Kerala
കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണം; ഡി ജി പിക്ക് പരാതി നൽകി കോൺഗ്രസ്
കെ പി സി സി ജനറൽ സെക്രട്ടറിയും മാധ്യമ വിഭാഗം ചെയർപേഴ്സണുമായ അഡ്വ ദീപ്തി മേരി വർഗീസാണ് പരാതി സമർപ്പിച്ചത്.
തിരുവനന്തപുരം| എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പിക്കെതിരായ സൈബർ ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് ഡി ജി പിക്ക് പരാതി നൽകി കോൺഗ്രസ്. അധിക്ഷേപ പരാമർശങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച 80ലധികം വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പരാതി നൽകിയത്. കെ പി സി സി ജനറൽ സെക്രട്ടറിയും മാധ്യമ വിഭാഗം ചെയർപേഴ്സണുമായ അഡ്വ ദീപ്തി മേരി വർഗീസാണ് പരാതി സമർപ്പിച്ചത്.
വ്യാജ പേരുകളിലും തിരിച്ചറിയൽ വിവരങ്ങൾ വ്യക്തമാക്കാതെയും പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ വഴി കെ സി വേണുഗോപാലിനെതിരെ ഒരേ രീതിയിലുള്ള ആരോപണങ്ങളും തെറ്റായ വിവരങ്ങളും ആസൂത്രിതമായി പ്രചരിപ്പിക്കുന്നതായാണ് പരാതിയിൽ പറയുന്നത്. ഇത്തരം പ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്തി ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന യഥാർഥ വ്യക്തികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനായി മെറ്റയുടെ സഹായം തേടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അപകീർത്തികരമായ പോസ്റ്റുകളുടെ ലിങ്കുകൾ, സ്ക്രീൻഷോട്ടുകൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവയും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.
Content Highlights: Congress submitted a complaint to the DGP seeking action against a coordinated cyber smear campaign involving over eighty fake social media accounts targeting AICC general secretary KC Venugopal. KPCC general secretary Adv Deepthi Mary Varghese handed over digital evidence and sought Meta’s assistance to remove the accounts. Police were urged to trace the source and prosecute those behind the campaign.


