Connect with us

Kerala

വര്‍ഗീയതക്ക് തിരികൊളുത്തുന്നത് മുഖ്യമന്ത്രി: വി ഡി സതീശന്‍

പിണറായി അധികാരത്തില്‍ നിന്നും പുറത്തേക്ക് പോകുമ്പോള്‍ സാധാരണ ജനങ്ങളുടെ തലയില്‍ ആറുലക്ഷം കോടി രൂപയുടെ കടബാധ്യത കെട്ടിവച്ചിട്ടാണ് പോകുന്നത്.

Published

|

Last Updated

പുതുയുഗയാത്രക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസംഗിക്കുന്നു.

പത്തനംതിട്ട | കേരളത്തില്‍ ഇപ്പോള്‍ വര്‍ഗീയതക്ക് തിരികൊളുത്തിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യു ഡി എഫിന്റെ മതേതര നിലപാടിനെ കേരളീയ സമൂഹം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുയുഗയാത്രക്ക് വിവിധ ഇടങ്ങളില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

കടത്തിന്റെ കാണാക്കയങ്ങളിലേക്ക് കേരളത്തെ ചവിട്ടി താഴ്ത്തിയിട്ടാണ് ഇടതുസര്‍ക്കാര്‍ പടിയിറങ്ങുന്നത്. പിണറായി അധികാരത്തില്‍ നിന്നും പുറത്തേക്ക് പോകുമ്പോള്‍ സാധാരണ ജനങ്ങളുടെ തലയില്‍ ആറുലക്ഷം കോടി രൂപയുടെ കടബാധ്യത കെട്ടിവച്ചിട്ടാണ് പോകുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള ഒന്നാമത്തെ സംസ്ഥാനമായി കേരളത്തെ ഇടതു സര്‍ക്കാര്‍ മാറ്റിയിരിക്കുന്നു. വിലക്കയറ്റം തടയാന്‍ മാര്‍ക്കറ്റില്‍ ഇടപെടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. മാര്‍ക്കറ്റില്‍ ഇടപെടേണ്ട സിവില്‍ സപ്ലൈസ് കോര്‍പറേഷന് സര്‍ക്കാര്‍ കൊടുക്കാനുള്ളത് കോടികളാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചെന്നാല്‍ മരുന്നില്ലാത്ത അവസ്ഥയാണ്. മരുന്ന് വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കൊടുക്കാനുള്ളത് കോടികളാണ്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡിനെ ലാഭത്തിലാക്കി. യു ഡി എഫ് സര്‍ക്കാര്‍ ലാഭത്തിലാക്കിയ വൈദ്യുതി ബോര്‍ഡിന്റെ കടം ഇപ്പോള്‍ 50,000 കോടിയാണ്. സഹകരണ ബേങ്കുകള്‍ പ്രതി സന്ധിയിലാണ്. എല്ലാ രംഗവും തകര്‍ന്ന് തരിപ്പണമായെന്നും ഖജനാവില്‍ പൂച്ച പെറ്റുകിടക്കുകയാണെന്നും വി ഡി സതീശന്‍ പരിഹസിച്ചു. യു ഡി എഫ് പ്രതിപക്ഷം മാത്രമല്ല, അധികാരത്തിലേക്ക് വരേണ്ട മുന്നണിയാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞ സമ്പദ് വ്യവസ്ഥ യു ഡി എഫ് സര്‍ക്കാര്‍ കൈപിടിച്ചുയര്‍ത്തും. മികച്ച ധനകാര്യ മാനേജ്‌മെന്റ്, നീതിപൂര്‍വമായ നികുതി ഭരണം, ഖജനാവിന്റെ ചോര്‍ച്ച അടയ്ക്കാനുള്ള കാര്‍ക്കശ്യമായ ഇടപെടലുകളിലൂടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് ഖജനാവ് നിറയ്ക്കും. അതാണ് യു ഡി എഫ് സര്‍ക്കാര്‍ വരുമ്പോള്‍ ആദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് കള്ളം പറയുന്ന വീണാ ജോര്‍ജിന് അഭിനയത്തിനുള്ള ഓസ്‌കാര്‍ അവാര്‍ഡിന് ശിപാര്‍ശ ചെയ്യും. മുദ്രാവാക്യം വിളി കേട്ട് പിടലി ഉളുക്കിയെന്നത് ആദ്യമായി കേള്‍ക്കുകയാണ്. കെ എസ് യുക്കാര്‍ വന്ന് മന്ത്രിയുടെ പിടലി പിടിച്ച് തിരിച്ചുവെന്ന് പച്ചക്കള്ളം പറഞ്ഞ് കേരളത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്ത എം വി ഗോവിന്ദന്റെ പേരില്‍ കേസെടുക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി, എം പിമാരായ ആന്റോ ആന്റണി, ബെന്നി ബെഹ്‌നാന്‍, ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, കെ പി സി സി രാഷ്ട്രീയകാര്യ സമിതിയംഗങ്ങളായ പന്തളം സുധാകരന്‍, ഷാനിമോള്‍ ഉസ്മാന്‍, ജനറല്‍ സെക്രട്ടറി പഴകുളം മധു, മുസ്‌ലിം ലീഗ് നേതാവ് ഷിബു മീരാന്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിച്ചു. രാവിലെ അടൂരില്‍ ‘സംവദിക്കാം പുതുയുഗത്തിനായി’ എന്ന പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ആശയങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്ന് ചെങ്ങന്നൂര്‍, തിരുവല്ല, പത്തനംതിട്ട, കോന്നി, റാന്നി എന്നിവിടങ്ങളിലും സ്വീകരണ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു.

 

---- facebook comment plugin here -----

Latest