Connect with us

India @ 2025

കുതിച്ചും കിതച്ചും രാജ്യം

ആഭ്യന്തരമായി വന്‍ മാറ്റങ്ങള്‍ക്കും വിലാപങ്ങള്‍ക്കും രാജ്യം സാക്ഷ്യംവഹിച്ചു. വന്‍കിട ബഹിരാകാശ ദൗത്യങ്ങളിലൂടെയും കായിക നേട്ടങ്ങളിലൂടെയും ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്ന ഇന്ത്യക്ക്, പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്.

Published

|

Last Updated

ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ മാറ്റങ്ങളുടെയും അതിവേഗത്തിലുള്ള സാങ്കേതിക കുതിച്ചുചാട്ടങ്ങളുടെയും വേദനിപ്പിക്കുന്ന ദുരന്തങ്ങളുടെയും കാലമായിരുന്നു 2025. രാഷ്ട്രീയ ചലനങ്ങള്‍ മുതല്‍ പ്രകൃതിക്ഷോഭങ്ങള്‍ വരെ നീളുന്നതാണ് ആ പട്ടിക.

ആഭ്യന്തരമായി വന്‍ മാറ്റങ്ങള്‍ക്കും വിലാപങ്ങള്‍ക്കും രാജ്യം സാക്ഷ്യംവഹിച്ചു. വന്‍കിട ബഹിരാകാശ ദൗത്യങ്ങളിലൂടെയും കായിക നേട്ടങ്ങളിലൂടെയും ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്ന ഇന്ത്യക്ക്, പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്. ഭരണരംഗത്തെ പരിഷ്‌കാരങ്ങളും ജനകീയ സമരങ്ങളും ജനാധിപത്യത്തിന്റെ ചടുലത അടയാളപ്പെടുത്തിയപ്പോള്‍, കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള പ്രതിസന്ധികള്‍ രാജ്യത്തെ ഉലച്ചു. 2025ന്റെ ഓര്‍മപ്പുസ്തകത്തില്‍ ഇടംപിടിച്ച പ്രധാന സംഭവ വികാസങ്ങളിലൂടെ.

രാഷ്ട്രീയവും തിരഞ്ഞെടുപ്പുകളും

രാഷ്ട്രീയ രംഗത്ത് ചില മാറ്റങ്ങള്‍ക്ക് 2025 സാക്ഷിയായി. ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരം പിടിക്കുകയും രേഖാ ഗുപ്ത മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു. വര്‍ഷാവസാനം നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ബി ജെ പി നയിക്കുന്ന എന്‍ ഡി എ സഖ്യം വന്‍ വിജയം നേടി. ഒക്ടോബറില്‍ നടന്ന ജമ്മു കശ്മീരിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നാഷനല്‍ കോണ്‍ഫറന്‍സ് മൂന്ന് സീറ്റുകള്‍ നേടി കരുത്തറിയിച്ചു. സി പി രാധാകൃഷ്ണന്‍ ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതും ഈ വര്‍ഷമാണ്. നവംബര്‍ 24ന് ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് അധികാരമേറ്റു.

പഹല്‍ഗാം ഭീകരാക്രമണവും ഓപറേഷന്‍ സിന്ദൂറും

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടത് സമീപകാലത്ത് നാം നേരിട്ട ഏറ്റവും വലിയ ആക്രമണമായിരുന്നു. ടി ആര്‍ എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇതിന് മറുപടിയായി മേയ് ഏഴിന് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ രാജ്യത്തിന്റെ കരുത്ത് തെളിയിച്ചു. മേയ് 10 വരെ നീണ്ടുനിന്ന ഈ ദൗത്യത്തില്‍ ഇന്ത്യന്‍ കരസേനയും വ്യോമസേനയും സംയുക്തമായാണ് പങ്കെടുത്തത്. അതിശക്തമായ ഈ മിന്നലാക്രമണത്തില്‍ പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. ഈ സൈനിക നടപടിയെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അതീവ ഗുരുതരമായി മാറുകയും അതിര്‍ത്തിയില്‍ വലിയ തോതിലുള്ള വെടിവെപ്പ് അരങ്ങേറുകയും ചെയ്തു.

അഞ്ച് ദിവസത്തിന് ശേഷം പാകിസ്താന്‍ വെടിനിര്‍ത്തല്‍ അഭ്യര്‍ഥിച്ചതോടെയാണ് ഇന്ത്യ പിന്‍വാങ്ങിയത്. മേയ് 10ന് ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തി. ജൂലൈ മാസത്തില്‍ നടന്ന സൈനിക നീക്കത്തിലൂടെ പഹല്‍ഗാം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന സൈഫുല്ല കസൂരിയെ ഇന്ത്യന്‍ സൈന്യം വധിച്ചു.

ഓപറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്

ഛത്തീസ്ഗഢ്-തെലങ്കാന അതിര്‍ത്തിയിലെ കര്‍രെഗുട്ടാലു കുന്നുകളില്‍ ഇന്ത്യന്‍ സുരക്ഷാ സേന നടത്തിയ മാവോയിസ്റ്റ്‌വിരുദ്ധ നീക്കമാണ് ഓപറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്. ഏപ്രില്‍ 21ന് ആരംഭിച്ച് 21 ദിവസത്തോളം നീണ്ടുനിന്ന ദൗത്യത്തില്‍ 31 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് ഐ ഇ ഡികളും ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു. ഇന്ത്യയുടെ ഏറ്റവും വലിയ മാവോയിസ്റ്റ്‌വിരുദ്ധ നീക്കങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു. ഇതിനു പിന്നാലെ സെപ്തംബറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) സായുധ പോരാട്ടം നിര്‍ത്തിവെക്കാനും സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അറിയിച്ചു. ഒക്ടോബറില്‍ ബിജാപൂര്‍ ജില്ലയില്‍ 103 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനകള്‍ക്ക് മുന്നില്‍ കീഴടങ്ങി.

വഖ്ഫ് ഭേദഗതി നിയമവും പ്രതിഷേധങ്ങളും

2025ല്‍ രാജ്യം ഏറെ ചര്‍ച്ച ചെയ്തതും വന്‍ പ്രതിഷേധം ഉയര്‍ത്തിയതുമായ വിഷയമായിരുന്നു വഖ്ഫ് (ഭേദഗതി) നിയമം. ഏപ്രില്‍ അഞ്ചിനാണ് നൂറ് വര്‍ഷം പഴക്കമുള്ള 1923ലെ മുസല്‍മാന്‍ വഖ്ഫ് നിയമം പരിഷ്‌കരിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തിയത്. വഖ്ഫ് ബോര്‍ഡുകളുടെ അധികാരങ്ങള്‍ പുനര്‍നിര്‍ണയിക്കാനും ഭരണപരമായ സുതാര്യത ഉറപ്പാക്കാനുമാണ് നിയമമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടപ്പോള്‍, ഇത് മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംഘടനകളും ചൂണ്ടിക്കാട്ടി.

ഏപ്രില്‍ എട്ടിന് പശ്ചിമ ബംഗാളിലെ മുര്‍ശിദാബാദില്‍ വഖ്ഫ് ഭേദഗതിക്ക് എതിരെ നടന്ന പ്രതിഷേധം അക്രമാസക്തമാകുകയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിഷയം കോടതിയിലെത്തുകയും സെപ്തംബറില്‍ സുപ്രീം കോടതി ഈ നിയമത്തിലെ ചില നിര്‍ണായക വ്യവസ്ഥകള്‍ തടയുകയും ചെയ്തു. ഒരു തര്‍ക്കവസ്തു വഖ്ഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമാക്കുന്ന വ്യവസ്ഥയുള്‍പ്പെടെയുള്ളവയാണ് കോടതി മരവിപ്പിച്ചത്.

രാജ്യത്തെ വഖ്ഫ് സ്വത്തുക്കളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അവയുടെ പരിപാലനത്തില്‍ സുതാര്യത കൊണ്ടുവരുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ‘വഖ്ഫ് ഉമീദ്’ പോര്‍ട്ടല്‍ വിപുലീകരിച്ചു. വഖ്ഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായപ്പോള്‍, ഭരണപരമായ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഈ ഡിജിറ്റല്‍ സംവിധാനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.

ജി എസ് ടി 2.0ഉം നികുതി പരിഷ്‌കാരങ്ങളും

രാജ്യത്തെ വലിയൊരു വിഭാഗം വരുന്ന മധ്യവര്‍ഗത്തിന് ഏറെ ആശ്വാസം പകരുന്നതായിരുന്നു 2025ലെ ബജറ്റ് പ്രഖ്യാപനം. പുതിയ നികുതി ഘടന പ്രകാരം വാര്‍ഷിക വരുമാനം 12 ലക്ഷം രൂപ വരെയുള്ളവരെ ആദായ നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയത് ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കാരമായി മാറി. കൂടാതെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് പുതിയ നികുതി നിയമങ്ങള്‍ കൊണ്ടുവരികയും ചെറുകിട വ്യവസായ മേഖലക്ക് കൂടുതല്‍ വായ്പാ ഇളവുകള്‍ അനുവദിക്കുകയും ചെയ്തതും ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

ഇന്ത്യയുടെ പരോക്ഷ നികുതി ഘടനയില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തി ‘ജി എസ് ടി 2.0’ നടപ്പാക്കി. നികുതി സ്ലാബുകള്‍ ലഘൂകരിക്കാനും വ്യാപാരികള്‍ക്ക് നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ പരിഷ്‌കാരം കൊണ്ടുവന്നത്. അഞ്ച് ശതമാനം, 18 ശതമാനം എന്നിങ്ങനെ ടു-ടയര്‍ നികുതി ഘടന സെപ്തംബര്‍ 22 മുതല്‍ നിലവില്‍ വന്നു. ഇതോടെ നിത്യോപയോഗ സാധനങ്ങള്‍, ഓട്ടോ മൊബൈല്‍ അടക്കം പല സാധനങ്ങള്‍ക്കും വില കുറഞ്ഞു.

