International
സഊദി കിഴക്കന്‍ പ്രവിശ്യയില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം; സഖ്യസേന തകര്‍ത്തു
ഇന്ന് പുലര്‍ച്ചെയും തൊട്ടുമുമ്പുള്ള മണിക്കൂറുകളിലുമായി എത്തിയ ഏഴ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളാണ് വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടത്.
റിയാദ്/ദമാം | സഊദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമാക്കി യമനിലെ ഹൂത്തി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ സഖ്യസേന ആകാശത്തുവെച്ച് തന്നെ വിജയകരമായി തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയും തൊട്ടുമുമ്പുള്ള മണിക്കൂറുകളിലുമായി എത്തിയ ഏഴ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളാണ് വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടത്.
കിഴക്കന്‍ പ്രവിശ്യയിലെ റാസ് തനൂറക്ക് മുകളില്‍ നാല് ഡ്രോണുകളും, പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളില്‍ മൂന്ന് ഡ്രോണുകളുമാണ് തകര്‍ത്തത്. ആകാശത്തുവെച്ച് തകര്‍ത്ത ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലകളില്‍ പതിച്ചെങ്കിലും, പ്രാഥമിക വിലയിരുത്തലില്‍ ആളപായമോ ആര്‍ക്കെങ്കിലും പരുക്കോ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി.
ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ഭീകരാക്രമണ ശ്രമങ്ങളെ ശക്തമായി അപലപിച്ച സഖ്യസേന, രാജ്യത്തിന്റെ സുരക്ഷക്കും പൗരന്മാരുടെയും താമസക്കാരുടെയും സംരക്ഷണത്തിനുമായി ശക്തമായ പ്രതിരോധ നടപടികള്‍ തുടരുമെന്ന് അറിയിച്ചു. പ്രദേശത്ത് നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണ്.



