Connect with us

Eduline

പ്ലസ് ടുകാരേ... പറക്കാം

പ്രവേശനം നേടുമ്പോൾ, കുറഞ്ഞത് 17 വയസ്സ് പ്രായം വേണം. ഉയർന്ന പ്രായപരിധി 2026 ജനുവരി ഒന്നിന് 28 വയസ്സ്. ഒ ബി സി ക്കാർക്ക് 31ഉം പട്ടികവിഭാഗക്കാർക്ക് 33ഉം വയസ്സ്.

Published

|

Last Updated

പ്ലസ് ടു സയൻസ് പഠിച്ചവർക്ക് യാത്രാ, ചരക്കുവിമാനങ്ങൾ പറപ്പിക്കാൻ ആവശ്യമായ, കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (സി പി എൽ) കോഴ്‌സിൽ ചേരാം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ഉത്തർപ്രദേശ്, അമേഠി, ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി (ഐ ജി ആർ യുഎ) ആണ് പ്രോഗ്രാം നടത്തുന്നത്. ഏകദേശം 36 മാസമാണ് പ്രോഗ്രാം വിദ്യാർഥിയുടെ അക്കാദമിക്‌സ്, ഫ്ലൈയിംഗ് പുരോഗതിക്കനുസരിച്ച് കോഴ്‌സ് ദൈർഘ്യത്തിൽ മാറ്റമുണ്ടാകും.

കോഴ്‌സ് ഫീസ്

എല്ലാ വിഭാഗക്കാർക്കും 55 ലക്ഷം രൂപയാണ് ഫീസ്. സാമ്പത്തിക സഹായം സംബന്ധിച്ച വിവരങ്ങൾ https://igrua.gov.in/financial-assistance ലിങ്കിൽ ലഭ്യമാണ്.

ടൈപ്പ് ട്രെയിനിംഗും ഓപ്റ്റ് ചെയ്യുന്നവർ എയർക്രാഫ്റ്റിനനുസരിച്ച് 17 ലക്ഷം/ 19 ലക്ഷം രൂപ കൂടി നൽകണം. മെസ്സിംഗ്/ഹോസ്റ്റൽ ചെലവ് പ്രതിമാസം 15,000 രൂപ.

യോഗ്യത

ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ പഠിച്ച് ജയിച്ച്, ഓരോ വിഷയത്തിനും 50 ശതമാനം മാർക്ക് വാങ്ങി പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം (പട്ടിക/ മറ്റു പിന്നാക്ക/ സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് 45 ശതമാനം വീതം). പ്രവേശനം നേടുമ്പോൾ, കുറഞ്ഞത് 17 വയസ്സ് പ്രായം വേണം. ഉയർന്ന പ്രായപരിധി 2026 ജനുവരി ഒന്നിന് 28 വയസ്സ്. ഒ ബി സി ക്കാർക്ക് 31ഉം പട്ടികവിഭാഗക്കാർക്ക് 33ഉം വയസ്സ്. അപേക്ഷകർ അവിവാഹിതരായിരിക്കണം.

തിരഞ്ഞെടുപ്പ്

ഓൺലൈൻ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, വൈവ/ ഇന്റർവ്യൂ, പൈലറ്റ് അഭിരുചി പരീക്ഷ/ സൈക്കോമെട്രിക് ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. മേയ് മൂന്നിന് നടത്തുന്ന പരീക്ഷക്ക് തിരുവനന്തപുരം, ചെന്നൈ, മാണ്ഡ്യ, ഹൈദരാബാദ് തുടങ്ങിയവ പരീക്ഷാ കേന്ദ്രങ്ങളാണ്. അപേക്ഷ നൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് മൂന്ന് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.

ജനറൽ ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, റീസണിംഗ് ആൻഡ് കറന്റ് അഫയേഴ്‌സ് എന്നീ വിഷയങ്ങളിൽ നിന്നുള്ള, പ്ലസ് ടു നിലവാരമുള്ള ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും. തെറ്റ് ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഇല്ല. പരീക്ഷയിലെ മാർക്കിന് കട്ട് ഓഫ് നിശ്ചയിച്ച്, ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് (ജനറൽ വിഭാഗത്തിൽ അവസാനമായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന കാൻഡിഡേറ്റിന്റെ കട്ട് ഓഫ് മാർക്കിനെക്കാൾ അഞ്ച് ശതമാനം കുറവായിരിക്കും സംവരണ വിഭാഗക്കാർക്ക് നിശ്ചയിക്കുന്ന കട്ട് ഓഫ്), വൈവ/ ഇന്റർവ്യൂ/ പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്/ സൈക്കോമെട്രിക് ടെസ്റ്റ് എന്നിവ ഉണ്ടാകും. ജൂൺ ഒന്നിന് ഇവ ആരംഭിക്കും.

സീറ്റുകൾ

പ്രവേശനം ആകെ 125 സീറ്റ് (ജനറൽ-49, എസ് സി-19, എസ് ടി- പത്ത്, ഒ ബി സി-34, ഇ ഡബ്ല്യു എസ് -13).
തിരഞ്ഞെടുക്കപ്പെടുന്നവരെ അടുത്ത ജൂലൈ, 2027 ജനുവരി മാസങ്ങളിൽ രണ്ട് ബാച്ചുകളിലായി കോഴ്‌സിൽ പ്രവേശിപ്പിക്കും. മെഡിക്കൽ ഫിറ്റ്‌നസിന് വിധേയമാണ് പ്രവേശനം. ഡി ജി സി എ. അംഗീകൃത ഡോക്ടറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

അപേക്ഷ

വിശദമായ വിജ്ഞാപനം http://igrua.gov.in/ൽ ലഭിക്കും. ഏപ്രിൽ 13ന് രാത്രി 11.55 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 15,000 രുപ. പട്ടിക വിഭാഗക്കാരെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തുക ഓൺലൈനായി അടക്കാം. യോഗ്യതാ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

കോഴ്‌സിനൊപ്പം രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂനിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന മൂന്ന് വർഷത്തെ ബി എസ് സി (ഏവിയേഷൻ) കോഴ്‌സിലേക്കും അപേക്ഷിക്കാം. 120 സീറ്റുകളാണുള്ളത്.