articles
ഡിജിറ്റല്‍ സാക്ഷരരല്ല നാം എന്നതിനാല്‍
ഡിജിറ്റല്‍ ഉപകരണങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം മാനസികാരോഗ്യത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണ്. സാമൂഹിക മാധ്യമങ്ങളുടെ അമിതോപയോഗം ഉത്കണ്ഠ, വിഷാദം, ഏകാന്തത, ആത്മാഭിമാനക്കുറവ് തുടങ്ങിയ മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്നതായി അമേരിക്കന്‍ സൈക്കോളജിക്കല്‍ അസ്സോസിയേഷന്‍, ലോകാരോഗ്യ സംഘടന, വിവിധ സര്‍വകലാശാലകളിലെ ഗവേഷകര്‍ എന്നിവര്‍ സൂചിപ്പിക്കുന്നു.
സാങ്കേതികവിദ്യയുടെ വിപ്ലവകരമായ മുന്നേറ്റം മനുഷ്യജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വലുതാണ്. മനുഷ്യന്റെ ചിന്തകളെയും സാമൂഹിക ബന്ധങ്ങളെയും ജീവിതവീക്ഷണത്തെയടക്കം പുനര്‍നിര്‍വചിക്കുന്ന തലത്തിലേക്കത് വളര്‍ന്നിരിക്കുന്നു. ലോകത്തെ മുഴുവന്‍ വിരല്‍ത്തുമ്പിലെത്തിച്ച സ്മാര്‍ട്ട്ഫോണ്‍ മനുഷ്യന്റെ ഏറ്റവുമടുത്ത കൂട്ടാളിയായി. വിവരങ്ങളുടെ അനന്തമായ പ്രവാഹത്തിനിടയില്‍ അറിവിന്റെ ആഴം നഷ്ടപ്പെടുകയും വെര്‍ച്വല്‍ ബന്ധങ്ങളുടെ അതിപ്രസരത്തില്‍ യഥാര്‍ഥ മനുഷ്യബന്ധങ്ങളുടെ ഊഷ്മളത ചോര്‍ന്നു പോകുകയും ചെയ്ത വൈരുധ്യാത്മകമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ലോകവുമായി നിരന്തരം ബന്ധപ്പെട്ടു കഴിയുമ്പോഴും സ്വന്തം മനസ്സിനോടും ചുറ്റുമുള്ള മനുഷ്യരോടും അകന്നുപോകുന്ന ആധുനിക മനുഷ്യന്റെ അവസ്ഥ ഗൗരവമായ ആത്മപരിശോധന ആവശ്യപ്പെടുന്നു.
സാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യന്റെ ജീവിതനിലവാരം ഉയര്‍ത്തേണ്ടതിനു പകരം, അവന്റെ മാനസികാരോഗ്യത്തിനും വൈകാരിക പക്വതക്കും ഭീഷണിയാകുകയാണ്. മനുഷ്യന്റെ ശ്രദ്ധയും സമയവും ചിന്താശേഷിയും നിരന്തരം അപഹരിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതോപയോഗത്തില്‍ നിന്ന് ബോധപൂര്‍വം പിന്‍വാങ്ങി, ജീവിതത്തിന്റെ സ്വാഭാവിക താളത്തിലേക്കും ആരോഗ്യകരമായ സാമൂഹിക ഇടപെടലുകളിലേക്കും മടങ്ങാനുള്ള ശ്രമമാണ് ഡിജിറ്റല്‍ ഡിറ്റോക്‌സ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാനസികാരോഗ്യവും ആത്മനിയന്ത്രണവും മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയും തിരിച്ചുപിടിക്കാനുള്ള ശ്രമമായാണ് ഡിജിറ്റല്‍ ഡിറ്റോക്‌സിനെ അവതരിപ്പിക്കുന്നത്. സാങ്കേതികവിദ്യയുടെ അടിമത്തത്തില്‍നിന്ന് മനുഷ്യന്‍ മോചനം നേടണം. ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം ബോധപൂര്‍വം കുറയ്ക്കുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യുന്നത് വഴി സ്‌ക്രീന്‍ സമയം കുറയ്ക്കാനും മാനസിക സമ്മര്‍ദം ഒഴിവാക്കാനും യഥാര്‍ഥ ജീവിതവുമായി കൂടുതല്‍ ഇടപഴകാനും സാധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
മനുഷ്യ മനോതലങ്ങളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന മൂല്യച്യുതി ഇല്ലായ്മ ചെയ്ത് യഥാര്‍ഥ മനുഷ്യനെ സൃഷ്ടിക്കാനുള്ള ഭഗീരത യത്നമാണ് ഡിജിറ്റല്‍ ഡിറ്റോക്‌സ്.
