Kerala
ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ ഫോണിന്റെ പാസ്കോഡ് കൈമാറാന്‍ ബാധ്യസ്ഥനെന്ന് സര്‍ക്കാര്‍; അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി
പാസ്കോഡ് നല്കാന് നിര്ബന്ധിക്കുമ്പോള് സ്വയം കുറ്റാരോപണത്തിനെതിരെയുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടുമോ എന്ന വിഷയം പരിശോധിക്കണമെന്ന് ഹൈക്കോടതി
കൊച്ചി | തിരുവല്ല ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ പാസ്കോഡ് കൈമാറാന്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ബാധ്യസ്ഥനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഫോണുകള്‍ തുറക്കുന്നതിന് പാസ്കോഡ് നല്‍കണമെന്ന കീഴ്ക്കോടതി ഉത്തരവിനെതിരെ രാഹുല്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.ഫോണില്‍ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും പൊലീസ് ഇത് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് രാഹുലിന്റെ വാദം.
അതേസമയം, പാസ്കോഡ് നല്കാന് നിര്‍ബന്ധിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാകുമോ എന്ന് പരിശോധിക്കുന്നതിനായി കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രാഹുലിന്റെ രണ്ട് മൊബൈല്‍ ഫോണുകളാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് പാസ്കോഡ് നല്കാന് രാഹുലിന് ബാധ്യതയുണ്ടെന്നും ഇതിന് ഭരണഘടനാപരമായ പരിരക്ഷ ലഭിക്കില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. എന്നാല്‍, പാസ്കോഡ് നല്കാന് നിര്ബന്ധിക്കുമ്പോള് സ്വയം കുറ്റാരോപണത്തിനെതിരെയുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടുമോ എന്ന വിഷയം പരിശോധിക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
വിദേശത്ത് താമസിക്കുന്ന 31-കാരിയായ മലയാളി യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജനുവരി 10-ന് ഷൊര്‍ണൂരിലെ ഹോട്ടലില്‍ നിന്നാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിറ്റേന്ന് പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേട്ട് രാഹുലിനെ റിമാന്‍ഡ് ചെയ്തു.ബലാത്സംഗത്തിനും ശാരീരിക-മാനസിക പീഡനത്തിനും പുറമേ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചതടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്.
Content Highlights: The Kerala High Court appointed an amicus curiae to examine whether forcing an accused to share phone passcodes violates constitutional rights in the Thiruvalla rape case. The state argued Rahul Mamkootathil is bound to share the passcodes for digital evidence. Rahul claimed his phones hold favorable evidence at risk of destruction.





