Kerala
ഹിന്ദുമതത്തിലേക്ക് മടങ്ങാന്‍ ക്ഷേത്രത്തില്‍ ചടങ്ങ് നടത്തണം; ക്രൈസ്തവ കുടുംബത്തിന്റെ ഹരജിയില്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടി ഹൈക്കോടതി
കൊല്ലം സ്വദേശികളായ എട്ടംഗ കുടുംബമാണ് കോടതിയെ സമീപിച്ചത്. ഹരജി ഡിസംബര്‍ നാലിന് വീണ്ടും പരിഗണിക്കും.
കൊച്ചി | പൂര്‍വികരുടെ മതമായ ഹിന്ദുമതത്തിലേക്ക് തിരിച്ചുപോകാന്‍ കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ മതപരിവര്‍ത്തന ചടങ്ങ് നടത്തണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ കുടുംബം നല്കിയ ഹരജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടി ഹൈക്കോടതി. കൊല്ലം സ്വദേശികളായ എട്ടംഗ കുടുംബമാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി ഡിസംബര്‍ നാലിന് വീണ്ടും പരിഗണിക്കും.
ഹരജിക്കാരുടെ പൂര്‍വികര്‍ ഹിന്ദുമതത്തിലെ കുറവ സമുദായത്തില്‍പ്പെട്ടവരായിരുന്നു. കുടുംബത്തിലെ മുന്‍തലമുറയില്‍ ക്രൈസ്തവമതം സ്വീകരിച്ചതോടെയാണ് ഇവരും ക്രൈസ്തവരായി രേഖകളില്‍ ഇടംപിടിച്ചത്. എന്നാല്‍, പൂര്‍വികരുടെ മതത്തിലേക്ക് മടങ്ങാന്‍ നിര്‍ബന്ധമോ പ്രലോഭനമോ ഇല്ലാതെ സ്വമേധയാ തീരുമാനിക്കുകയായിരുന്നുവെന്ന് ഹരജിയില്‍ പറയുന്നു.
ദേവസ്വം ബോര്‍ഡിന്റെ അംഗീകൃത വഴിപാടുകളില്‍ ‘മതപരിവര്‍ത്തനം’ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം മറ്റ് മതങ്ങളില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്ഷേത്രത്തില്‍ ചടങ്ങ് നടത്താം. എന്നാല്‍, അപേക്ഷ നല്‍കിയിട്ടും അഞ്ചുമാസമായി നടപടിയുണ്ടായില്ലെന്നാണ് ഹരജിക്കാരുടെ പരാതി.
ക്ഷേത്ര ഉപദേശക സമിതി ചടങ്ങിനെ എതിര്‍ത്തിരുന്നു. മതപരിവര്‍ത്തനം നിയമവിരുദ്ധമാണെന്നും ക്ഷേത്രത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമമാണിതെന്നും ചൂണ്ടിക്കാട്ടി സമിതി ക്ഷേത്ര അധികൃതര്‍ക്ക് കത്ത് നല്‍കിയെന്നാണ് ഹരജിയിലെ ആരോപണം. ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയാല്‍ ദേവസ്വം വകുപ്പിന് അപകീര്ത്തിയുണ്ടാകുമെന്ന ആശങ്കയും അധികൃതര്‍ ഉന്നയിച്ചു.
കുടുംബത്തിലെ മുതിര്‍ന്ന അംഗമായ സാമുവല്‍ പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും നേരിടുകയാണ്. ജീവിച്ചിരിക്കുമ്പോള്‍ ഹിന്ദുമതത്തിലേക്ക് മടങ്ങണമെന്നും അന്ത്യകര്‍മങ്ങള്‍ ഹിന്ദു ആചാരപ്രകാരം നടത്തണമെന്നുമാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്നും ഹരജിയില്‍ പറയുന്നു. അതേസമയം, ജാതി സംബന്ധിച്ച പദവി നിര്‍ണയിക്കണമെന്ന ആവശ്യം ഹരജിയില്‍ ഉന്നയിച്ചിട്ടില്ലെന്നും അതിന് ബന്ധപ്പെട്ട അധികാരികളെ സമീപിക്കുമെന്നും ഹരജിക്കാര്‍ വ്യക്തമാക്കി.
Content Highlights: The Kerala High Court sought an explanation from the Devaswom Board on a petition by a Christian family wishing to hold a ceremony at a temple to return to Hinduism. The plea relates to conducting religious rites required for reconversion at the shrine. The court asked the board to respond to the family’s request in the matter.