അമേരിക്കന്‍ അക്കാദമി ഓഫ് ഒപ്തമോളജി കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട പഠനമനുസരിച്ച് ഡിജിറ്റല്‍/ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം മനുഷ്യജീവിതത്തെ എത്രമാത്രം ദോഷകരമായി ബാധിച്ചുവെന്ന് വരച്ചിടുന്നു. അപരന്റെ മനസ്സ് വായിക്കേണ്ട മനുഷ്യന്‍, മൂല്യബോധമില്ലാത്തവനായി പരിണമിക്കുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു. ഉത്തരവാദിത്വ ബോധത്തില്‍ വരുത്തുന്ന നിഷ്‌ക്രിയത്വം ലോക ക്രമത്തില്‍ തന്നെ ഭീഷണി സൃഷ്ടിക്കുന്നു. മനുഷ്യന്‍, അവനെത്തന്നെ തിരിച്ചറിയാതെ ജീവിതം തുലക്കുന്നു. ഡിജിറ്റല്‍ ഡിറ്റോക്‌സിന്റെ അഭാവം സാമൂഹിക ജീവിതത്തില്‍ വരുത്തുന്ന പരുക്ക് ഗുരുതരമാണെന്ന് ചുരുക്കം.
നവകാല വിശേഷം
സ്മാര്‍ട്ട്‌ഫോണുകളും കമ്പ്യൂട്ടറുകളും ടാബ്ലെറ്റുകളും മറ്റു സാമൂഹിക മാധ്യമങ്ങളും മനുഷ്യജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുക്കാനാകാത്ത വിധം ലയിച്ചിരിക്കുന്നു. ഇതുവഴി വലിയ സൗകര്യങ്ങള്‍ ലഭ്യമാകുന്നുവെങ്കിലും അവയോടുള്ള അമിതമായ ആശ്രിതത്വം മനുഷ്യനെ യഥാര്‍ഥ സാമൂഹിക ജീവിതത്തില്‍ നിന്ന് ക്രമേണ അകറ്റിക്കൊണ്ടിരിക്കുന്നു. കുടുംബാംഗങ്ങളുമായുള്ള സംഭാഷണങ്ങളും സുഹൃത്തുക്കളുമായുള്ള നേരിട്ടുള്ള ഇടപെടലുകളും അയല്‍പക്ക ബന്ധങ്ങളും കുറഞ്ഞുവരുന്നതോടൊപ്പം, മണിക്കൂറുകളോളം സ്‌ക്രീനുകള്‍ക്ക് മുന്നില്‍ തളച്ചിടുന്ന ഒരു ഒറ്റപ്പെട്ട ജീവിയായി മനുഷ്യന്‍ മാറുന്നു. മനുഷ്യബന്ധങ്ങളുടെ ഊഷ്മളതക്കു പകരം വെര്‍ച്വല്‍ ബന്ധങ്ങള്‍ സ്ഥാനം പിടിക്കുന്നതു വഴി സാമൂഹിക ഒറ്റപ്പെടലിനും വൈകാരിക ശൂന്യതക്കും കാരണമാകുന്നു. അമേരിക്കന്‍ മനശ്ശാസ്ത്ര ഗവേഷണ വിഭാഗത്തിനു കീഴില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പ്രകാരം അമിതമായസോഷ്യല്‍മീഡിയ ഉപയോഗം ഏകാന്തത, ഉത്കണ്ഠ, വിഷാദ ലക്ഷണങ്ങള്‍, ജീവിതസംതൃപ്തിക്കുറവ് എന്നിവക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ അമിതോപയോഗം നേരിട്ടുള്ള സാമൂഹിക ഇടപെടലുകളുടെ ഗുണനിലവാരം കുറയ്ക്കുകയും വ്യക്തികളുടെ മാനസികവും സാമൂഹികവുമായ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുകയുംചെയ്യുന്നതായി വിവിധ ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ, സാങ്കേതികവിദ്യയെ മനുഷ്യന്റെ നിയന്ത്രണത്തിലുള്ള ഒരു ഉപാധിയായി നിലനിര്‍ത്തുകയും അത് മനുഷ്യബന്ധങ്ങളെ നിയന്ത്രിക്കുന്ന ശക്തിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യേണ്ടത് ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും വലിയ അനിവാര്യതയായി കാണേണ്ടതുണ്ട്.
