Connect with us

Kerala

ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ കാര്‍ത്തിക ദീപം തെളിയിച്ചത് പീഡനക്കേസ് പ്രതി; അന്വേഷണവുമായി ആലപ്പുഴ എസ്പി

ഗുരുതരമായ ചട്ടലംഘനം ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ പോലീസ് മേധാവി സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

Published

|

Last Updated

ആലപ്പുഴ| ജില്ലാ പോലീസ് മേധാവിയുടെ അനുമതിയില്ലാതെ ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ കാര്‍ത്തിക ആഘോഷം സംഘടിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ആലപ്പുഴ എസ്പി. സഹപ്രവര്‍ത്തകയെ കടന്നുപിടിച്ച കേസിലെ പ്രതിയായ പോലീസുകാരന്‍ ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തതും വിവാദമായിരുന്നു. ഗുരുതരമായ ചട്ടലംഘനം ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ പോലീസ് മേധാവി സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

കായംകുളം ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ സീനിയര്‍ സിപിഒയും കോണ്‍ഗ്രസ് അനുകൂല പോലീസ് സംഘടനാ നേതാവുമായ ചവറ മുകുന്ദപുരം സ്വദേശി നവാസാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതപരമായ ചടങ്ങുകളോ ദേവരൂപങ്ങളോ സ്ഥാപിക്കരുതെന്ന സുപ്രീംക്കോടതി നിര്‍ദേശം നിലനില്‍ക്കെയാണ് സ്റ്റേഷന്‍ വളപ്പില്‍ ശിവന്റെയും പാര്‍വതിയുടെയും ചിത്രങ്ങളും കട്ട്ഔട്ടുകളും സ്ഥാപിച്ച് ദീപാലങ്കാരം നടത്തിയത്. ഇതിന് ജില്ലാ പോലീസ് മേധാവി അനുമതി നല്‍കിയിരുന്നില്ല.

2022ന് ശേഷം നിര്‍ത്തിവെച്ചിരുന്ന ചടങ്ങ് ഹരിപ്പാട് സിഐയുടെ നേതൃത്വത്തില്‍ എസ്പിയുടെ നിര്‍ദേശം മറികടന്ന് വീണ്ടും നടത്തുകയായിരുന്നു. ആഘോഷത്തിന്റെ നടത്തിപ്പിനായി ഹരിപ്പാട്, വീയപുരം സ്റ്റേഷനുകളിലെ 78 പോലീസുകാരില്‍ നിന്ന് 200 രൂപ വീതം പിരിച്ചെടുത്തതായും, പൊതുജനങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തിയതായും പരാതിയുണ്ട്.

2025 നവംബര്‍ 14ന് നീണ്ടകര കോസ്റ്റല്‍ സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നതിനിടെ ഒപ്പം ജോലി ചെയ്തിരുന്ന വനിതാ പോലീസുകാരിയെ കടന്നുപിടിച്ച കേസിലെ പ്രതിയാണ് നവാസ്. സ്റ്റേഷനിലെ സിസിടിവിയില്‍ നിന്ന് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. പോലീസുകാരി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ നീണ്ടകര പോലീസ് കേസെടുക്കുകയും ഇയാള്‍ക്കെതിരെ നടപടിയുണ്ടാവുകയും ചെയ്തിരുന്നു. കേസിന്റെ കോടതി വിചാരണ തുടങ്ങാനിരിക്കെയാണ് ഭരണസ്വാധീനം ഉപയോഗിച്ച് നവാസ് സര്‍വീസില്‍ തിരിച്ചെത്തിയത്.

Content Highlights: Alappuzha SP ordered a Special Branch probe into an unauthorized Karthika celebration held at Haripad police station despite Supreme Court guidelines against religious events in government premises. Controversy deepened as a police officer accused in a colleague assault case inaugurated the event. Complaints also allege fund collection from officers and the public.

---- facebook comment plugin here -----

Latest