Articles
ഏകസിവില്‍ കോഡും ഹിന്ദുത്വ ഭയവും
രാജ്യം മുറുകെ പിടിച്ചുപോരുന്ന നാനാത്വത്തില്‍ ഏകത്വം എന്ന മഹിതാശയത്തെ വെട്ടിമുറിക്കാനും ഉദ്്ഗ്രഥനത്തിന് പകരം ഛിദ്രത വളര്‍ത്താനും മാത്രമേ ഏകസിവില്‍ കോഡ് സഹായകമാകൂ എന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാണ്. മുസ്ലിംകള്‍ക്കിടയിലെ ബഹുഭാര്യത്വ സമ്പ്രദായമാണ് ജനപ്പെരുപ്പത്തിന് വഴിവെക്കുന്നത് എന്ന് ഹിന്ദുത്വ ശക്തികള്‍ വ്യാപകമായി പ്രചാരണം നടത്തുന്നു.
ഏകസിവില്‍ കോഡിന് വേണ്ടിയുള്ള മുറവിളിയാല്‍ മുഖരിതമാണ് രാജ്യമിന്ന്. വൈവിധ്യങ്ങളുടെ മഹാകലവറയായ നമ്മുടെ രാജ്യം മുറുകെ പിടിച്ചുപോരുന്ന നാനാത്വത്തില്‍ ഏകത്വം എന്ന മഹിതാശയത്തെ വെട്ടിമുറിക്കാനും ഉത്ഗ്രഥനത്തിന് പകരം ഛിദ്രത വളര്‍ത്താനും മാത്രമേ ഏകസിവില്‍ കോഡ് സഹായകമാകൂ എന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാണ്. എങ്കിലും തീവ്ര ഹിന്ദുത്വ വക്താക്കളെ സംബന്ധിച്ചിടത്തോളം തങ്ങള്‍ ശത്രുപട്ടികയില്‍ അവരോധിച്ച മുസ്ലിംകള്‍ ബഹുഭാര്യത്വത്തിലൂടെ പെറ്റുപെരുകി, ഹിന്ദുഭൂരിപക്ഷത്തെ മറികടക്കുമെന്ന ആശങ്കയാണ് ഏകസിവില്‍ കോഡിനു വേണ്ടി സമരസജ്ജമായി രംഗത്തിറങ്ങാന്‍ പ്രേരകം. ഇക്കാര്യം ഗ്രന്ഥകാരനും കോളമിസ്റ്റുമായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ‘ഏഷ്യന്‍ എഡ്ജി’ല്‍ എഴുതിയതിങ്ങനെ. ‘ബഹുഭാര്യത്വം വഴി മുസ്ലിംകള്‍ ഹിന്ദുക്കളേക്കാള്‍ പെറ്റുകൂട്ടി വൈകാതെ ഭൂരിപക്ഷമായിത്തീരുമെന്നാണ് ഹിന്ദുത്വരുടെ ധാരണ. എന്നാല്‍ സ്ഥിതിവിവരക്കണക്ക് പ്രകാരം ബഹുഭാര്യത്വം ഹിന്ദുക്കളിലാണ് മുസ്ലിംകളുടേതിനേക്കാള്‍ കൂടുതല്‍.’
‘മുസ്ലിം ജനസംഖ്യാ ജിഹാദ്’ ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷത്തെ വിഴുങ്ങും എന്ന മുറവിളിയാണ് തീവ്ര ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. മുസ്ലിം ജനസംഖ്യാ വിസ്ഫോടനത്തിന്റെ പ്രഹരശേഷി കുറഞ്ഞിട്ടില്ലെന്നും ഈ പോക്കുതുടര്‍ന്നാല്‍ ഇന്ത്യ താമസിയാതെ ഒരു ഇസ്ലാമിക രാഷ്ട്രമാകുമെന്നും അവര്‍ പ്രചരിപ്പിക്കുന്നു. വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ വാക്കുകളിങ്ങനെ: ‘സ്വാതന്ത്ര്യലബ്ധിക്കു ശേഷം ആദ്യമായി ഇന്ത്യയില്‍ ഹിന്ദു ജനസംഖ്യ 80 ശതമാനത്തില്‍ താഴെയായി. ഇത് ഒരപകട സൂചനയാണ്. ഒട്ടകത്തിന് സ്ഥലം കൊടുത്ത അറബിയുടെ അവസ്ഥയായിരിക്കും ഇനി ഹിന്ദുവിന് വന്നുചേരുക. ജനിച്ച നാട്ടില്‍ അവന്‍ ഒരഭയാര്‍ഥിയാകും. രാമനും കൃഷ്ണനും പിറന്ന ഈ പുണ്യഭൂമി നാളെ ഇസ്ലാമിക രാഷ്ട്രമാകും. ഇന്തോനേഷ്യയിലും ഇറാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും ഉഗാണ്ടയിലും അടുത്ത കാലത്ത് കശ്മീരിലും സംഭവിച്ചത് ഇന്ത്യയിലും ആവര്‍ത്തിക്കും. അവിടെയൊന്നും ഹിന്ദുക്കള്‍ ആവിയായി വായുവില്‍ ലയിച്ചതല്ല.’
ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ചെയ്ത പ്രസംഗത്തില്‍ ബി ജെ പി. എം പി സാക്ഷി മഹാരാജ് പറഞ്ഞു: ‘നാല് ഭാര്യമാരും 40 മക്കളും എന്ന ആശയം ഇന്ത്യയില്‍ ഇനി അനുവദിക്കാനാകില്ല. ഓരോ ഹിന്ദുസ്ത്രീയും കുറഞ്ഞത് നാല് മക്കള്‍ക്കെങ്കിലും ജന്മം നല്‍കി രാജ്യത്തെയും മതത്തെയും രക്ഷിക്കണം.’ കുട്ടികളുടെ എണ്ണം അഞ്ചാക്കി ഉയര്‍ത്തണം എന്ന് സാധ്വി പ്രാചി പറഞ്ഞപ്പോള്‍ മറ്റൊരു സാധ്വി സരസ്വതി ‘ഓരോ ഹിന്ദു സ്ത്രീയും കുറഞ്ഞത് പത്ത് കുട്ടികളെയെങ്കിലും ഗര്‍ഭം ധരിക്കണമെന്ന്’ ആഹ്വാനം ചെയ്യുകയായിരുന്നു. ഈ പ്രസ്താവനകള്‍ക്ക് ബദരീനാഥിലെ ശങ്കരാചാര്യരും അശോക് സിംഗാളും പിന്തുണ നല്‍കി. ശിവസേന മുഖപത്രമായ ‘സാമ്ന’ മതനിരപേക്ഷ വഴികളിലൂടെ മുന്നോട്ടുപോയ ഭാരതം ഇനി തിരിഞ്ഞുനടന്ന് പഴയ മുഗള്‍ ഭരണകാലത്തെത്തും എന്നെഴുതി. രണ്ടിലധികം കുട്ടികളുള്ള മുസ്ലിം ദമ്പതികളെ ദേശീയ കുറ്റവാളികളായി പ്രഖ്യാപിക്കണം എന്നായിരുന്നു വി എച്ച് പിയുടെ പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടതെങ്കില്‍, ബി ജെ പി. എം പി മഹര്‍ഷി മഹേഷയോഗി, ഇന്ത്യയില്‍ യൂനിഫോം സിവില്‍ കോഡ് നടപ്പാക്കണമെന്നും മുസ്ലിംകളുടെ ന്യൂനപക്ഷ പദവി എടുത്തുകളയണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. ശിവസേന നേതാവ് സജ്ഞയ് റാവത്ത് മുസ്ലിംകള്‍ക്ക് വോട്ടവകാശം നിഷേധിക്കണം എന്ന അഭിപ്രായമാണ് മുന്നോട്ടുവെച്ചത്.
ബോധപൂര്‍വം ആസൂത്രണം ചെയ്ത ദുഷ്പ്രചാരണ തന്ത്രങ്ങളിലൂടെ ഇസ്ലാമോഫോബിയ രാജ്യത്തെ മൊത്തം ഹിന്ദുമനസ്സുകളിലേക്ക് ആവാഹിക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നാണ് അവരുടെ വിദ്വേഷ പ്രചാരണ പരിപാടികള്‍ നല്‍കുന്ന സൂചനകള്‍. മാട്ടിറച്ചി പ്രശ്നം മുതല്‍ ജനസംഖ്യാ വര്‍ധനവിന്റെ പെരുപ്പിച്ച കണക്കുകള്‍ വരെ അവര്‍ ആയുധമാക്കുകയാണ്. ഇന്ത്യയിലെ ജനസംഖ്യാ ശാസ്ത്രത്തിന്റെ കാവിവത്കരണത്തിന് സുദീര്‍ഘ ചരിത്രമുണ്ട്. 1909ല്‍ വലതുപക്ഷ ഹിന്ദു സൈദ്ധാന്തികന്‍ യു എന്‍ മുഖര്‍ജി ‘ഹിന്ദുക്കള്‍ മരിച്ചുകൊണ്ടിരിക്കുന്ന വര്‍ഗം’ എന്ന പേരില്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയില്‍ മുസ്ലിംകള്‍ അതിരുകളില്ലാതെ പെരുകിക്കൊണ്ടിരിക്കുകയാണെന്നും ഈ പ്രവണത തുടര്‍ന്നാല്‍ അര നൂറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ നാമാവശേഷമാകുമെന്നും അദ്ദേഹം പ്രവചിച്ചു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍ എസ് എസ് വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ജനസംഖ്യാ പ്രവചനമാതൃക മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കാന്‍ ശാസ്ത്രീയ സങ്കേതങ്ങളെ സംഘ്പരിവാര്‍ എങ്ങനെ ദുരുപയോഗപ്പെടുത്തുന്നുവെന്നതിന്റെ പ്രകടമായ ദൃഷ്ടാന്തമാണ്. 2035ല്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്നും മുസ്ലിംകള്‍ ജനസംഖ്യയുടെ 48.2 ശതമാനവും ക്രിസ്ത്യാനികള്‍ 4.9 ശതമാനവും പങ്കിട്ടെടുക്കുമെന്നുമായിരുന്നു പ്രവചനം. തുടര്‍ന്ന് 2050ല്‍ മുസ്ലിം ജനസംഖ്യ 189.62 കോടിയിലേക്ക് കുതിച്ചുയരുമെന്നും അതോടെ ഇന്ത്യ ഒരു ഇസ്ലാമിക രാഷ്ട്രമായി മാറുമെന്നും ഇന്ത്യയിലെ ഹൈന്ദവാഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴുമെന്നും പ്രവചിക്കപ്പെട്ടു.
