International
ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമെന്ന് ആരോപണം; യു എന്‍ പ്രതിനിധി അല്‍ബനീസിന് പ്രവേശനാനുമതി നിഷേധിച്ച് കോസ്റ്റാറിക്ക
താന്‍ അഭിമുഖീകരിക്കേണ്ടി വന്ന നടപടിയെ 'ലജ്ജാകരവും അതിഭയാനകവും' എന്ന് വിശേഷിപ്പിച്ചുകൊണ്ട് അല്‍ബനീസ് രൂക്ഷമായി വിമര്‍ശിച്ചു.
സാന്‍ ജോസ് | അധിനിവേശ ഫലസ്തീന് പ്രദേശങ്ങളിലേക്കുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഫ്രാന്‍സെസ്ക അല്‍ബനീസിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞ് കോസ്റ്റാറിക്ക. ദേശീയ സുരക്ഷ’യുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണിത്. അക്കാദമിക്, മനുഷ്യാവകാശ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി, കോസ്റ്റാറിക്ക സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുന്നതിനായാണ് അല്‍ബനീസ് കോസ്റ്റാറിക്കയിലേക്ക് യാത്ര ചെയ്തത്. ജുവാന്‍ സാന്താമാരിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അധികൃതര്‍ അവരെ തടഞ്ഞുവെക്കുകയായിരുന്നുവെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു.
താന്‍ അഭിമുഖീകരിക്കേണ്ടി വന്ന നടപടിയെ ‘ലജ്ജാകരവും അതിഭയാനകവും’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അല്‍ബനീസ് രൂക്ഷമായി വിമര്‍ശിച്ചു. പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവേയാണ് അവരുടെ പ്രതികരണം. ‘സാമ്രാജ്യത്വത്തിന്റെ യഥാര്‍ഥ മുഖം നിങ്ങള്‍ കാണുന്നത്, അവരുടെ താത്പര്യങ്ങളെ മുറിപ്പെടുത്തുമ്പോഴോ അല്ലെങ്കില്‍ അവര്‍ നിശ്ചയിച്ച അതിരുകള്‍ ലംഘിക്കുമ്പോഴോ ആണ്’ എന്ന് അവര്‍ സാമൂഹിക മാധ്യമങ്ങളില്‍ തുറന്നടിച്ചു.
‘ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ ജാഗ്രതാ നിര്‍ദേശ (international alert)ത്തിന് വിധേയയായ വ്യക്തിയായതു കൊണ്ടാണ് അല്‍ബനീസിന് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചത്’- കോസ്റ്റാറിക്കയുടെ കുടിയേറ്റ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഒമര്‍ ബദില്ല, സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ വിശദീകരിച്ചു. എന്നാല്‍ ഏതെങ്കിലും പ്രത്യേക രാജ്യമാണോ ഈ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
2022-ല്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലാണ് അല്‍ബനീസിനെ നിയമിച്ചത്. മറ്റ് സ്വതന്ത്ര വിദഗ്ധരെപ്പോലെ, അവരും ഐക്യരാഷ്ട്രസഭയെ പ്രതിനിധീകരിച്ചല്ല സംസാരിക്കുന്നത്. ഗസയിലെയും അധിനിവേശ വെസ്റ്റ് ബേങ്കിലെയും ഫലസ്തീനികള്‍ക്ക് വേണ്ടി വാദിച്ചതിനാലും, ഇസ്റാഈല്‍ വംശഹത്യയും മറ്റ് യുദ്ധക്കുറ്റങ്ങളും നടത്തിയെന്ന് ആരോപിച്ചതിനാലും, ഇസ്റാഈലില്‍ നിന്നും അമേരിക്ക ഉള്‍പ്പെടെയുള്ള അവരുടെ സഖ്യകക്ഷികളില്‍ നിന്നും കടുത്ത എതിര്‍പ്പാണ് അല്‍ബനീസ് നേരിടുന്നത്.
ഗസ വിഷയത്തില്‍ വാഷിങ്ടണിന്റെ നയത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് അല്ബനീസക്കെതിരെ യു എസ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോസ്റ്റാറിക്കന്‍ പ്രസിഡന്റ് ലോറ ഫെര്‍ണാണ്ടസ്, യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സഖ്യകക്ഷിയാണ്. മെയ് മാസത്തില്‍ അധികാരമേറ്റതു മുതല്‍ ഇസ്റാഈലുമായി കൂടുതല്‍ ശക്തമായ വ്യാപാര ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അവര്‍ ശ്രമിച്ചുവരികയുമാണ്.
തന്റെ പേര് യു എസ് ഉപരോധ പട്ടികയിലുണ്ടെന്ന് തനിക്കറിയാമെന്നും, എന്നാല്‍ കോസ്റ്റാറിക്ക തന്നെ തടഞ്ഞുവെച്ചതിന് അതൊരു ന്യായീകരണമല്ലെന്നും ‘സെമാനരിയോ യൂണിവേഴ്സിഡാഡ്’ (Semanario Universidad) എന്ന മാധ്യമത്തോട് അല്ബനീസ പറഞ്ഞു. ‘നമ്മള് ഇപ്പോള്‍ അമേരിക്കയിലല്ല, കോസ്റ്റാറിക്കയിലാണ്,’ എന്ന് പറഞ്ഞ അവര്‍ ‘കോസ്റ്റാറിക്ക ഒരു പരമാധികാര രാഷ്ട്രമല്ലേ?’ എന്ന ചോദ്യവും അവര്‍ ഉന്നയിച്ചു. 2024-ല്‍ ഇസ്റാഈല്‍ തന്നെ ‘പെര്‍സോണ നോണ്‍ ഗ്രാറ്റ’ (അനഭിലഷണീയ വ്യക്തി) ആയി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍, തനിക്ക് പ്രവേശിക്കാന്‍ കഴിയാത്ത ഒരേയൊരു രാജ്യം ഇസ്റാഈല്‍ മാത്രമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
അതിനിടെ, ഐക്യരാഷ്ട്രസഭയിലെ ഇസ്റാഈല്‍ അംബാസഡര്‍ ഡാനി ഡാനോണ്‍, കോസ്റ്റാറിക്കയുടെ നടപടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശംസിച്ചു. ‘ഐക്യരാഷ്ട്രസഭ നല്കിയ അധികാരം ദുരുപയോഗം ചെയ്ത് നീചമായ പ്രചാരണങ്ങള്‍ നടത്തുകയും, ഭീകര സംഘടനകളെ ന്യായീകരിക്കുകയും, ഹോളോകോസ്റ്റില്‍ കൊല്ലപ്പെട്ട അറുപത് ലക്ഷം ജൂതന്മാരുടെ സ്മരണയെ അവഹേളിക്കുകയും, അമേരിക്കയെയും ഇസ്റാഈലിനെയും നിരന്തരം അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍ അതിനുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതുണ്ട്,’ എന്ന് അദ്ദേഹം കുറിച്ചു.
Content Highlights: Costa Rica denied entry to UN Special Rapporteur Francesca Albanese upon her arrival in San Jose to accept an honorary doctorate, citing alleged links to terrorist acts and national security concerns. Costa Rica’s Constitutional Court issued an interim order halting her removal while seeking an official explanation. Albanese condemned the move as a disgrace, while Israeli officials welcomed the ban.



