Connect with us

National

റിയാദ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ: പരുക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും

റിയാദിലെ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ (KAFD) പി ഐ എഫ് ടവറിന് നേരെയായിരുന്നു ആക്രമണം

Published

|

Last Updated

ന്യൂഡൽഹി / റിയാദ്| സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള ടവറിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. നവംബർ 24 ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർക്ക് പരുക്കേറ്റതായും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.

റിയാദിലെ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ (KAFD) പി ഐ എഫ് ടവറിന് നേരെയായിരുന്നു ആക്രമണം. യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് സഊദി അധികൃതർ വ്യക്തമാക്കിയിരുന്നു. സഊദി സിവിൽ ഡിഫൻസിന്റെ കണക്കനുസരിച്ച് രണ്ട് സഊദി പൗരന്മാർ, നാല് ഈജിപ്തുകാർ, മൂന്ന് നേപ്പാളികൾ, രണ്ട് ഇന്ത്യക്കാർ എന്നിവരുൾപ്പെടെ ആകെ 11 പേർക്കാണ് സംഭവത്തിൽ പരുക്കേറ്റത്. പരുക്കേറ്റ ഇന്ത്യക്കാർക്കും അവരുടെ കുടുംബങ്ങൾക്കും റിയാദിലെ ഇന്ത്യൻ എംബസി സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സഊദി അറേബ്യയിലെ ജനവാസ മേഖലകൾക്കും സാമ്പത്തിക-ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ സാധാരണക്കാരുടെ ജീവന് വലിയ ഭീഷണിയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ സഊദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മേഖലയിലെ സമാധാനത്തെയും സുരക്ഷയെയും ഇത് ദോഷകരമായി ബാധിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കുന്നതിൽ സഊദി ഭരണകൂടത്തിനും ജനങ്ങൾക്കും ഇന്ത്യ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മേഖലയിൽ എത്രയും വേഗം സമാധാനവും സാധാരണ നിലയും തിരിച്ചെത്തുമെന്ന് പ്രത്യാശിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Content Highlights: India’s Ministry of External Affairs strongly condemned the attack on the PIF tower in Riyadh’s King Abdullah Financial District and confirmed two Indians were injured. Eleven people including Saudis, Egyptians, and Nepalis were hurt in the strike attributed to Houthi rebels as the Indian embassy assists injured citizens. New Delhi urged an immediate end to attacks and expressed full solidarity with Saudi Arabia.

---- facebook comment plugin here -----

Latest