ഇന്ത്യയിലെ മുസ്ലിം ജനസംഖ്യക്ക് ഒരു കാലത്തും ഹിന്ദുജനസംഖ്യയെ മറികടക്കാനാകില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഗവേഷണകേന്ദ്രം 2015 ഏപ്രില്‍ രണ്ടിന് പ്രസിദ്ധപ്പെടുത്തിയ റിപോര്‍ട്ടില്‍ പറയുന്നത്, 2050ല്‍ ഇന്ത്യയിലെ ഹിന്ദുജനസംഖ്യ 130 കോടിയിലേക്ക് ഉയരുമെന്നാണ്. 2011ലെ ജനസംഖ്യാ കണക്കനുസരിച്ച് കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ മുസ്ലിം ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ സംഭവിച്ച കുറവ് ഏകദേശം അഞ്ച് ശതമാനമാണ്. അതേസമയം ഹിന്ദുജനസംഖ്യാ വളര്‍ച്ചാനിരക്കില്‍ പ്രസ്തുത കാലയളവില്‍ സംഭവിച്ച കുറവ് മൂന്ന് ശതമാനം മാത്രം.
മുസ്ലിംകള്‍ക്കിടയിലെ ബഹുഭാര്യത്വ സമ്പ്രദായമാണ് ജനപ്പെരുപ്പത്തിന് വഴിവെക്കുന്നത് എന്ന് ഹിന്ദുത്വ ശക്തികള്‍ വ്യാപകമായി പ്രചാരണം നടത്തുന്നു. എന്നാല്‍ 1931ന് ശേഷം ഇന്ത്യയില്‍ നടന്ന ഒന്നൊഴികെ മറ്റെല്ലാ സര്‍വേകളിലും ബഹുഭാര്യത്വ നിരക്കില്‍ മുസ്ലിംകളെ പിന്നിലാക്കാന്‍ ഹിന്ദു പുരുഷന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 1961ല്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ 987 ഗ്രാമങ്ങളിലെ 90,000 ദമ്പതികളെ അഭിമുഖം നടത്തി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബഹുഭാര്യത്വ നിരക്ക് മുസ്ലിംകളില്‍ 4.31 ശതമാനവും ഹിന്ദുക്കളില്‍ 5.01 ശതമാനവും ആണെന്ന് നിരീക്ഷിക്കുകയുണ്ടായി.
‘സ്ഥിതിവിവരക്കണക്ക് പ്രകാരം ബഹുഭാര്യത്വം ഹിന്ദുക്കളിലാണ് മുസ്ലിംകളുടേതിനേക്കാള്‍ കൂടുതല്‍’ എന്നാണ് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആകാര്‍ പട്ടേല്‍ ‘ഏഷ്യന്‍ എയ്ജി’ല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്,
‘കേരളത്തിലെ മുസ്ലിംകളില്‍ ബഹുഭൂരിപക്ഷവും ഇന്ന് ഏകഭാര്യക്കാരാണ്. ഒരേ സമയത്ത് ഒന്നിലധികം ഭാര്യമാര്‍ ഉള്ള മുസ്ലിംകള്‍ വളരെ അപൂര്‍വമാണ്. കേരളത്തിലെ മുസ്ലിംകളിലെ വിവാഹമോചനത്തെക്കുറിച്ചും പുനര്‍വിവാഹത്തെക്കുറിച്ചും നടത്തിയ ഒരു പഠനം ഇത് വ്യക്തമാക്കുന്നു.’ (ദി ഹിന്ദു, ജൂണ്‍ 11, 2001).




