Connect with us

Kerala

പി എസ് സി നടത്തിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ രാജ്യത്ത് സംവിധാനം വേണ്ടേ; ചോദ്യവുമായി ഹൈക്കോടതി

നോട്ടീസ് നല്‍കിയിട്ടും അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കില്‍ അടുത്ത നടപടിയെടുക്കണമെന്ന് സര്‍ക്കാറിനോട് കോടതി

Published

|

Last Updated

കൊച്ചി | പി എസ് സി നടത്തിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ രാജ്യത്ത് സംവിധാനം വേണ്ടേ എന്ന ചോദ്യവുമായി ഹൈക്കോടതി. ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ 58 ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് ഇടാതിരുന്നത് പ്രത്യക്ഷ അഴിമതി അല്ലേ എന്നും ഹൈക്കോടതി ചോദിച്ചു.

എന്തുകൊണ്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പി എസ് സിയോട് കോടതി ചോദിച്ചു. നോട്ടീസ് നല്‍കിയിട്ടും സഹകരിക്കുന്നില്ലെങ്കില്‍ അടുത്ത നടപടിയെടുക്കണമെന്ന് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. പി എസ് സി ചെയര്‍മാന്‍ അടക്കമുള്ളവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. 180ലേറെ പരാതികള്‍ പി എസ് സിക്കെതിരെ ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം പി എസ് സിക്കുണ്ട്. നോട്ടീസ് നല്‍കി ഹാജരായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് പോകണം. യുവതലമുറയുടെ പ്രതീക്ഷ സംരക്ഷിക്കപ്പെടണമെന്നും ഇക്കാര്യം സര്‍ക്കാര്‍ കണക്കിലെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

പരീക്ഷ ക്രമക്കേട് ഉദ്യോഗസ്ഥ പിഴവായി ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരും വാദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്ത് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് പി എസ് സിക്കെതിരെയുള്ള വിമര്‍ശനം. ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ 58 മാര്‍ക്ക് മൂല്യനിര്‍ണയം നടത്തിയില്ല എന്നത് പ്രത്യക്ഷ അഴിമതി അല്ലേ. ഇത് വളരെ ഗുരുതരമായ ആരോപണമാണ്- കോടതി പറഞ്ഞു.

58 ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് ഇടാതിരുന്നിട്ട് ക്ലറിക്കല്‍ മിസ്റ്റേക്ക് എന്ന് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാറും വാദിച്ചു. നൂതനമായ തട്ടിപ്പാണിത്. എങ്ങനെയാണ് ക്ലറിക്കല്‍ മിസ്റ്റേക്ക് ആവുന്നതെന്നും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെന്നും സര്‍ക്കാര്‍ വാദിച്ചു.

Content Highlights:
The Kerala High Court severely criticized the PSC over irregularities in the Planning Board exam where 58 answers were unevaluated. Terming it potential corruption, the court asked why the PSC fails to cooperate with the Crime Branch. It urged the government to take strict action if ignored.

 

Latest