articles
ശാബാനുവിലെ പ്രീണനവും സോണിയയുടെ ഓർമകളും
ശാബാനു കേസിലെ വിധിയാനന്തരം രാജ്യത്ത് ശരീഅത്ത് വിവാദം കൊടുമ്പിരികൊണ്ടപ്പോള്‍ മുസ്ലിം മതമൗലികവാദികളെ തൃപ്തിപ്പെടുത്താന്‍ സുപ്രീം കോടതി വിധിയെ മറികടക്കുംവിധം കൊണ്ടുവന്നതാണ് 1986ലെ നിയമമെന്ന് സംഘ്പരിവാര്‍ അന്നും ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. ആ പ്രചാരണത്തെ മറികടക്കാന്‍ രാജീവ് ഗാന്ധിക്ക് കൈവിട്ട കളികള്‍ കളിക്കേണ്ടിവന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവായി.
“സംഭവത്തെക്കുറിച്ച് പത്രങ്ങളിലൂടെ വായിച്ചറിഞ്ഞ് അസ്വസ്ഥയായ ഞാന്‍ രാജീവിനോട് ചോദിച്ചു. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ താങ്കള്‍ ഇല്ലാതാക്കുന്നതായി പത്രങ്ങള്‍ ആരോപിക്കുന്നു. എന്താണ് സംഭവിക്കുന്നത്? എന്തിനാണ് ഇതനുവദിക്കുന്നത്? നിനക്കെന്നെ അറിയില്ലേ എന്നായിരുന്നു അതിനോടുള്ള രാജീവിന്റെ പ്രതികരണം. മുസ്ലിം വ്യക്തിനിയമത്തെ തകര്‍ക്കാതെ ശാബാനുവിനെപ്പോലുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് രാജീവ് പറഞ്ഞു’. ശരീഅത്ത് വിവാദത്തിലേക്ക് നയിച്ച ശാബാനു കേസിലെ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊണ്ടുവന്ന മുസ്ലിം വിവാഹമോചിതയുടെ അവകാശ സംരക്ഷണ നിയമത്തെക്കുറിച്ച് തന്റെ ഓര്‍മക്കുറിപ്പായ “ബിലോംഗിംഗ്: എ ജേര്‍ണി ഓഫ് ലവി’ല്‍ സോണിയാ ഗാന്ധി വിശദീകരിക്കുന്നതാണിത്. ശാബാനു കേസിലെ വിധിയാനന്തരം രാജ്യത്ത് ശരീഅത്ത് വിവാദം കൊടുമ്പിരികൊണ്ടപ്പോള്‍ മുസ്ലിം മതമൗലികവാദികളെ തൃപ്തിപ്പെടുത്താന്‍ സുപ്രീം കോടതി വിധിയെ മറികടക്കുംവിധം കൊണ്ടുവന്നതാണ് 1986ലെ നിയമമെന്ന് സംഘ്പരിവാര്‍ അന്നും ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. ആ പ്രചാരണത്തെ മറികടക്കാന്‍ രാജീവ് ഗാന്ധിക്ക് കൈവിട്ട കളികള്‍ കളിക്കേണ്ടിവന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവായി.
