Kerala
ഹരിപ്പാട് തൂഫാന് നടപ്പിലാക്കാന്‍ ചെന്നിത്തലക്ക് ധൈര്യമില്ല; കാരണം ഇപ്പോള്‍ പറയുന്നില്ല: ജി സുധാകരന്
പഴയ യുഡിഎഫ് ആയി മാറരുതെന്നും, അത്തരമൊരു അവസ്ഥയ്ക്കല്ല ജനങ്ങള്‍ വോട്ട് നല്‍കിയതെന്നും ജി സുധാകരന്
ആലപ്പുഴ | ഓപ്പറേഷന് തൂഫാന് സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ധൈര്യമില്ലെന്ന് ജി സുധാകരന് എംഎല്‍എ. എന്തെല്ലാം ക്രിമിനല്‍ ആക്ടിവിറ്റികളാണ് അവിടെ നടക്കുന്നത്. തൂഫാന് ഹരിപ്പാട് നടപ്പാക്കുന്നില്ലല്ലോ. നല്ല ഉദ്ദേശ്യത്തോടെയാണ് രമേശ് ചെന്നിത്തല കൊണ്ടുവന്നത്. അവിടെ നടപ്പിലാക്കാന്‍ അദ്ദേഹത്തിന് കഴിയാത്തതിനുള്ള കാരണം ഇപ്പോള്‍ പറയുന്നില്ലെന്നും ജി സുധാകരന് പറഞ്ഞു
പഴയ യുഡിഎഫ് ആയി മാറരുതെന്നും, അത്തരമൊരു അവസ്ഥയ്ക്കല്ല ജനങ്ങള്‍ വോട്ട് നല്‍കിയതെന്നും ജി സുധാകരന് പറഞ്ഞു. യുഡിഎഫില്‍ മറ്റ് പാര്‍ട്ടിക്കാര്‍ക്ക് അതൃപ്തിയുണ്ടെന്ന് താന്‍ കരുതുന്നില്ല. സതീശന് നല്ല മുഖ്യമന്ത്രിയാണ്. കെസിയും അങ്ങനെ തന്നെ. പഴയ യുഡിഎഫിന് അല്ല ജനം വോട്ട് കൊടുത്തത്. മുഖം നന്നായാല്‍ പോരാ ഉള്ളും നന്നായിരിക്കണം. ഒരു ബദല്‍ വരാനുള്ള സാധ്യത കേരളത്തില്‍ പെട്ടന്ന് ഇല്ല.
സിപിഎമ്മില്‍ ജയരാജന്മാര് തമ്മിലുള്ള പോരിലൂടെ പാര്‍ട്ടിയുടെ ആഭ്യന്തര സ്ഥിതി ഇപ്പോള്‍ എല്ലാവര്ക്കും മനസ്സിലായി. ഇത്തരം കാര്യങ്ങള്‍ കണ്ടാണ് താന്‍ പാര്‍ട്ടിയില്‍ നിന്ന് മാറിനിന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സെക്രട്ടേറിയറ്റില്‍ വന്ന കാര്യം എങ്ങനെ വെളിയില്‍ വന്നു. ഇതാണ് സിപിഎം. അതിന്റെ ആഭ്യന്തര സ്ഥിതി ഇപ്പോള്‍ മനസിലായല്ലോ. ഇത് കണ്ടാണ് ഞാന്‍ ഇങ്ങ് ഇറങ്ങിപ്പോന്നത്. ഞാന്‍ സ്വയം ഇറങ്ങിപ്പോന്നതാണ്. എന്നെ ആരും പുറത്താക്കിയതല്ല.
സിപിഎമ്മില്‍ ഇപ്പോള്‍ എന്നെക്കാള്‍ സീനിയറായ ഒരാളേയുളളൂ. അത് പിണറായി വിജയനാണ്. വെറും നാലുവര്‍ഷത്തെ സീനിയറോറ്റി മാത്രം. എന്നെ പിണറായി ആക്ഷേപിച്ചു. ഞാന്‍ മറിച്ചൊന്നും പറഞ്ഞില്ല. അതിന് അദ്ദേഹത്തിന് കിട്ടി. എന്നെ 29,000 വോട്ടിന് ജനം ജയിപ്പിച്ചു. കൃത്രിമമായി പ്രതിച്ഛായ ഉണ്ടാക്കിയവരാണല്ലോ ഇപ്പോഴത്തെ സിപിഎം നേതാക്കളെന്നും ജി സുധാകരന് പറഞ്ഞു
Content Highlights: G Sudhakaran challenged Home Minister Ramesh Chennithala to implement Operation Toofan in Haripad, alleging criminal activities there. He praised VD Satheesan and warned UDF against returning to old ways. Sudhakaran also criticized CPM’s internal disputes and Pinarayi Vijayan’s leadership.



