക്കായി 40% അധികം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് 17 മള്‍ട്ടിപ്ലയര്‍ പ്രയോഗിച്ചും, പ്രത്യേക ഭക്ഷണം, യാത്രാച്ചെലവ്, വേദനയും യാതനയും, സഹായിക്കുള്ള ചെലവ് തുടങ്ങിയവ കണക്കിലെടുത്തും ആകെ നഷ്ടപരിഹാരം 11,75,106 രൂപയായി സുപ്രീം കോടതി ഉയര്‍ത്തി നല്‍കി. അപേക്ഷ സമര്‍പ്പിച്ച തീയതി മുതല്‍ 7% പലിശയും തുകയ്ക്ക് ലഭിക്കും.

Content Highlights: The Supreme Court ruled that road accident compensation cannot be increased as a lump sum without evaluating each claim head separately. Hearing a permanent disability appeal, the bench revised the award to Rs 11,75,106 with 7 percent interest. It reiterated itemised assessment principles for injury claims.

Latest