Connect with us

National

'ഞങ്ങള്‍ യാചകരല്ല'; യു പി തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് 26 സീറ്റ് മാത്രം അനുവദിച്ചതില്‍ അതൃപ്തിയുമായി കോണ്‍ഗ്രസ്സ്

ഇത്തരത്തിലുള്ള ഏകപക്ഷീയമായ പ്രഖ്യാപനങ്ങള്‍ സഖ്യ ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ രീതിയല്ല.

Published

|

Last Updated

ലക്‌നോ | 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തിന്റെ ഭാഗമായി 26 സീറ്റുകള്‍ സമാജ്വാദി പാര്‍ട്ടി പ്രഖ്യാപിച്ചതില്‍ ശക്തമായ അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ്സ് എം പി ഇമ്രാന്‍ മസൂദ്. കോണ്‍ഗ്രസ്സ് ‘യാചകരല്ല’ എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇത്തരത്തിലുള്ള ഏകപക്ഷീയമായ പ്രഖ്യാപനങ്ങള്‍ സഖ്യ ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ രീതിയല്ലെന്നും പറഞ്ഞു.

‘ഡല്‍ഹിയില്‍ സഖ്യ യോഗം നടന്ന ശേഷം, ഇതുപോലുള്ള ഒരു പ്രഖ്യാപനം നടത്തിയത് ശരിയല്ല. ഞങ്ങള്‍ നിങ്ങളോട് 26 സീറ്റ് ആവശ്യപ്പെടുകയോ ഏതെങ്കിലും പ്രത്യേക മണ്ഡലം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ യാചകരല്ല. സഖ്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല രീതിയല്ല. ഒരു സഖ്യമാകുമ്പോള്‍ ഗൗരവപൂര്‍ണമായ സമീപനം ആവശ്യമാണ്. എന്നാല്‍ ഇവിടെ അതൊന്നും കാണുന്നില്ല.’- മസൂദ് എ എന്‍ ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

സമാജ്വാദി പാര്‍ട്ടി നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെയും കോണ്‍ഗ്രസ്സ് എം പി വിയോജിപ്പ് പ്രകടിപ്പിച്ചു. ബി ജെ പിയെ പരാജയപ്പെടുത്തുക എന്ന ‘ഇന്ത്യ’ സഖ്യത്തിന്റെ ലക്ഷ്യത്തിന് ഈ നടപടി ഒട്ടും സഹായകമല്ല. ഇത്തരത്തില്‍ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഏറെ വേദനാജനകമാണ്. നമുക്ക് സഖ്യകക്ഷികളാകാം. ബി ജെ പി പരാജയപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചതെന്നും മസൂദ് വ്യക്തമാക്കി.

‘2022ല്‍, എല്ലാ പാര്‍ട്ടികളും ഒന്നിച്ചു ചേര്‍ന്നപ്പോള്‍, നിങ്ങള്‍ ആര്‍ എല്‍ ഡിക്ക് 35 സീറ്റുകള്‍ നല്‍കി. എന്നാല്‍, കോണ്‍ഗ്രസ്സിന് 26 സീറ്റ് നല്‍കുന്നതായുള്ള പ്രഖ്യാപനത്തിലൂടെ നിങ്ങള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്.’

ഇതിനകം തന്നെ സ്വന്തം പ്രഖ്യാപനം നടത്തിയിരിക്കെ, കോണ്‍ഗ്രസ്സ് പരിഗണനക്കായി രണ്ടാമത്തെ സീറ്റ് പട്ടിക സമര്‍പ്പിക്കണമെന്ന എസ് പിയുടെ നിര്‍ദേശത്തെയും മസൂദ് ചോദ്യം ചെയ്തു. ‘അല്ല, നമ്മള്‍ അവരുടെ വീട്ടുവാതില്‍ക്കലെ യാചകരാണോ അവര്‍ക്ക് ഒരു പട്ടിക നല്‍കാന്‍? നമ്മള്‍ എന്തിനാണ് അത്തരമൊരു പട്ടിക നല്‍കേണ്ടത്?’- കോണ്‍ഗ്രസ്സ് എം പി ചോദിച്ചു.

2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ്സും സമാജ്വാദി പാര്‍ട്ടിയും തമ്മില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഈ പരാമര്‍ശങ്ങള്‍ വരുന്നത്. പ്രാഥമിക ചര്‍ച്ചകളില്‍ സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസിസിന് 26 സീറ്റ് വാഗ്ദാനം ചെയ്തപ്പോള്‍, കോണ്‍ഗ്രസ്സ് 120 സീറ്റാണ് ആവശ്യപ്പെട്ടത്. ഇതില്‍ കുറഞ്ഞ എണ്ണം അംഗീകരിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറല്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, രണ്ടു പാര്‍ട്ടികളും തമ്മിലുള്ള സഖ്യം ഇപ്പോഴും ശക്തമാണെന്നും, സീറ്റ് വിഭജന ധാരണകള്‍ ഉടന്‍ അന്തിമമാകുമെന്നും കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Content Highlights: The Indian National League accused both the Congress and the BJP of collusion over the caste census issue. The statement highlights ongoing political friction around social justice, representation, and reservation policies. The debate continues to draw attention across national and Kerala political circles.

 

 

 

 

 

 

---- facebook comment plugin here -----

Latest