National
വഡോദര വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാവ് പിടിയില്‍; ആയുധങ്ങള്‍ പിടിച്ചെടുത്തു
ആക്രമണം നടത്തിയ ശേഷം പാകിസ്ഥാനിലേക്ക് കടക്കാനും പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
അഹമ്മദാബാദ്| ഗുജറാത്തില്‍ ഭീകരാക്രമണത്തിനുള്ള നീക്കം തകര്‍ത്ത് ഭീകരവിരുദ്ധ സേന. പാകിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ള 22കാരനെ വഡോദരയില്‍ നിന്ന് അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ മുഹമ്മദ് സഹറുല് ഇസ്ലാമാണ് പിടിയിലായത്.
വഡോദരയിലെ വ്യോമസേനാ താവളം ലക്ഷ്യമിട്ട് ഒറ്റയാള്‍ ആക്രമണം നടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് ഗുജറാത്ത് എടിഎസ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ സുനില്‍ ജോഷി വ്യക്തമാക്കി. പാകിസ്ഥാനിലുള്ള ഭീകരസംഘടനയുടെ ഒരു കേന്ദ്രത്തില്‍ നിന്നാണ് ഇയാള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നത്. ആക്രമണം നടത്തിയ ശേഷം പാകിസ്ഥാനിലേക്ക് കടക്കാനും പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
പ്രതിയില്‍ നിന്ന് എകെ 47 തോക്കും 23 വെടിയുണ്ടകളും പണവും പിടിച്ചെടുത്തു. കഴിഞ്ഞ ഒരു വര്‍ഷമായി ജെയ്ഷെ മുഹമ്മദ് പ്രവര്‍ത്തകരുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
കഴിഞ്ഞ ആറുമാസമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഗുജറാത്ത് എടിഎസും ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. നവംബര്‍ 23ന് ലഭിച്ച നിര്‍ണായക രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഗൂഢാലോചന നടപ്പാക്കുന്നതിനായി ഇയാള്‍ ഗുജറാത്തിലേക്ക് നീങ്ങുന്നതായി വിവരം ലഭിച്ചതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. വ്യോമസേനാ താവളത്തിന്റെ ചിത്രങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായും എടിഎസ് അറിയിച്ചു.
Content Highlights: Gujarat ATS thwarted a planned lone-wolf attack on an air force base in Vadodara by arresting 22-year-old Assam native Mohammad Saharul Islam linked to Jaish-e-Mohammed. Investigators recovered an AK-47 rifle, 23 cartridges, and cash from him, and said he had been taking instructions from Pakistan. Surveillance by central intelligence and Gujarat ATS intensified after a tip-off on November 23.