മാനസികാരോഗ്യത്തിനേല്‍ക്കുന്ന ക്ഷതം
ഡിജിറ്റല്‍ ഉപകരണങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം മാനസികാരോഗ്യത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണ്. സാമൂഹിക മാധ്യമങ്ങളുടെ അമിതോപയോഗം ഉത്കണ്ഠ, വിഷാദം, ഏകാന്തത, ആത്മാഭിമാനക്കുറവ് തുടങ്ങിയ മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്നതായി അമേരിക്കന്‍ സൈക്കോളജിക്കല്‍ അസ്സോസിയേഷന്‍, ലോകാരോഗ്യ സംഘടന, വിവിധ സര്‍വകലാശാലകളിലെ ഗവേഷകര്‍ എന്നിവര്‍ സൂചിപ്പിക്കുന്നു. ദിവസേന ദീര്‍ഘനേരം സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവരില്‍ മാനസിക സമ്മര്‍ദവും വൈകാരിക അസ്വസ്ഥതയും താരതമ്യേന കൂടുതലാണെന്നാണ്. മറ്റുള്ളവരുടെ ജീവിതവുമായി നിരന്തരം സ്വയം താരതമ്യം ചെയ്യുന്നതും അംഗീകാരം തേടിയുള്ള അമിതമായ ആഗ്രഹവും ലൈക്കുകള്‍ക്കും കമന്റുകള്‍ക്കും അമിത പ്രാധാന്യം നല്‍കുന്നതും വ്യക്തിയുടെ ആത്മവിശ്വാസത്തെ ക്രമേണ ദുര്‍ബലപ്പെടുത്തുന്നു.
കൗമാരക്കാരിലും യുവാക്കളിലും ഈ പ്രശ്‌നം കൂടുതൽ ഗുരുതരമാണെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. ഉറക്കക്കുറവ്, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ, കുടുംബബന്ധങ്ങളിലെ അകല്‍ച്ച, സാമൂഹിക ഇടപെടലുകളിലെ കുറവ് എന്നിവക്കൊപ്പം ദീര്‍ഘകാല മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് വഴിവെക്കുന്നു. ചില രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം വിഷാദ രോഗലക്ഷണങ്ങളും ആത്മഹത്യാ പ്രവണതയും വര്‍ധിക്കുന്നതില്‍ അമിതമായ സോഷ്യല്‍മീഡിയ ഉപയോഗം ഒരു പ്രധാന ഘടകമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. സാമൂഹിക മാധ്യമങ്ങള്‍ മാത്രം ആത്മഹത്യക്ക് കാരണമാകുന്നു എന്ന് ശാസ്ത്രം പറയുന്നില്ല; എന്നാല്‍, മുമ്പേ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരില്‍ അമിതമായ ഡിജിറ്റല്‍ ഇടപെടല്‍ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കുകയും അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യാമെന്ന് ഗവേഷണങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
മനുഷ്യന്റെ മാനസിക സമനിലയും വൈകാരിക പക്വതയും നിലനിര്‍ത്തുന്നതില്‍ യഥാര്‍ഥ മനുഷ്യബന്ധങ്ങള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ട്. എന്നാല്‍ ഡിജിറ്റല്‍ ലോകം യഥാര്‍ഥ ജീവിതത്തെ പകരംവെക്കുന്ന സാഹചര്യത്തില്‍, വ്യക്തി ക്രമേണ ഒറ്റപ്പെടലിലേക്കും ആത്മസംഘര്‍ഷത്തിലേക്കും നീങ്ങുന്നു. തുടര്‍ച്ചയായ നോട്ടിഫിക്കേഷനുകള്‍, അവസാനമില്ലാത്ത വിവരപ്രവാഹം, അനന്തമായി സ്‌ക്രോള്‍ ചെയ്യുന്ന ശീലം എന്നിവ തലച്ചോറിന്റെ ശ്രദ്ധാകേന്ദ്രത്തെ ബാധിക്കുകയും തീരുമാനമെടുക്കാനുള്ള കഴിവ്, ഓര്‍മശക്തി, ആത്മനിയന്ത്രണം എന്നിവയെ പ്രതികൂലമായി സ്വാധീനിക്കുകയും ചെയ്യുന്നതായി ന്യൂറോ സയന്‍സ് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ ഫലമായി മാനസിക ക്ഷീണം, അസഹിഷ്ണുത, ബന്ധങ്ങളിലെ അസ്വാരസ്യം, ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങളില്‍ നിന്നുള്ള വ്യതിചലനം എന്നിവ വര്‍ധിക്കുന്നു.
പരിഹാരമെന്ത്?
സാമൂഹിക മാധ്യമങ്ങളെയും ഡിജിറ്റല്‍ സാങ്കേതികവിദ്യയെയും പൂര്‍ണമായും തള്ളിക്കളയുകയെന്നതല്ല പരിഹാരം. അറിവ് സമ്പാദിക്കാനും വിദ്യാഭ്യാസം മെച്ചപ്പെടുത്താനും തൊഴില്‍, ഗവേഷണം, ആശയവിനിമയം, സാമൂഹിക സേവനം എന്നിവ ശക്തിപ്പെടുത്താനും ഡിജിറ്റല്‍സാങ്കേതികവിദ്യക്ക് വലിയ പ്രാപ്തിയും സാധ്യതകളുമുണ്ട്. പ്രശ്‌നം സാങ്കേതികവിദ്യയിലല്ല, അതിന്റെ അനിയന്ത്രിതവും അമിതവുമായ ഉപയോഗത്തിലാണ്. അതിനാല്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുകയും സ്‌ക്രീന്‍ സമയത്തില്‍ പരിധി നിശ്ചയിക്കുകയും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഇടപഴകുന്നതിന് സമയം കണ്ടെത്തുകയും ചെയ്യുക എന്നതാണ് പരിഹാരമാര്‍ഗം.
ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതോപയോഗം കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെയും സാമൂഹിക ഇടപെടലുകളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്ന് ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്, ഹംഗറി പോലുള്ള പല രാജ്യങ്ങളും വിദ്യാര്‍ഥികളിലെ മൊബൈല്‍ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത്, കര്‍ണാടക ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളും പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളിലെ മൊബൈല്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
പഠന സമയത്തെ ശ്രദ്ധക്കുറവ്, പഠനനിലവാരത്തിലെ ഇടിവ്, സൈബര്‍ പീഡനം, സോഷ്യല്‍ മീഡിയയോടുള്ള അമിതാസക്തി, സാമൂഹിക ഒറ്റപ്പെടല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇത്തരം തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിച്ചത്. സാങ്കേതികവിദ്യയെ മനുഷ്യനാണ് സേവിക്കേണ്ടത്. മനുഷ്യന്‍ സാങ്കേതിക വിദ്യയുടെ അടിമയാകരുത്.
Content Highlights:
Excessive smartphone and social media use is severely impacting mental health, driving isolation, anxiety, and depression. Studies highlight the urgent need for digital detox to restore emotional well-being and real-world relationships. Countries like France are restricting mobile use in schools.



