Kerala
മല്ലപ്പള്ളി കാര്‍ഷിക വികസന ബേങ്കില്‍ നിന്ന് കാണാതായത് 1.538 കിലോ സ്വര്‍ണം; വിശദാന്വേഷണത്തിന് പോലീസ്
ഉത്തരവാദിത്വത്തില്‍ നിന്ന് ഭരണസമിതിയുടെ അധ്യക്ഷ സ്ഥാനത്തുള്ളവര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുന്‍ പ്രസിഡന്റ് സജി ചാക്കോ.
മല്ലപ്പള്ളി | കാര്‍ഷിക വികസന ബേങ്കില്‍ നിന്ന് 1.538 കിലോ ഗ്രാം സ്വര്‍ണം കാണാതായ സംഭവത്തില്‍ വിശദാന്വേഷണത്തിന് പോലീസ്. വായ്പക്കായി ഈടുവച്ചിരുന്ന 34 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് ബേങ്കില്‍ നിന്നും കാണാതായത്. ഇതുമായി ബന്ധപ്പെട്ട് ബേങ്ക് സെക്രട്ടറി തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശിയായ രാധാശ്രീ, ബേങ്ക് ജീവനക്കാരാനായ വിജേഷ് കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോല്‍ സുരക്ഷിതമായി സൂക്ഷിച്ചില്ല, കണക്കുകള്‍ യഥാസമയം പരിശോധിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് രാധാശ്രീക്കുമേല് ചുമത്തിയിരിക്കുന്നത്. സ്വര്‍ണം കാണാതായതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതോടെ സെക്രട്ടറിയെ ബേങ്ക് ഭരണസമിതി സസ്പെന്‍ഡ് ചെയ്തിരുന്നു.
സഹകരണ വകുപ്പ് റീജ്യണല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പതിവ് പരിശോധനയിലാണ് 1.35 കോടി രൂപയുടെ മൂല്യമുള്ള പണയ സ്വര്‍ണാഭരണങ്ങള്‍ ബേങ്ക് ലോക്കറില്‍ ഇല്ലെന്ന് കണ്ടെത്തിയത്. ബേങ്കിലെ ജീവനക്കാരനായിരുന്ന വിജേഷ് കുമാര്‍ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രംഗത്തുവന്നിരുന്നു. മറ്റു ജീവനക്കാരുടെ വിശ്വാസം മുതലെടുത്താണ് വിജേഷ് കുമാര്‍ കുറ്റകൃത്യം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ബേങ്കിലെ മറ്റ് ജീവനക്കാരും ഭരണസമിതി അംഗങ്ങളും അര്‍പ്പിച്ച വിശ്വാസം ദുരുപയോഗം ചെയ്താണ് സെക്രട്ടറിയുടെ പക്കല്‍ നിന്നും സ്വര്‍ണം സൂക്ഷിക്കുന്ന ലോക്കറിന്റെ താക്കോല്‍ കൈക്കലാക്കിയത്.
പത്ത് വര്‍ഷം മുമ്പ് ബേങ്കില്‍ ജോലിയില്‍ പ്രവേശിച്ച വിജേഷ്, സൗമ്യമായ പെരുമാറ്റത്തിലൂടെ ജീവനക്കാരുടെയും ഭരണസമിതിയുടെയും പ്രീതി പിടിച്ചുപറ്റിയിരുന്നു. ബേങ്കില്‍ എത്തുന്ന ഇടപാടുകാരുടെ ആവശ്യങ്ങള്‍ വേഗത്തില്‍ ചെയ്തു നല്കുന്നതില് ഇയാള്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്നതായി സഹകാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. സത്പേരും വിശ്വാസ്യതയും മുതലെടുത്താണ് സ്വര്‍ണ ഉരുപ്പടികള്‍ സൂക്ഷിക്കുന്ന ലോക്കറിന്റെ ചുമതല മേലധികാരികളില്‍ നിന്ന് വിജേഷ് സ്വന്തമാക്കിയത്. 15 ലക്ഷം രൂപ ഇതിനിടെ സെക്രട്ടറിയായിരുന്ന രാധാശ്രീക്ക് വിജേഷ് കുമാര്‍ നല്‍കിയതിന്റെ വിവരവും പുറത്തുവന്നിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പാണ് ബേങ്കില്‍ സ്വര്‍ണപ്പണയ വായ്പാ പദ്ധതി ആരംഭിച്ചത്. ലോക്കറില്‍ നിന്ന് കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ മല്ലപ്പള്ളി ടൗണിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ ബേങ്കുകളില്‍ പണയപ്പെടുത്തി വിജേഷ് വന്‍തുക കൈക്കലാക്കിയതായാണ് പ്രാഥമിക വിവരം. അതേസമയം, ബേങ്കിന് നഷ്ടമായ സ്വര്‍ണം ഒരു മാസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന് വിജേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് അറിയിച്ചതായും വിവരമുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഉത്തരവാദിത്വത്തില്‍ നിന്നും ഭരണസമിതിക്ക് ഒഴിഞ്ഞുമാറാനാകില്ല: ഡോ. സജി ചാക്കോ
