Connect with us

Editors Pick

ദാഹിച്ചില്ലെങ്കിലും കുടിക്കണം; തണുപ്പുകാലത്തെ നിര്‍ജ്ജലീകരണം നിസ്സാരമല്ല

തണുപ്പുകാലത്ത് ശരീരത്തിന്റെ താപനില ക്രമീകരിക്കാനും ഹൈപ്പോതെര്‍മിയ പോലുള്ള അവസ്ഥകള്‍ തടയാനും കൃത്യമായ ജലാംശം ശരീരത്തില്‍ എത്തേണ്ടത് അത്യാവശ്യമാണെന്ന് എന്‍ഡോക്രൈനോളജി കണ്‍സള്‍ട്ടന്റായ ഡോ രക്ഷിത് ഷെട്ടി

Published

|

Last Updated

ശൈത്യകാലത്ത് താപനില കുറയുമ്പോള്‍ ദാഹം കുറയുന്നതും വിയര്‍പ്പ് പ്രകടമല്ലാതാകുന്നതും മൂലം ആളുകള്‍ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ മറന്നുപോകുന്നത് ഗുരുതരമായ നിര്‍ജ്ജലീകരണത്തിലേക്ക് നയിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. തണുപ്പുകാലത്ത് ശരീരത്തിന്റെ താപനില ക്രമീകരിക്കാനും ഹൈപ്പോതെര്‍മിയ പോലുള്ള അവസ്ഥകള്‍ തടയാനും കൃത്യമായ ജലാംശം ശരീരത്തില്‍ എത്തേണ്ടത് അത്യാവശ്യമാണെന്ന് എന്‍ഡോക്രൈനോളജി കണ്‍സള്‍ട്ടന്റായ ഡോ രക്ഷിത് ഷെട്ടി ചൂണ്ടിക്കാട്ടുന്നു.

തണുപ്പുള്ള അന്തരീക്ഷത്തില്‍ വൃക്കകള്‍ കൂടുതല്‍ മൂത്രം പുറന്തള്ളുന്നതും അന്തരീക്ഷത്തിലെ ഈര്‍പ്പക്കുറവും ദാഹം തിരിച്ചറിയാത്തതും ശരീരത്തിലെ ജലാംശം വേഗത്തില്‍ കുറയ്ക്കുന്നു. ചെറിയ തോതിലുള്ള നിര്‍ജ്ജലീകരണം പോലും ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ്, മാനസികാവസ്ഥയിലെ വ്യതിയാനങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

തുടര്‍ച്ചയായി ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് വൃക്കരോഗങ്ങള്‍, വൃക്കയിലെ കല്ല്, മൂത്രാശയ അണുബാധ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കാനും, ധമനികള്‍ വലിഞ്ഞുറയാനും, രക്തസമ്മര്‍ദ്ദത്തില്‍ മാറ്റങ്ങള്‍ വരുത്താനും നിര്‍ജ്ജലീകരണം ഇടയാക്കും. ഇത് ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത ഉയര്‍ത്തുന്നു.

സ്ത്രീകള്‍ 2.7 ലിറ്ററും (11 കപ്പ്), പുരുഷന്മാര്‍ 3.7 ലിറ്ററും (16 കപ്പ്), വ്യായാമം ചെയ്യുന്നവര്‍ ശാരീരിക അധ്വാനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് ഓരോ മണിക്കൂറിലും 1 മുതല്‍ 3 കപ്പ് വരെയും, പ്രായമായവര്‍ പ്രായം കൂടുന്തോറും ദാഹം തിരിച്ചറിയാനുള്ള കഴിവ് കുറയാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിന്‍ നിര്‍ദ്ദേശിക്കുന്നു. 4 മുതല്‍ 8 വയസ്സ് വരെയുള്ള കുട്ടികള്‍ കുറഞ്ഞത് 7 കപ്പും, 9 മുതല്‍ 13 വയസ്സ് വരെയുള്ള കുട്ടികളില്‍ പെണ്‍കുട്ടികള്‍ക്ക് 9 കപ്പും ആണ്‍കുട്ടികള്‍ക്ക് 10 കപ്പും കൗമാരക്കാരില്‍ പെണ്‍കുട്ടികള്‍ക്ക് 10 കപ്പും ആണ്‍കുട്ടികള്‍ക്ക് 14 കപ്പുമാണ് ആവശ്യമായി വരുന്നത്.

ദാഹം തോന്നുന്നതുവരെ കാത്തിരിക്കാതെ, എപ്പോഴും ഒരു വാട്ടര്‍ ബോട്ടില്‍ കയ്യില്‍ കരുതാനും ഇടയ്ക്കിടെ വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. 90 മുതല്‍ 95 ശതമാനം വരെ ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഉപ്പിന്റെ അളവ് കുറഞ്ഞ സൂപ്പുകള്‍ തണുപ്പുകാലത്ത് നല്ലൊരു പ്രതിവിധിയാണ്. ചായയും കാപ്പിയും പ്രതിദിന ദ്രാവക ഉപഭോഗത്തില്‍ ഉള്‍പ്പെടുമെങ്കിലും, അമിതമായി മധുരമടങ്ങിയ പാനീയങ്ങളും മദ്യവും ഒഴിവാക്കേണ്ടതാണ്.

Content Highlights: Health experts warn that low thirst cues and cold weather can cause winter dehydration that harms the heart and kidneys. Ongoing fluid loss raises risks of kidney stones, urinary infections, blood pressure shifts, heart disease, and stroke. Following daily intake guidelines and eating water-rich foods helps prevent dehydration in cold weather
---- facebook comment plugin here -----

Latest