Connect with us

Eduline

കേന്ദ്ര സായുധ പോലീസ് സേനകളിൽ ചേരാം

ബിരുദധാരികൾക്കും വനിതകൾക്കും അപേക്ഷിക്കാം.

Published

|

Last Updated

കേന്ദ്ര സായുധ പോലീസ് സേനകളിലെ അസ്സിസ്റ്റന്റ് കമാൻഡന്റ് തിരഞ്ഞെടുപ്പിന് യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു പി എസ് സി) അപേക്ഷ ക്ഷണിച്ചു. എല്ലാ സേനകളിലുമായി 349 ഒഴിവുണ്ട്. ബിരുദധാരികൾക്കും വനിതകൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുപ്പിനായുള്ള എഴുത്തുപരീക്ഷ ജൂലൈ 19ന് നടക്കും. കേരളത്തിൽ രണ്ട് പരീക്ഷാകേന്ദ്രങ്ങളുണ്ടാകും.

സേനകളും ഒഴിവും

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സസ് (ബി എസ് എഫ്)-108, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സി ആർ പി എഫ്)-106, ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ്- 12, സശസ്ത്ര സീമാബൽ- 53, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി ഐ എസ് എഫ്)- 70.

വിദ്യാഭ്യാസ യോഗ്യത, ശാരീരിക യോഗ്യത

ബിരുദം/തത്തുല്യം. പ്രായം 20-25 വയസ്സ്. അപേക്ഷകർ 2001 ആഗസ്റ്റ് രണ്ടിന് മുന്പോ 2006 ആഗസ്റ്റ് ഒന്നിന് ശേഷമോ ജനിച്ചവരാകാൻ പാടില്ല. പുരുഷന്മാർക്ക് 165 സെ. മീറ്റർ ഉയരവും 50 കിലോഗ്രാം ശരീര ഭാരവും 81 സെ. മീ നെഞ്ചളവും (വികാസം: അഞ്ച് സെ. മീ) വേണം. വനിതകൾക്ക് 157 സെ. മീറ്റർ ഉയരവും 46 കിലോഗ്രാം ശരീരഭാരവും ഉണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ്, എഴുത്ത്- കായികക്ഷമതാ പരീക്ഷകൾ

എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവ നടത്തിയാകും തിരഞ്ഞെടുക്കുക. എഴുത്തുപരീക്ഷക്ക് രണ്ട് പേപ്പറുകളുണ്ടാകും. ഒന്നാംപേപ്പർ രാവിലെ പത്ത് മുതൽ ഉച്ചക്ക് 12 വരെയായിരിക്കും. ഒബ്ജക്ടീവ് മാതൃകയിൽ 250 മാർക്കിനായിരിക്കും പരീക്ഷ. തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടാകും. ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യങ്ങൾ ലഭിക്കും. ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെ നടക്കുന്ന രണ്ടാം പേപ്പർ 200 മാർക്കിനായിരിക്കും. രാജ്യത്താകെ 57 കേന്ദ്രങ്ങളിലായാണ് എഴുത്തുപരീക്ഷ നടക്കുക. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ടാകും.

അപേക്ഷ

https://upsconline.nic.in മുഖേന ഓൺലൈനായി അപേക്ഷിക്കണം. ഇതോടൊപ്പം പാസ്സ്പോർട്ട് സൈസ് ഫോട്ടോയും ലൈവ് ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം. വിവരങ്ങൾക്ക് https://upsconline.nic.in, https://ups.gov in സന്ദർശിക്കുക. അവസാന തീയതി മാർച്ച് 12ന് വൈകിട്ട് ആറ് വരെ.