മണിപ്പൂരിലെ വംശീയ സംഘര്‍ഷവും രാഷ്ട്രപതി ഭരണവും

2023ല്‍ ആരംഭിച്ച മണിപ്പൂരിലെ വംശീയ സംഘര്‍ഷം 2025ലും മാറ്റമില്ലാതെ തുടര്‍ന്നു. ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവെച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി 13ന് ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. മേയ്, ജൂണ്‍ മാസങ്ങളില്‍ നടന്ന സൈനിക നീക്കങ്ങളില്‍ നൂറുകണക്കിന് ആയുധങ്ങളും ആയിരക്കണക്കിന് വെടിയുണ്ടകളും പിടിച്ചെടുത്തു. ജൂണ്‍ ഏഴിന് മെയ്‌തെയ് സായുധ ഗ്രൂപ്പായ അരമ്പായ് തെംഗോളിന്റെ നേതാവ് അസം കാനന്‍ സിംഗ് അറസ്റ്റിലായത് സംസ്ഥാനത്ത് വീണ്ടും അശാന്തിക്ക് കാരണമായി. മണിപ്പൂര്‍ സംഭവത്തില്‍ ദീര്‍ഘകാലം മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്തംബറില്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചതും വന്‍ വാര്‍ത്താ പ്രാധാന്യം നേടി.

തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണം

രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറ്റമറ്റതാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ രണ്ടാം ഘട്ട തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണം ഈ വര്‍ഷത്തെ പ്രധാന നടപടിയായി. ബിഹാറിന് പിന്നാലെ കേരളമടക്കം 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് വോട്ടര്‍പ്പട്ടിക പരിഷ്‌കരണം നടപ്പാക്കിയത്. കേരളം കൂടാതെ ഗോവ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ലക്ഷദ്വീപ്, പുതുച്ചേരി, ആന്തമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലാണ് എസ് ഐ ആര്‍ നടപ്പാക്കിയത്. ഡിസംബര്‍ 23ന് എസ് ഐ ആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ കേരളത്തില്‍ മാത്രം 24 ലക്ഷത്തിലധികം വോട്ടര്‍മാര്‍ പുറത്തായി. മധ്യപ്രദേശില്‍ 43 ലക്ഷത്തോളം പേരും തമിഴ്നാട്ടില്‍ 97 ലക്ഷത്തോളം പേരും പട്ടികയില്‍ ഇടംപിടിച്ചില്ല. വോട്ടര്‍പ്പട്ടികയിലെ ഇരട്ടിപ്പുകള്‍ ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ ശുദ്ധീകരണ യജ്ഞമായിരുന്നു ഇത്. കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ് ഐ ആര്‍ നടപടിക്രമങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ കടുത്ത ജോലി സമ്മര്‍ദം കാരണം ആത്മഹത്യ ചെയ്തതും വാര്‍ത്തയായി.

ജാതി സെന്‍സസ് പ്രഖ്യാപനം

രാജ്യത്തെ വിവിധ ജനവിഭാഗങ്ങളുടെ കണക്കെടുക്കുന്നതിനായി ദേശീയതലത്തില്‍ ജാതി സെന്‍സസ് നടത്തുമെന്ന് 2025 ഏപ്രില്‍ 30ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദശകങ്ങളായുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹിക സംഘടനകളുടെയും ആവശ്യത്തിനൊടുവിലാണ് ഈ നിര്‍ണായക തീരുമാനമുണ്ടായത്. 1931ന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഇത്തരമൊരു വിപുലമായ ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടക്കുന്നത്. സാമൂഹിക നീതി ഉറപ്പാക്കുന്നതിനും സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അര്‍ഹരായവരിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

വിദേശ നയതന്ത്ര ബന്ധങ്ങളിലെ മാറ്റം

കാനഡയുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് കാനഡ ലോറന്‍സ് ബിഷ്‌ണോയ് ഗാംഗിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. അതേസമയം ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ അയവ് വരികയും അഞ്ച് വര്‍ഷത്തിന് ശേഷം ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചു തുടങ്ങുകയും ചെയ്തു. കാനഡയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

(ബഹിരാകാശം, വാണിജ്യം, സാങ്കേതികം, കായികം തുടങ്ങിയ മേഖലകളിലെ അടയാളപ്പെടുത്തലുകളെ കുറിച്ച് നാളെ.)

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest