National
ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കി; പ്രാരംഭ വില 19.59 ലക്ഷം രൂപ
ആകര്‍ഷകമായ ഡിസൈന്‍ മാറ്റങ്ങള്‍, അത്യാധുനിക ഫീച്ചറുകള്‍, ഉയര്‍ന്ന എഥനോള്‍ ഇന്ധന അനുയോജ്യത എന്നിവയോടെയാണ് പുത്തന്‍ പതിപ്പ് എത്തിയിരിക്കുന്നത്
ന്യൂഡല്‍ഹി | പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ ജനപ്രിയ എം പി വിയായ ഇന്നോവ ഹൈക്രോസിന്റെ പുത്തന്‍ 2027 ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 19.59 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില. ആകര്‍ഷകമായ ഡിസൈന്‍ മാറ്റങ്ങള്‍, അത്യാധുനിക ഫീച്ചറുകള്‍, ഉയര്‍ന്ന എഥനോള്‍ ഇന്ധന അനുയോജ്യത എന്നിവയോടെയാണ് പുത്തന്‍ പതിപ്പ് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഫ്‌ലെക്‌സ് ഫ്യുവല്‍ ഹൈബ്രിഡ് ഇലക്ട്രിക് പവര്‍ട്രെയിന്‍ മോഡലാണിത്.
2.0 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനൊപ്പം ഇ സി വി ടി ഗിയര്‍ബോക്സ് ചേര്‍ത്താണ് ഹൈക്രോസ് ഫെയ്സ്ലിഫ്റ്റ് പ്രധാനമായും എത്തുന്നത്. ഇതുകൂടാതെ സി വി ടി ഗിയര്‍ബോക്സുള്ള 2.0 ലിറ്റര്‍ നോണ്‍ ഹൈബ്രിഡ് പെട്രോള്‍ പതിപ്പും ലഭ്യമാണ്. ഇ 20 മുതല്‍ ഇ 85 വരെയുള്ള എഥനോള്‍ മിശ്രിത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ ഈ ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനത്തിന് സാധിക്കും.
പുതുക്കിയ മുന്‍ ഗ്രില്‍, പുതിയ മുന്‍പിന്‍ ബമ്പറുകള്‍, പുതിയ എല്‍ ഇ ഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ ഇ ഡി ഡി ആര്‍ എല്ലുകള്‍, പുതുക്കിയ എല്‍ ഇ ഡി ടെയില്‍ലൈറ്റുകള്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. എന്നാല്‍ അലോയ് വീലുകളുടെ ഡിസൈനില്‍ മാറ്റം വരുത്തിയിട്ടില്ല. സൂപ്പര്‍ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്‌ലേക്ക് എന്നീ അഞ്ച് നിറങ്ങളില്‍ വാഹനം ലഭ്യമാകും.
12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോളുമാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. ഒപ്പം പുതിയ അപ്ഹോള്‍സ്റ്ററി, ക്യാപ്റ്റന്‍ സീറ്റ് മോഡലിലെ രണ്ടാം നിരയ്ക്കായുള്ള പ്രത്യേക ടേബിള്‍, ഡോര്‍ ട്രിമ്മുകളില്‍ പിയാനോ ബ്ലാക്ക് ഇന്‍സേര്‍ട്ടുകള്‍ എന്നിവയും നല്‍കിയിട്ടുണ്ട്. പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, രണ്ടാം നിര സീറ്റുകള്‍ക്ക് ഓട്ടോമന്‍ സൗകര്യം (ആറ് സീറ്റ് പതിപ്പില്‍), എ ഡി എ എസ് സുരക്ഷാ സംവിധാനം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയും വാഹനത്തിലുണ്ട്.
ജി, ജി എക്‌സ്, വി എക്‌സ്, ഇസഡ് എക്‌സ് എന്നിങ്ങനെ നാല് പ്രധാന വേരിയന്റുകളിലാണ് വാഹനം ലഭ്യമാവുക. നോണ്‍ ഹൈബ്രിഡ് പതിപ്പ് ജിഎക്‌സ് വേരിയന്റില്‍ മാത്രമാണ് ലഭിക്കുന്നത്. പെട്രോള്‍ ജി എക്‌സ്: 19.59 ലക്ഷം, പെട്രോള്‍ ഹൈബ്രിഡ് ജി: 19.99 ലക്ഷം, പെട്രോള്‍ ഹൈബ്രിഡ് ജി എക്‌സ്: 23.99 ലക്ഷം, പെട്രോള്‍ ഹൈബ്രിഡ് വിഎക്‌സ്: 28.79 ലക്ഷം, പെട്രോള്‍ ഹൈബ്രിഡ് ഇസഡ് എക്‌സ്: 31.99 ലക്ഷം എന്നിവയാണ് വിവിധ വേരിയന്റുകളുടെ എക്‌സ് ഷോറൂം വിലകള്‍.