മുസ്ലിം മതമൗലികവാദികള്‍ക്ക് രാജീവ് ഗാന്ധി കീഴടങ്ങിയെന്ന് സംഘ്പരിവാര്‍ പ്രചാരണം നടത്തുന്നതിലേക്ക് നയിച്ച നിയമം 1986ലാണ് കൊണ്ടുവന്നതെങ്കില്‍ അതേവര്‍ഷം തന്നെ ഫൈസാബാദ് ജില്ലാ കോടതി വിധിയെ തുടര്‍ന്നാണെങ്കിലും, ബാബരി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് പ്രാര്‍ഥന നടത്താന്‍ അനുമതി ലഭിച്ചപ്പോള്‍ അതിന് കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയുണ്ടായിരുന്നു. 1989ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് ബാബരി മസ്ജിദിന് സമീപം രാമക്ഷേത്ര നിര്‍മാണത്തിന് ശിലാന്യാസം നടത്താന്‍ വി എച്ച് പിക്ക് അനുമതി നല്‍കുന്നതിലും രാജീവ് ഗാന്ധി സര്‍ക്കാറിന് എതിര്‍പ്പുണ്ടായില്ല. കോണ്‍ഗ്രസ്സിന്റെ മതനിരപേക്ഷ രാഷ്ട്രീയത്തെപ്രതി സന്ദേഹങ്ങളുയര്ന്നതും ഹിന്ദുത്വക്ക് വേരുറപ്പിക്കാനുള്ള അവസരമൊരുക്കിയെന്ന വലിയ പഴി കേള്‍പ്പിച്ചതും മാത്രമാണ് വിവാദ നടപടികളിലൂടെ രാജീവ് ഗാന്ധി പാര്‍ട്ടിക്ക് ബാക്കിവെച്ചത്. മുസ്ലിം മതമൗലികവാദികളെ പ്രീണിപ്പിക്കുകയായിരുന്നില്ല ശരീഅത്ത് വിവാദാനന്തരം രാജീവ് ഗാന്ധി ചെയ്തത്, പ്രത്യുത വ്യക്തിനിയമത്തെ ദുര്‍ബലപ്പെടുത്തുകയായിരുന്നു.
ശാബാനുവില് സംഭവിച്ചത്
മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ ശാബാനു ബീഗത്തെ നാല് പതിറ്റാണ്ടിലേറെ തുടര്‍ന്ന വിവാഹജീവിതത്തിനൊടുവില്‍ മുഹമ്മദ് അഹ്്മദ് ഖാന് മൊഴിചൊല്ലി. ധാരണപ്രകാരം പ്രതിമാസം 200 രൂപ അദ്ദേഹം ശാബാനുവിന് ചെലവിന് നല്കി വന്നെങ്കിലും ഇടക്കുവെച്ച് അത് നിര്‍ത്തി. അതോടെ അവര്‍ കോടതിയെ സമീപിച്ചു. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 125ാം വകുപ്പനുസരിച്ച് തനിക്കും മക്കള്‍ക്കും മുന്‍ ഭര്‍ത്താവ് അഹ്്മദ് ഖാന് 500 രൂപ ജീവനാംശം നല്‍കണമെന്നതായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ മൊഴിചൊല്ലിയ സ്ഥിതിക്ക് മുന്‍ഭാര്യക്ക് ചെലവിന് നല്‍കേണ്ട ബാധ്യത തനിക്കില്ലെന്ന് അഹ്്മദ് ഖാന് വാദിച്ചു. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 125ാം വകുപ്പ് പ്രകാരം ചെലവിന് നല്കാന് അഹ്്മദ് ഖാന് ബാധ്യസ്ഥനാണെന്ന് വിചാരണാ കോടതിയും മധ്യപ്രദേശ് ഹൈക്കോടതിയും നിലപാടെടുത്തു. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചു അഹ്്മദ് ഖാന്. ഹരജി കേട്ട ചീഫ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ച് ഹൈക്കോടതി വിധി ശരിവെക്കുകയായിരുന്നു. ശാബാനു ബീഗത്തിന് പുനര്‍വിവാഹം വരെ ജീവനാംശം നല്കാന് അഹ്്മദ് ഖാന് ബാധ്യസ്ഥനാണെന്ന സുപ്രീം കോടതി വിധി മുസ്ലിം വ്യക്തിനിയമത്തിന് നിരക്കാത്തതായിരുന്നു.
