Connect with us

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജിലെ ശുചിമുറിയില്‍ 77കാരനായ രോഗി മരിച്ചു കിടന്നത് 36 മണിക്കൂര്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഈ മാസം 16ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തര്‍ ആണ് മരിച്ചത്.

Published

|

Last Updated

തൃശൂര്‍|തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മെഡിസിന്‍ വാര്‍ഡിനോട് ചേര്‍ന്നുള്ള ശുചിമുറിയില്‍ ചികിത്സയിലിരുന്ന 77കാരനായ രോഗി മരിച്ചു കിടന്നത് 36 മണിക്കൂറെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഈ മാസം 16ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തര്‍ ആണ് മരിച്ചത്. ശനിയാഴ്ച നടത്തിയ തെരച്ചിലിലാണ് ഇയാളെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച മുതലാണ് മാക്കുട്ടി റാവുത്തറെ വാര്‍ഡില്‍ നിന്ന് കാണാതായത്. രോഗിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മെഡിക്കല്‍ കോളജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് മെഡിസിന്‍ വാര്‍ഡിലെ ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയത്.

അജ്ഞാത രോഗിയായാണ് ഇയാളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നത്. മരിച്ചയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും ഇയാള്‍ക്ക് കൂട്ടിരിപ്പുകാര്‍ ഉണ്ടായിരുന്നില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസവും പ്രസ്തുത ശുചിമുറി വൃത്തിയാക്കിയിരുന്നു എന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ലിജോയുടെ വിശദീകരണം. ഒന്നര ദിവസത്തോളം ശുചിമുറി വൃത്തിയാക്കിയില്ലേ എന്നാണ് ചോദ്യം ഉയര്‍ന്നിട്ടുള്ളത്. 20ന് ശുചിമുറി വൃത്തിയാക്കി എന്ന ന്യായീകരണമാണ് സൂപ്രണ്ട് പറയുന്നത്. എല്ലാ ദിവസവും ശുചിമുറി വൃത്തിയാക്കുന്നുണ്ട്. സിസിടിവികള്‍ പരിശോധിച്ച് രോഗി എങ്ങോട്ട് പോയെന്ന് കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. 19ന് രോഗിയെ കാണാതായി 21ന് രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തുന്ന വരെ ശുചിമുറി വൃത്തിയാക്കിയില്ലേ എന്ന് ജീവനക്കാരോട് ചോദിച്ചിരുന്നു. എന്നാല്‍, വൃത്തിയാക്കി എന്നാണ് മറുപടി ലഭിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു.

അതേസമയം, തൃശൂര്‍ മെഡിക്കല്‍ കോളജിലെ ശുചിമുറികളുടെ ശോചനീയാവസ്ഥയെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പരാതികള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നാണ് ഡോ. ലിജോയുടെ വിശദീകരണം.

Content Highlights: A postmortem report shows a 77-year-old patient, Makkutti Rowther, lay dead for 36 hours in a toilet near the medicine ward at Thrissur Medical College. He went missing from the ward on Thursday and was found dead on Saturday. Superintendent Dr Lijo said the toilet was cleaned daily despite questions over the delay in finding him.

---- facebook comment plugin here -----

Latest