Eduline
ഐ ഐ ടികൾ; അക്കാദമിക് അവസരങ്ങൾ വിപുലീകരിക്കാനൊരുങ്ങുന്നു
റോബോട്ടിക്സ്, ഫിസിക്കൽ എ ഐ, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ വളർന്നുവരുന്ന മേഖലകളിൽ, ബിരുദതലം മുതൽ ഡോക്ടറൽ പ്രോഗ്രാമുകൾക്ക് 6,000 സീറ്റുകൾ കൂടി ഉൾപ്പെടുത്തും
റോബോട്ടിക്സ്, ഫിസിക്കൽ എ ഐ, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ വളർന്നുവരുന്ന മേഖലകളിൽ, ബിരുദതലം മുതൽ ഡോക്ടറൽ പ്രോഗ്രാമുകൾക്ക് 6,000 സീറ്റുകൾ കൂടി ഉൾപ്പെടുത്താൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികൾ (ഐ ഐ ടി) പദ്ധതിയിടുന്നതായി റിപോർട്ട്. കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ എൻജിനീയറിംഗ്, സിവിൽ എൻജിനീയറിംഗ് തുടങ്ങിയ പരമ്പരാഗത വിഷയങ്ങൾക്കപ്പുറത്തേക്ക് അക്കാദമിക് അവസരങ്ങൾ വിപുലീകരിക്കാനാണ് നീക്കം. ഈ സംരംഭത്തിന്റെ ഭാഗമായി “ഭൂപത് ആൻഡ് ജ്യോതി മേത്ത ഫാമിലി ഫൗണ്ടേഷൻ’ വിവിധ ഐ ഐ ടികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് റിപോർട്ടിൽ പറയുന്നു.
നിർദേശിക്കപ്പെട്ട 6,000 സീറ്റുകളിൽ 5,000 എണ്ണം റോബോട്ടിക്സിനും ഫിസിക്കൽ എ ഐക്കുമായി നീക്കിവെക്കും. ഇതിൽ 2,500 ബാച്ചിലർ ഓഫ് ടെക്നോളജി (ബി ടെക്) സീറ്റുകളും 1,200 മാസ്റ്റേഴ്സ് സീറ്റുകളും 1,300 പിഎച്ച് ഡി സീറ്റുകളും ഉൾപ്പെടുന്നു. ബാക്കിയുള്ള 1,000 സീറ്റുകൾ ബഹിരാകാശ എൻജിനീയറിംഗിനും സാങ്കേതികവിദ്യക്കുമായി മാറ്റിവെക്കും. ഇതിൽ 500 ബി ടെക് സീറ്റുകളും 300 മാസ്റ്റേഴ്സ് സീറ്റുകളും 200 പിഎച്ച് ഡി സീറ്റുകളും ഉൾപ്പെടുന്നു. ഈ സംരംഭത്തിന് 100ലധികം അധ്യാപകരുടെ പിന്തുണ ലഭിക്കുമെന്നും റിപോർട്ട് സൂചിപ്പിക്കുന്നു.
റോബോട്ടിക്സിലും ഫിസിക്കൽ എഐയിലും എന്തൊക്കെയാണ് പഠിപ്പിക്കുക?
റോബോട്ടിക്സ്, ഫിസിക്കൽ എ ഐ പ്രോഗ്രാമുകൾ ആരോഗ്യരംഗം, പ്രതിരോധം, കൃഷി, വ്യാവസായിക ഉത്പാദനം തുടങ്ങിയ മേഖലകളിലെ പ്രയോഗങ്ങളെക്കുറിച്ച് പഠിക്കും. മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതികവിദ്യകൾ എന്നിവയെ സംയോജിപ്പിക്കുന്ന ഈ കോഴ്സുകളിൽ, മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർ വിഷൻ തുടങ്ങിയ വിഷയങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമായിരിക്കും.
ഹാർഡ്വെയർ, സോഫ്റ്റ്വെയർ വികസനത്തിൽ വിദ്യാർഥികൾക്ക് നേരിട്ടുള്ള പ്രായോഗിക പരിശീലനം ലഭിക്കും. കൂടാതെ, ഫൗണ്ടേഷൻ മോഡലുകൾ, ഡിജിറ്റൽ ട്വിന്നുകൾ, ഹ്യൂമനോയിഡ് (മനുഷ്യരൂപത്തിലുള്ള) റോബോട്ടുകൾ, കാലുകളുള്ള റോബോട്ടുകൾ, സ്വാം സിസ്റ്റങ്ങൾ (കൂട്ടമായി പ്രവർത്തിക്കുന്ന റോബോട്ടിക് സംവിധാനങ്ങൾ), സോഫ്റ്റ് റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ ഗവേഷണവും നടക്കും. വിവിധ അക്കാദമിക് കേന്ദ്രങ്ങളും സ്കൂളുകളും സ്ഥാപിക്കുന്നതിനായി “ഭൂപത് ആൻഡ് ജ്യോതി മേത്ത ഫാമിലി ഫൗണ്ടേഷൻ’ 2019 മുതൽ ആറ് ഐ ഐ ടികളുമായി ചേർന്ന് പ്രവർത്തിച്ചുവരുന്നുണ്ട്.
Content Highlights: IITs plan to add 6,000 seats from undergraduate to doctoral levels in robotics, physical AI, and space technology with support from the Bhupat and Jyoti Mehta Family Foundation. Of these, 5,000 seats target robotics and physical AI, while 1,000 are earmarked for space engineering and technology. The programs will cover hardware, software, machine learning, and research in areas like humanoid robots and digital twins.






