National
മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകനെ അലഹബാദ് ഹൈക്കോടതി വെറുതെവിട്ടു
ദൃക്സാക്ഷികളെന്ന് പ്രോസിക്യൂഷന് അവകാശപ്പെട്ടവരുടെ മൊഴികളിലെ ഗുരുതരമായ വൈരുദ്ധ്യങ്ങളും അന്വേഷണത്തിലെ അപാകതകളും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി
പ്രയാഗ്രാജ് | മാതാപിതാക്കളെ വെടിവച്ചുകൊന്ന കേസില്‍ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച മകനെ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. ദൃക്സാക്ഷികളെന്ന് പ്രോസിക്യൂഷന് അവകാശപ്പെട്ടവരുടെ മൊഴികളിലെ ഗുരുതരമായ വൈരുദ്ധ്യങ്ങളും അന്വേഷണത്തിലെ അപാകതകളും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജസ്റ്റിസ് സലീല്‍ കുമാര്‍ റായ്, ജസ്റ്റിസ് പദം നാരായണ്‍ മിശ്ര എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് പ്രതിയായ ദുര്‍വേഷ് കുമാര്‍ സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചത്. ഇതോടെ ഐ പി സി 302ാം വകുപ്പ് പ്രകാരമുള്ള കൊലക്കുറ്റവും ആംസ് ആക്ട് പ്രകാരമുള്ള ശിക്ഷയും കോടതി റദ്ദാക്കുകയും, വധശിക്ഷ സ്ഥിരീകരിക്കാനായി വിചാരണക്കോടതി നല്കിയ റഫറന്‍സ് തള്ളുകയും ചെയ്തു.
2020 ഒക്ടോബര്‍ 13ന് പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള വീട്ടില്‍ വെച്ച് ദുര്‍വേഷ് കുമാര്‍ തന്റെ പിതാവ് ലാല്‍താ പ്രസാദിനെയും മാതാവ് മോഹിനി ദേവിയെയും വെടിവച്ചുകൊന്നു എന്നായിരുന്നു പ്രോസിക്യൂഷന് കേസ്. കൊല്ലപ്പെട്ടവരുടെ മറ്റൊരു മകനായ ഉമേഷ് കുമാറാണ് പോലീസില്‍ പരാതി നല്‍കിയത്. ഉമേഷ് കുമാര്‍, ഭാര്യ ഹേംലത എന്നിവരുടെ ദൃക്സാക്ഷി മൊഴികളെ ആശ്രയിച്ചാണ് 2024 ജനുവരിയില്‍ വിചാരണക്കോടതി പ്രതിക്ക് വധശിക്ഷയും ആയുധ നിയമപ്രകാരം മൂന്ന് വര്‍ഷം തടവും വിധിച്ചത്.
എഫ് ഐ ആറില്‍ സംഭവം നടന്നത് പുലര്‍ച്ചെ നാല് മണിക്കാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, മാതാപിതാക്കള്‍ക്ക് ചായ കൊടുക്കാന്‍ പോയ രാവിലെ 6:15നാണ് സംഭവം കണ്ടതെന്ന് പരാതിക്കാരനായ ഉമേഷ് കുമാര്‍ പിന്നീട് മൊഴി നല്കി. അതേസമയം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മരണം സംഭവിച്ചത് പുലര്‍ച്ചെ 3:00 നും 3:40 നും ഇടയിലാണെന്ന് വ്യക്തമാക്കുന്നു. ഈ വലിയ സമയവ്യത്യാസം വിശദീകരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൊലപാതകം ഒരേ സമയം നേരില്‍ കണ്ടുവെന്ന് അവകാശപ്പെട്ട ദമ്പതികളുടെ മൊഴികളില്‍ സംഭവം നടന്ന ക്രമത്തെക്കുറിച്ച് കാര്യമായ വ്യത്യാസങ്ങളുണ്ടായിരുന്നു. കൂടാതെ പരാതിക്കാരന്റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് വരുത്തിയ 15 ദിവസത്തെ കാലതാമസത്തിന് തൃപ്തികരമായ കാരണവും ഉണ്ടായിരുന്നില്ല.
നാട്ടുകാര്‍ സംഭവം കണ്ടിട്ടുണ്ടെന്ന് പരാതിക്കാരന് പറഞ്ഞിട്ടും ഒരു സ്വതന്ത്ര സാക്ഷിയെപ്പോലും വിസ്തരിച്ചില്ല. പ്രതിയില്‍ നിന്ന് കണ്ടെടുത്തതായി പറയുന്ന നാടന്‍ തോക്കും രക്തം പുരണ്ട വസ്ത്രങ്ങളും കുറ്റകൃത്യത്തിന് ഉപയോഗിച്ചതാണെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ദൃക്സാക്ഷിമൊഴികളിലെ പിഴവുകള്‍ നികത്താന്‍ ഇത് മതിയാകില്ലെന്നും കോടതി വ്യക്തമാക്കി. പ്രതി എന്തിനാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയത് എന്നതിന് വിശ്വസനീയമായ ഒരു പ്രേരണയോ കാരണങ്ങളോ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. വിചാരണക്കോടതി ഈ വൈരുദ്ധ്യങ്ങള്‍ സമഗ്രമായി വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, പ്രതിക്കെതിരായ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടി ദുര്‍വേഷ് കുമാറിനെ വെറുതെവിടുകയായിരുന്നു.





