Kerala
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് ഡി എം ഒ
ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
കാസര്‍കോട്| കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ വയോധിക മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡിഎംഒ). ഡെപ്യൂട്ടി ഡി എം ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. ചികിത്സാപിഴവ് ഉണ്ടായെന്നും മരണവിവരം ഡോക്ടര്‍മാര്‍ മറച്ചുവെച്ചെന്നുമാണ് മരിച്ച ചെമ്പ്രകാനം സ്വദേശി മാധവിയുടെ ബന്ധുക്കളുടെ ആരോപണം.
ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ശസ്ത്രക്രിയയ്ക്കുശേഷം പുറത്തേക്ക് കൊണ്ടുവന്ന മാധവിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും മാധവിക്ക് ഉണ്ടായിരുന്നില്ലെന്നും മരണവിവരം കൃത്യമായി അറിയിച്ചില്ലെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു. അനസ്തേഷ്യ നല്കുമ്പോഴോ ശസ്ത്രക്രിയയ്ക്കിടയിലോ പിഴവ് സംഭവിച്ചിട്ടുണ്ടോയെന്നും കുടുംബം സംശയമുന്നയിക്കുന്നു.
അതേസമയം, ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലേക്ക് മാറ്റുന്നതിനിടെ രക്തസമ്മര്‍ദം കുറഞ്ഞിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ഡി എം ഒയ്ക്ക് ആശുപത്രി അധികൃതര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സംഭവത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രംഗത്തെത്തി. ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് രേഖാമൂലം ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാധവിയുടെ മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.
Content Highlights: The DMO ordered a probe led by the Deputy DMO after elderly Chembrakanam resident Madhavi died following hernia surgery at Kanhangad District Hospital. Relatives alleged medical negligence and delayed death information while hospital authorities cited a blood pressure drop and heart attack. DYFI activists ended a protest after a written inquiry assurance, and postmortem is set at Kannur Medical College.

