Ongoing News
പ്രവാസികള്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കും തിരിച്ചടി: വിമാന സര്‍വീസുകളുടെ റദ്ദാക്കല്‍ ജനുവരി വരെ നീട്ടി
സുരക്ഷാ കാരണങ്ങളാല്‍ മറ്റ് പല അന്താരാഷ്ട്ര വിമാനക്കമ്പനികളും സഊദിയിലേക്കുള്ള സര്‍വീസുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
ദമാം | സഊദി അറേബ്യയിലെ നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സഊദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യന്‍ വിമാനക്കമ്പനിയായ ആകാശ എയര്‍ റദ്ദാക്കിയത് 2027 ജനുവരി വരെ നീട്ടി. നേരത്തെ 2026 നവംബര്‍ 30 വരെയായിരുന്നു സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നത്. വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ യാത്രാ നിര്‍ദ്ദേശത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനപ്രകാരം ജിദ്ദയിലേക്കുള്ള വിമാന സര്‍വീസുകള്‍ 2027 ജനുവരി 10 വരെയും റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ 2027 ജനുവരി 31 വരെയും റദ്ദാക്കിയിരിക്കുകയാണ്.
പ്രവാസികള്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കും വലിയ തിരിച്ചടിയാകുന്നതാണ് ഈ തീരുമാനം. സുരക്ഷാ കാരണങ്ങളാല്‍ മറ്റ് പല അന്താരാഷ്ട്ര വിമാനക്കമ്പനികളും സഊദിയിലേക്കുള്ള സര്‍വീസുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് വിമാനങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശമുണ്ട്.
സഊദിയിലെ വിമാനത്താവളങ്ങളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് തുടരുന്ന സുരക്ഷാ ഭീഷണികളുടെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് സര്‍വീസുകള്‍ നീട്ടിവെക്കാന്‍ തീരുമാനിച്ചതെന്ന് ആകാശ എയര്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും കമ്പനി അറിയിച്ചു.
വിമാനങ്ങള്‍ റദ്ദാക്കിയത് മൂലം യാത്ര മുടങ്ങിയവര്‍ക്ക് മുഴുവന്‍ ടിക്കറ്റ് തുകയും തിരികെ ലഭിക്കുന്നതിനോ അധിക നിരക്കുകളില്ലാതെ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റിവെക്കുന്നതിനോ സൗകര്യമുണ്ടായിരിക്കും. പണം തിരികെ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പണമടച്ച അതേ അക്കൗണ്ടിലേക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുക തിരികെ ലഭിക്കും. ട്രാവല്‍ ഏജന്‍സികള്‍ വഴിയോ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ റീഫണ്ടിനോ യാത്ര മാറ്റിവെക്കുന്നതിനോ അതത് ഏജന്‍സികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് കമ്പനി നിര്‍ദ്ദേശിച്ചു.
Content Highlights: Akasa Air has extended its Saudi Arabia flight suspensions into January 2027 over ongoing security concerns. Flights to Jeddah are cancelled until January 10, while Riyadh services are suspended until January 31. Affected passengers can get full refunds within seven days or reschedule without extra fees.