പത്തനംതിട്ട | മല്ലപ്പള്ളി കാര്‍ഷിക ഗ്രാമവികസന ബേങ്കില്‍ നടന്ന സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വത്തില്‍ നിന്ന് ഭരണസമിതിയുടെ അധ്യക്ഷ സ്ഥാനത്തുള്ളവര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുന്‍ പ്രസിഡന്റ് സജി ചാക്കോ. സ്ട്രോംഗ് റൂമിന്റെയും ലോക്കറിന്റെയും താക്കോലുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് രണ്ട് ആളുകളെ ചുമതലപ്പെടുത്തുന്നതിന് പ്രസിഡന്റിന് ഉത്തരവാദിത്തമുണ്ട്. സ്ട്രോംഗ് റൂമിനും ലോക്കറുകള്‍ക്കും രണ്ട് താക്കോലുകള്‍ വീതമാണുള്ളത്. രണ്ടാളുകള്‍ വിചാരിച്ചെങ്കില്‍ മാത്രമേ ഇത് തുറക്കുവാന്‍ പാടുള്ളൂ. അതിനു രണ്ടുപേരെ ഉത്തരവാദിത്വം ഏല്പിക്കേണ്ടതുണ്ട്. ആ ഉത്തരവാദിത്വം വായ്പാ പദ്ധതി ആരംഭിച്ച അന്നുമുതല്‍ ഫലപ്രദമായി നിറവേറ്റുന്നതില്‍ അന്നത്തെ പ്രസിഡന്റ് പരാജയപ്പെട്ടു. ആ താക്കോല്‍ രണ്ടും സെക്രട്ടറിക്കും പ്യൂണിനും യഥേഷ്ടം ഉപയോഗിക്കാന്‍ സൗകര്യം ഉണ്ടാക്കിക്കൊടുത്തു. രണ്ടാമത് ലോക്കര്‍ രജിസ്റ്റര്‍ സൂക്ഷിച്ച് ഏതൊക്കെ സമയത്ത് ഏതൊക്കെ ലോക്കറാണ് തുറക്കേണ്ടതെന്ന് ലോക്കര്‍ രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ലോക്കര്‍ രജിസ്റ്റര്‍ കൃത്യമായി പരിശോധിക്കാന്‍ ഭരണസമിതി അംഗങ്ങളെ ചുമലപ്പെടുത്തിയിട്ടില്ല. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തിയ പ്രസിഡന്റുമാരെയും കേസില്‍ പ്രതി ചേര്‍ക്കണമെന്നും സജി ചാക്കോ ആവശ്യപ്പെട്ടു.
ബേങ്കിലെ സി സി ടി വി പലപ്പോഴും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പറയുന്നത്. സംഭവം നടന്ന അന്നുതന്നെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജീവനക്കാരന് ഭരണസമിതിയംഗങ്ങള്‍ക്ക് കുറിപ്പ് അയച്ചതും ദുരൂഹമാണ്. ഇത്രയധികം സ്വര്‍ണം മാറ്റിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും സജി ചാക്കോ പറഞ്ഞു. പ്യൂണിനെയും സെക്രട്ടറിയേയും നിയമിച്ചത് താനാണെന്ന നിലയില്‍ ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
1.538 കിലോ സ്വര്‍ണമാണ് കാണാതായത്. 2023ല്‍ തന്നെ അവിശ്വാസത്തിലൂടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കുമ്പോള്‍ ബേങ്കിന്റെ വായ്പ 50 കോടിയില്‍ അധികമായിരുന്നു. ഈ കാലയളവില്‍ ബേങ്കിന് സ്വന്തമായി ഒരു വാഹനം വാങ്ങാനും സ്ഥലം വാങ്ങാനും ആ സ്ഥലത്ത് രണ്ട് കോടിയിലധികം രൂപ മുടക്കി സ്വന്തമായി ആസ്ഥാനം നിര്‍മിക്കാനുമായി. കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ ബ്ലോക്ക് പ്രസിഡന്റായ എബി മേക്കരിങ്ങാട്ട് രാജിവച്ച് പഞ്ചായത്തില്‍ മത്സരിച്ചതിനെ തുടര്‍ന്നുള്ള ഒഴിവിലാണ് വിജേഷിനെ പ്യൂണായി ഭരണസമിതി നിയമിച്ചത്. ഇപ്പോഴത്തെ പ്രസിഡന്റ് താത്പര്യമെടുത്താണ് രാധാശ്രീയെ സെക്രട്ടറിയായി പ്രമോട്ട് ചെയ്തത്. അനാവശ്യമായി വിവാദത്തിലേക്ക് തന്റെ പേര് ഉള്‍പ്പെടുത്തിയത് മനഃപൂര്‍വം ആയ വ്യക്തിഹത്യയാണെന്നും സജി ചാക്കോ പറഞ്ഞു.
നിയമപരമായ നടപടിക്രമങ്ങള്‍ പോലും പാലിക്കാതെ സ്വര്‍ണപ്പണയ വായ്പ തുടങ്ങിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അന്ന് പ്രസിഡന്റായിരുന്നയാള്ക്ക് ഒഴിഞ്ഞുമാറാനാകില്ല. ഭരണസമിതിക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ്സും സംസ്ഥാന സര്‍ക്കാരും യഥാര്‍ഥ കുറ്റവാളികളെ മുഴുവന്‍ കണ്ടെത്തി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ തയാറാകണമെന്ന് സജി ചാക്കോ ആവശ്യപ്പെട്ടു.
Police launched a detailed investigation after 1.538 kg of pledged gold went missing from the Mallappally Cooperative Agricultural Bank in Pathanamthitta. Discrepancies emerged during inspections, prompting complaints and arrests in the case. Authorities are probing further to trace the missing gold and identify everyone involved.






