Connect with us

International

മുൻ പ്രസിഡന്റ് ബശർ അൽ അസദിന് വധശിക്ഷ വിധിച്ച് സിറിയൻ കോടതി

വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, മാനവികതയ്ക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സിറിയൻ കോടതി അസദിന് വധശിക്ഷ വിധിച്ചത്.

Published

|

Last Updated

ഡമാസ്കസ് | സിറിയയുടെ മുൻ പ്രസിഡന്റ് ബശർ അൽ അസദിന് വധശിക്ഷ വിധിച്ചു. വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, മാനവികതയ്ക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ (Crimes against Humanity) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സിറിയൻ കോടതി അസദിന് വധശിക്ഷ വിധിച്ചത്. അസദിന്റെ അഭാവത്തിലാണ് (In Absentia) കോടതി വിധി പ്രഖ്യാപിച്ചത്. അസദിന്റെ സഹോദരനും മുൻ സൈനിക തലവനുമായ മഹർ അൽ അസദിനും മരണശിക്ഷ വിധിച്ചിട്ടുണ്ട്.

ഇതിന് പുറമെ അസദിന്റെ മാതൃസഹോദര പുത്രനും ദാറ പ്രവിശ്യയിലെ പൊളിറ്റിക്കൽ സെക്യൂരിറ്റി ബ്രാഞ്ച് മുൻ തലവനുമായിരുന്ന അതീഫ് നജീബിനും കേസിൽ വധശിക്ഷ നൽകിയിട്ടുണ്ട്. 2011-ൽ ദാറ പ്രവിശ്യയിൽ പ്രതിഷേധക്കാർക്ക് നേരെ നടന്ന അടിച്ചമർത്തലുകൾക്കും, തുടർന്ന് രാജ്യം വൻ ആഭ്യന്തര യുദ്ധത്തിലേക്ക് കൂപ്പുകുത്തിയതിനും കാരണക്കാരൻ നജീബാണെന്ന് കോടതി നിരീക്ഷിച്ചു. 15 വയസ്സിന് താഴെയുള്ള കുട്ടികളെ ആസൂത്രിതമായി കൊലപ്പെടുത്തി, ക്രൂരമായ പീഡനങ്ങളിലൂടെ മരണത്തിലേക്ക് തള്ളിവിട്ടു എന്നീ ഗുരുതരമായ കുറ്റങ്ങളാണ് നജീബിനെതിരെ തെളിഞ്ഞതെന്ന് കോടതി കണ്ടെത്തി. മാനവികതയ്ക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് നൽകാവുന്ന ഏറ്റവും കടുത്ത ശിക്ഷയായ വധശിക്ഷ തന്നെയാണ് നജീബിന് നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.

2024 ഡിസംബറിൽ വിമത സൈന്യം ഡമാസ്കസ് പിടിച്ചെടുക്കാൻ അടുത്തതോടെ ബശർ അൽ അസദും കുടുംബവും മോസ്കോയിലേക്ക് പലായനം ചെയ്തിരുന്നു. രാജ്യത്ത് തുടർന്ന അതീഫ് നജീബിനെ പിന്നീട് അറസ്റ്റ് ചെയ്യുകയും വിചാരണ നേരിടുന്ന ഉയർന്ന ഉദ്യോഗസ്ഥരിൽ ഒരാളായി മാറുകയും ചെയ്തു. ഈ വർഷം അധികാരമേറ്റ ഇടക്കാല ഭരണകൂടത്തിന് (Transitional Authorities) കീഴിൽ മുൻ സർക്കാരിലെ പ്രമുഖർക്കെതിരെ നടക്കുന്ന ആദ്യത്തെ പ്രധാന വിധിന്യായമാണിത്.

ഹഫീസ് അസദും തുടർന്ന് മകൻ ബശാർ അൽ അസദും ചേർന്ന് അര നൂറ്റാണ്ടിലധികമാണ് സിറിയ ഭരിച്ചത്. 2011-ൽ ആരംഭിച്ച ജനകീയ പ്രക്ഷോഭങ്ങളെ തുടർന്നുണ്ടായ 13 വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിൽ അഞ്ച് ലക്ഷത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോടിക്കണക്കിന് ആളുകൾ അയൽ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും അഭയാർത്ഥികളായി പലായനം ചെയ്തു.

Content Highlights
A Syrian court has sentenced former president Bashar Al-Assad, his brother, and cousin Atef Najib to death for war crimes and crimes against humanity during the 14-year conflict.

---- facebook comment plugin here -----

Latest