Kerala
കെ എസ് ആര് ടി സി ബസ് തടഞ്ഞ് നിര്‍ത്തി ഡൈവറെ മര്‍ദ്ദിച്ചു; അഞ്ച് ശബരിമല തീര്‍ഥാടകര്‍ക്കെതിരെ കേസ്
ബസിനുള്ളിലേക്ക് അതിക്രമിച്ചുകയറി ഡ്രൈവറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് നടപടി.
കൊച്ചി | കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് ശബരിമല തീര്‍ഥാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. തീര്‍ഥാടകരുടെ വാഹനത്തില്‍ കെഎസ്ആര്‍ടിസി ബസ് ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. തിരുവനന്തപുരം-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന ബസിലെ ഡ്രൈവറെയാണ് സംഘം ആക്രമിച്ചത്.
സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ രഞ്ജിത്ത്, ലാല്‍ കൃഷ്ണദാസ്, ജിഷ്ണു, ജിതിന്, അനന്തു എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബസിനുള്ളിലേക്ക് അതിക്രമിച്ചുകയറി ഡ്രൈവറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് നടപടി.
ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ വൈറ്റില ദേശീയപാതയില്‍ തൈക്കുടം പാലത്തിന് സമീപത്തായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതികള്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ കെഎസ്ആര്‍ടിസി ബസില്‍ ഉരസുകയായിരുന്നു. ഇതിനെച്ചൊല്ലി ഇരുവാഹനങ്ങളിലെയും ജീവനക്കാരും യാത്രക്കാരും തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് കൈയാങ്കളിയിലും ആക്രമണത്തിലും കലാശിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തെ ഡോര്‍ ബലമായി വലിച്ചുതുറന്ന് ഉള്ളിലേക്ക് കയറിയ ഇവര്‍ ഡ്രൈവറെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്. അക്രമത്തെത്തുടര്‍ന്ന് ബസിന്റെ തുടര്‍ന്നുള്ള സര്‍വീസ് മുടങ്ങിയതിലൂടെ കെഎസ്ആര്‍ടിസിക്ക് 25,000 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്
Content Highlights: Police registered a case against five Sabarimala pilgrims from Thrissur for stopping a KSRTC bus near Thaikkudam bridge in Kochi and assaulting the driver following a vehicle scrape. The attack disrupted the Thiruvananthapuram-Palakkad service, causing a reported 25,000 rupee loss to KSRTC. Footage of the assault prompted police action.



