Connect with us

Ongoing News

ഇലക്ട്രോണിക്‌സ് രംഗത്ത് കുതിച്ചുചാട്ടം; പക്ഷേ, ഘടകഭാഗങ്ങള്‍ക്ക് ഇന്ത്യ ഇപ്പോഴും ചൈനയെ ആശ്രയിക്കുന്നു

രാജ്യത്തെ നിര്‍മ്മാണം പ്രധാനമായും അന്തിമ അസംബ്ലിങ്ങില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നതാണ് ഘടകഭാഗങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കാന്‍ കാരണമെന്ന് കോവന്‍ അഡൈ്വസറി ഗ്രൂപ്പും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസും സംയുക്തമായി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഫിനിഷ്ഡ് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യ വന്‍ വളര്‍ച്ച രേഖപ്പെടുത്തുമ്പോഴും, ഇതിനാവശ്യമായ അനുബന്ധ ഘടകഭാഗങ്ങള്‍ക്കായി രാജ്യം ഇപ്പോഴും ചൈനയെ വന്‍തോതില്‍ ആശ്രയിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ നിര്‍മ്മാണം പ്രധാനമായും അന്തിമ അസംബ്ലിങ്ങില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നതാണ് ഘടകഭാഗങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കാന്‍ കാരണമെന്ന് കോവന്‍ അഡൈ്വസറി ഗ്രൂപ്പും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസും സംയുക്തമായി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ മൊത്തം ഇറക്കുമതിയില്‍ 80 ശതമാനത്തിലധികം ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്ന വിഭാഗങ്ങളുടെ എണ്ണം 2018-19 സാമ്പത്തിക വര്‍ഷത്തിലെ 461ല്‍ നിന്ന് 2025-26ല്‍ 636 ആയി ഉയര്‍ന്നു. ഇലക്ട്രിക്കല്‍ മെഷിനറി, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയിലെ കൂടുതല്‍ സൂക്ഷ്മമായ തരംതിരിവില്‍, 80 ശതമാനത്തിലധികം ചൈനീസ് ആശ്രിതത്വമുള്ള ഉല്‍പ്പന്നങ്ങളുടെ എണ്ണം 44ല്‍ നിന്ന് 71 ആയി വര്‍ധിച്ചു. ഇതില്‍ 46 ഉല്‍പ്പന്ന വിഭാഗങ്ങള്‍ മുന്‍പ് 80 ശതമാനത്തിന് താഴെയായിരുന്നവയാണ്. ഇലക്ട്രോണിക് മോട്ടോറുകള്‍, ജനറേറ്ററുകള്‍, ഇന്‍സുലേറ്റഡ് കേബിളുകള്‍, സ്വിച്ചിംഗ് ഉപകരണങ്ങള്‍ എന്നിവയെല്ലാം ചൈനയില്‍ നിന്നാണ് വ്യാപകമായി ഇറക്കുമതി ചെയ്യുന്നത്.

സെമികണ്ടക്ടറുകള്‍, ബാറ്ററികള്‍, ഡിസ്‌പ്ലേകള്‍, ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള സാങ്കേതിക ഘടകങ്ങളുടെ നിര്‍മ്മാണത്തില്‍ ഇന്ത്യ ഇപ്പോഴും പിന്നിലാണെന്ന് നിതി ആയോഗിന്റെ കണ്ടെത്തലുകളും ചൂണ്ടിക്കാണിക്കുന്നു. ചൈനയുടെ പതിറ്റാണ്ടുകളായുള്ള വ്യവസായ ശൃംഖലയെ മറികടന്ന് ഇന്ത്യയില്‍ ആഭ്യന്തരമായി ഘടകഭാഗങ്ങള്‍ ഉല്‍പാദിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായി തുടരുകയാണ്.

 

Content Highlights: India is seeing strong growth in finished electronics exports, though manufacturing remains largely focused on final assembly. A joint study notes rising import reliance on China for over 80 percent of key component categories. Producing high-value parts like semiconductors and batteries domestically remains a challenge.

Latest