Connect with us

National

ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികൾക്ക് പോലീസ് ഏറ്റുമുട്ടലിൽ പരുക്ക്

ബുധനാഴ്ച രാവിലെ പ്രതികളുമായി അന്വേഷണ സംഘം പോകുന്നതിനിടെയായിരുന്നു സംഭവം.

Published

|

Last Updated

ഗുവാഹത്തി| അസമില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പോലീസ് വെടിവെപ്പില്‍ പരുക്ക്. രാജു ദാസ്, അമീര്‍ ദാസ് എന്നിവര്‍ക്കാണ് ദിബ്രുഗഡ് ജില്ലയിലെ ബാലിജന്‍ ടീ എസ്റ്റേറ്റിന് സമീപം വെടിയേറ്റത്. ബുധനാഴ്ച രാവിലെ പ്രതികളുമായി അന്വേഷണ സംഘം പോകുന്നതിനിടെയായിരുന്നു സംഭവം. പോലീസ് വാഹനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവര്‍ക്കും നേരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ രണ്ട് പോലീസുകാര്‍ക്കും പരുക്കേറ്റു. നാലുപേരെയും ദുലിയാജനിലെ ഓയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ദുലിയാജനിലെ കമലബാരിയിലുള്ള ഭൂയാന്‍ കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇരുവരും പിടിയിലായത്. വിരമിച്ച ഓയില്‍ ഇന്ത്യ ജീവനക്കാരനായ ചന്ദ്രകാന്ത് ഭൂയാന്‍, ഭാര്യ എലിസ, മകള്‍ നിഹാരിക എന്നിവരാണ് കൊല്ലപ്പെട്ടത്. നവംബര്‍ 16ന് വീട്ടില്‍ നിന്ന് ആരെയും പുറത്തുകാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് അടുത്ത ദിവസം തന്നെ പ്രതികളെ പിടികൂടി. ശിവസാഗര്‍ ജില്ലയിലെ സിമലുഗുരി റെയില്‍വേ സ്റ്റേഷനില്‍ അവധ് അസം എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. പിടിയിലാകുന്നതിന് മുമ്പ് ബെംഗളൂരുവിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കമെന്നാണ് പോലീസിന്റെ സംശയം.

പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തില്‍ ലഭിച്ച സൂചന. ഓണ്‍ലൈന്‍ ഗെയിമിലും വാതുവെപ്പിലുമായി രാജുവിന് നാല് ലക്ഷത്തോളം രൂപ നഷ്ടമായിരുന്നു. ഇതേത്തുടര്‍ന്ന് പിതാവില്‍ നിന്നടക്കം പണം കടം വാങ്ങിയതായും വിവരമുണ്ട്. പണം കണ്ടെത്താന്‍ ഭൂയാന്‍ കുടുംബത്തിന്റെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഭൂയാന്‍ കുടുംബത്തിനൊപ്പം വര്‍ഷങ്ങളായി പരിചാരകനായി ജോലി ചെയ്തിരുന്നയാളാണ് രാജു. അതിനാല്‍ വീടിനെക്കുറിച്ചും കുടുംബത്തിന്റെ ജീവിതരീതികളെക്കുറിച്ചും ഇയാള്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. ചുറ്റികയും ഇരുമ്പുവടിയും ഉപയോഗിച്ച് കുടുംബാംഗങ്ങളെ ആക്രമിച്ച ശേഷം വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്നു.

മോഷണം പോയെന്ന് കരുതുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, പണം, മൊബൈല്‍ ഫോണുകള്‍ എന്നിവ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടന്ന വീട്ടിലെത്തിച്ച് പ്രതികളില്‍ നിന്ന് സംഭവത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുകയും കുറ്റകൃത്യം പുനരാവിഷ്‌കരിക്കുകയും ചെയ്തിരുന്നു.

അതേസമയം, കൊലപാതകത്തിന് ശേഷം പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയെന്ന് സംശയിക്കുന്ന സ്ത്രീയെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. ഇവരുടെ പങ്ക് പരിശോധിക്കുന്നതിന്റെ ഭാഗമായി ടിന്‍സുകിയ ജില്ലയിലെ ഒരു ഹോട്ടലില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. 2020ല്‍ തട്ടിക്കൊണ്ടുപോകല്‍ കേസിലും രാജു അറസ്റ്റിലായിട്ടുണ്ട്.

Content Highlights: Two accused in the triple murder of the Bhooyan family in Duliajan were shot near a Balijan tea estate in Dibrugarh while allegedly trying to flee police custody, injuring two officers. Police linked the killings to online gaming and betting losses by former caregiver Raju Das during a robbery. All four injured were admitted to Oil hospital in Duliajan as police search for a woman suspected of sheltering the accused.

Latest