വിധിയാനന്തര വിവാദങ്ങള്‍
മുസ്ലിം വ്യക്തിനിയമത്തില്‍ കോടതി ഇടപെടുന്നതില്‍ രാജ്യത്താകെ പ്രതിഷേധമുയര്‍ന്നു. അപ്പോഴാണ് മുസ്ലിം വിവാഹമോചിതയുടെ അവകാശ സംരക്ഷണ നിയമവുമായി രാജീവ് ഗാന്ധി സര്‍ക്കാര്‍ രംഗത്തുവന്നത്. മുസ്ലിം മതമൗലികവാദികള്‍ക്കൊപ്പം ചേര്‍ന്ന് സുപ്രീം കോടതി വിധിയെ നിയമനിര്‍മാണത്തിലൂടെ മറികടക്കുകയാണ് രാജീവ് ഗാന്ധിയെന്ന് സംഘ്പരിവാര്‍ പ്രചരിപ്പിച്ചു. രാജ്യത്ത് വലിയ വര്‍ഗീയ ധ്രുവീകരണത്തിന് കളമൊരുങ്ങി. എന്നാല്‍ ജീവനാംശത്തിന്റെ കാര്യത്തില്‍ മതേതര നിയമമായ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 125ാം വകുപ്പിനേക്കാള്‍ മുസ്ലിം വ്യക്തിനിയമത്തിന് പോറലേല്‍പ്പിക്കുന്നതാണ് രാജീവ് ഗാന്ധി സര്‍ക്കാറിന്റെ ആക്ടെന്ന സത്യം കുഴിച്ചുമൂടപ്പെടുകയായിരുന്നു.
മുസ്്ലിം വിവാഹമോചിതയുടെ അവകാശ സംരക്ഷണ നിയമത്തിലെ 3(1)(എ) വകുപ്പില്‍ “within the Iddat period’ എന്ന വാചകത്തിന് ഇദ്ദ കാലത്തേക്കുള്ള ജീവനാംശം നല്‍കണം എന്ന അര്‍ഥമല്ല മിക്കവാറും കോടതി വിധികള്‍ നല്‍കിയത്. പ്രത്യുത, പുനര്‍വിവാഹം വരെയോ ജീവിതാന്ത്യം വരെയോ ഉള്ള ജീവനാംശവും വിഭവങ്ങളും ഇദ്ദ കാലയളവില്‍ നല്‍കണമെന്ന വ്യാഖ്യാനങ്ങളാണ് ഉണ്ടായത്. 1995ലെ കുഞ്ഞഹമ്മദ് ഹാജി കേസില്‍ ഉള്‍പ്പെടെ എത്രയോ നിയമ വ്യവഹാരങ്ങളില്‍ വിവാഹമോചിതക്ക് പുനര്‍വിവാഹം വരെ ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന് കോടതികള്‍ വിധിതീര്‍പ്പ് നടത്തിയിട്ടുണ്ട്. അതിപ്പോള്‍ മജിസ്ട്രേറ്റുമാര്‍ തങ്ങളുടെ വിവേചനാധികാരം ഉപയോഗപ്പെടുത്തുക വഴി സാമാന്യയുക്തിക്ക് നിരക്കാത്ത വിധിന്യായങ്ങളിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇദ്ദക്കാലയളവിലേക്കുള്ള ജീവനാംശം എന്നതില്‍ നിന്ന് പ്രസ്തുത കാലയളവിനെ ജീവിതാന്ത്യം വരെ മുന്‍ഭാര്യയെ തീറ്റിപ്പോറ്റുന്നതിനുള്ള എല്ലാ വിഭവങ്ങളും കൊടുത്തു തീര്‍ക്കാനുള്ള കാലപരിധിയാക്കിയതില് മതവും യുക്തിയും മാത്രമല്ല പ്രീണനാരോപണവും തോറ്റുപോകുകയാണ്.
Content Highlights: Drawing on Sonia Gandhi’s memoir, the article revisits the aftermath of the Shah Bano Supreme Court verdict and Rajiv Gandhi’s 1986 legislation amid appeasement accusations and shifts around Babri Masjid. It argues the law weakened Muslim personal law rather than appeasing hardliners as courts interpreted maintenance within the iddat period as extending until remarriage or life. The piece contends that subsequent judicial interpretations have strained both personal law principles and political narratives.




