National
വനിതാ ഐ എ എസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശമയച്ചു: വിജയ്യുടെ പാര്‍ട്ടി എം എല്‍ എ അറസ്റ്റില്‍
കള്ളക്കുറിച്ചി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എല്‍ എയെ വെള്ളിയാഴ്ച വൈകുന്നേരം വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്
ചെന്നൈ | വനിതാ ഐ എ എസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച് ലൈംഗികമായി അതിക്രമത്തിന് മുതിര്‍ന്നെന്ന കേസില്‍ നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) എം എല്‍ എ അരുള്‍ വിഘ്‌നേഷ് സി (36) അറസ്റ്റിലായി.
കള്ളക്കുറിച്ചി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എല്‍ എയെ വെള്ളിയാഴ്ച വൈകുന്നേരം വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നവംബര്‍ 23നാണ് വനിതാ ഉദ്യോഗസ്ഥ ഔദ്യോഗികമായി പരാതി നല്‍കിയത്. പരാതി നല്‍കി നാല് ദിവസത്തിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവം നടന്ന് 117 ദിവസങ്ങള്‍ക്ക് ശേഷമാണ് പരാതി നല്‍കിയതും തുടര്‍നടപടികള്‍ ഉണ്ടായതുമെന്നാണ് വിവരം.
എം എല്‍ എയ്ക്കെതിരെ തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമത്തിലെ വകുപ്പും ഭാരതീയ ന്യായ സംഹിതയിലെ (ബി എന്‍ എസ്) നാല് വകുപ്പുകളും ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോടതി നിര്‍ദ്ദേശപ്രകാരമുള്ള അന്വേഷണത്തിന് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് എന്‍ കാമിനിയാണ് മേല്‍നോട്ടം വഹിക്കുന്നത്. നവംബര്‍ 23ന് കള്ളക്കുറിച്ചി എസ് പി ഐ ഷഹനാസാണ് പരാതി സ്വീകരിച്ച് പ്രാഥമിക അന്വേഷണം നടത്തിയത്. തുടര്‍ന്ന് നവംബര്‍ 25ന് കള്ളക്കുറിച്ചി വനിതാ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഭുവനേശ്വരി എം എല്‍ എയുടെ വീട്ടിലെത്തി നേരിട്ട് സമന്‍സ് കൈമാറിയിരുന്നു. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും അറസ്റ്റിന് മുമ്പായി അരുള്‍ വിഘ്‌നേഷ് പ്രതികരിച്ചു.



