Connect with us

International

ബംഗ്ലാദേശില്‍ വോട്ടെടുപ്പിനിടെ സ്ഫോടനം; മൂന്ന് പേര്‍ക്ക് പരുക്ക്

സ്ഫോടനത്തിനുപിന്നാലെയും വോട്ടെടുപ്പ് തടസ്സമില്ലാതെ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Published

|

Last Updated

ധാക്ക| പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബംഗ്ലാദേശില്‍ സ്ഫോടനം. ഗോപാല്‍ഗഞ്ചിലെ പോളിംഗ് സ്റ്റേഷനു സമീപം ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ച സംഭവത്തില്‍ 13 വയസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

സ്ഫോടനത്തിനുപിന്നാലെയും വോട്ടെടുപ്പ് തടസ്സമില്ലാതെ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സെന്‍സിറ്റീവ് മേഖലകളില്‍ സുരക്ഷാ സേന ജാഗ്രത വര്‍ദ്ധിപ്പിച്ചു. കൂടുതല്‍ അക്രമങ്ങള്‍ ഒഴിവാക്കാന്‍ വ്യാപക പട്രോളിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വേഗത്തില്‍ നിയന്ത്രണവിധേയമാക്കിയതായി നിയമനിര്‍വഹണ ഏജന്‍സികള്‍ അറിയിച്ചു.

ഇതിനിടെ, വിവിധ മണ്ഡലങ്ങളില്‍  രാഷ്ട്രീയ പാര്‍ട്ടികളുടെ അനുയായികള്‍ തമ്മിലും ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ധാക്കയിലെ മിര്‍പൂര്‍-10 മേഖലയില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി)യും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സുരക്ഷാസേന ഇടപെട്ട് സ്ഥിതി നിയന്ത്രണത്തിലാക്കി.

ഇന്ന്‌ വൈകുന്നേരം 4.30 വരെയാണ് വോട്ടെടുപ്പ്. തുടര്‍ന്ന് വോട്ടെണ്ണല്‍ ആരംഭിക്കും. ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്തായതിനെ തുടര്‍ന്ന് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റ് 18 മാസങ്ങള്‍ക്കുശേഷമാണ് രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്.

പാര്‍ലമെന്റിലെ 300 സീറ്റുകളിലേക്ക് 1,981 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള 11 പാര്‍ട്ടികളുടെ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം.

ജനാധിപത്യപരമായ രീതിയില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും സഹകരിക്കണമെന്ന് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനസ് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ വോട്ടെടുപ്പിന് മുന്‍പുണ്ടായ അക്രമസംഭവങ്ങള്‍ രാജ്യത്തെ ക്രമസമാധാന നിലയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമാക്കുകയാണ്.

 

---- facebook comment plugin here -----

Latest