International
167 വര്‍ഷം പഴക്കമുള്ള ഗണിതശാസ്ത്ര സമസ്യ എ ഐ വഴി പരിഹരിച്ചന്നെ അവകാശവാദമവുമായി ഗവേഷകന്
ആന്ത്രോപിക്കിലെ ഗണിതശാസ്ത്രജ്ഞനായ ലെവന്റ് ആല്പോഗെയാണ് നവംബര്‍ 20 വെള്ളിയാഴ്ച സ്വന്തം വെബ്സൈറ്റിലൂടെ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്
വാഷിംഗ്ടണ്‍ | ലോകത്തെ ഏറ്റവും പ്രശസ്തമായ ഗണിതശാസ്ത്ര സമസ്യകളിലൊന്നായ റീമാന്‍ ഹൈപ്പോതിസിസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ചാറ്റ്ബോട്ടായ ക്ലോഡിന്റെ സഹായത്തോടെ തെളിയിച്ചതായി യു എസ് ആസ്ഥാനമായ ആന്ത്രോപിക്കിലെ ഗവേഷകന്റെ അവകാശവാദം. ആന്ത്രോപിക്കിലെ ഗണിതശാസ്ത്രജ്ഞനായ ലെവന്റ് ആല്പോഗെയാണ് നവംബര്‍ 20 വെള്ളിയാഴ്ച സ്വന്തം വെബ്സൈറ്റിലൂടെ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. സ്വതന്ത്ര പരിശോധനകളിലൂടെ ഇത് ശരിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍, ഗണിതശാസ്ത്ര ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി ഇത് മാറും.
1859ല്‍ ജര്‍മ്മന്‍ ഗണിതശാസ്ത്രജ്ഞനായ ബെര്‍ണാര്‍ഡ് റീമാനാണ് ഈ സമസ്യ ആദ്യമായി അവതരിപ്പിച്ചത്. സംഖ്യാരേഖയില്‍ കൃത്യമായ ക്രമമില്ലാതെ കാണപ്പെടുന്ന അഭാജ്യ സംഖ്യകളുടെ വിതരണത്തിന് പിന്നില്‍ ആഴത്തിലുള്ള എന്തെങ്കിലും ഗണിതശാസ്ത്ര നിയമമുണ്ടോ എന്നാണ് ഈ സിദ്ധാന്തം പരിശോധിക്കുന്നത്. റീമാന്‍ സീറ്റ ഫംഗ്ഷന്റെ പ്രധാനപ്പെട്ട മൂല്യങ്ങള്‍ ഒരു പ്രത്യേക ലംബരേഖയിലാണ് വരുന്നതെന്ന നിഗമനമാണ് ഇതിന്റെ കാതല്‍. പ്രശസ്തമായ ക്ലേ മാത്തമാറ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിട്ടുള്ള ഏഴ് മില്ലേനിയം പ്രൈസ് പ്രശ്നങ്ങളില്‍ ഒന്നാണിത്. ഇതിന് പൂര്‍ണ്ണ പരിഹാരം കണ്ടെത്തുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി ഈ പ്രശ്നത്തിന് പിന്നാലെയായിരുന്ന താന്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി ക്ലോഡ് എ ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ആല്പോഗെ വ്യക്തമാക്കി. ഒരു പ്രത്യേക ഗണിത സമീപനത്തിലേക്ക് എ ഐയെ നയിച്ചപ്പോള്‍, അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പുരോഗതിയാണ് ക്ലോഡ് ഉണ്ടാക്കിയതെന്നും അദ്ദേഹം കുറിച്ചു. എന്നാല്‍, പരിഹാരം കണ്ടെത്തിയ ഉടന്‍ പ്രഖ്യാപിക്കുന്നതിന് പകരം ആന്ത്രോപിക് ചീഫ് എക്സിക്യൂട്ടീവ് ഡാരിയോ അമോഡെയുമായും മറ്റ് വിദഗ്ധരുമായും കൂടിയാലോചിച്ച ശേഷമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
ഗണിതശാസ്ത്ര വാദമുഖങ്ങള്‍ കൃത്യമായി പരിശോധിക്കാന്‍ സഹായിക്കുന്ന ലീന്‍ എന്ന പ്രോഗ്രാമിംഗ് ഭാഷ ഉപയോഗിച്ചാണ് ഇതിന്റെ തെളിവുകള്‍ തയ്യാറാക്കിയിട്ടുള്ളത്. രേഖപ്പെടുത്തിയ തെളിവുകള്‍ക്ക് 2.5 ലക്ഷത്തിലധികം പേജുകളുടെ ദൈര്‍ഘ്യമുണ്ട്. ഈ വാദമുഖങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കി പരിശോധിച്ചെടുക്കാന്‍ സമയമെടുക്കുമെന്ന് പ്രമുഖ ഗണിതശാസ്ത്രജ്ഞനായ ടെറന്‍സ് ടാവോ വ്യക്തമാക്കി. കമ്പ്യൂട്ടര്‍ പരിശോധനാ സംവിധാനങ്ങള്‍ക്കും തെറ്റുപറ്റാന്‍ സാധ്യതയുള്ളതിനാല്‍ സ്വതന്ത്രമായ വിദഗ്ധ പരിശോധനയില്ലാതെ ഇത് സ്ഥിരീകരിക്കാനാവില്ലെന്ന് കോര്‍ണല്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ സ്റ്റീവന്‍ സ്ട്രോഗാറ്റ്സും ചൂണ്ടിക്കാട്ടി.




