Kerala
കോണ്‍ഗ്രസ്സിലേക്കുള്ള മടങ്ങി വരവ്; പത്മജയെ പിന്തുണച്ച് ശശി തരൂര്‍
കേരള സര്‍ക്കാര്‍ വികസനത്തില്‍ ശ്രദ്ധ ഊന്നണമെന്നും വിവാദ വിഷയങ്ങളില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം | ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്താനുള്ള പത്മജ വേണുഗോപാലിന്റെ നീക്കങ്ങളെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. രാഷ്ട്രീയം മാറുന്നത് വ്യക്തിതാല്പര്യമെന്നും പത്മജ വരട്ടെയെന്നും ശശി തരൂര്‍ പറഞ്ഞു.
കേരള സര്‍ക്കാര്‍ വികസനത്തില്‍ ശ്രദ്ധ ഊന്നണമെന്നും വിവാദ വിഷയങ്ങളില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയം പറയാന്‍ വേറെ ആളുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി ജെ പിയില്‍ ചേര്‍ന്ന ശേഷം പത്മജ ശശിതരൂരിനെ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ശശി തരൂരിന്റെ നിലപാടുകളുടെ പേരില്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തിനെതിരെ സംഘടിത നീക്കം നടന്ന ഘട്ടത്തിലായിരുന്നു പത്മജ തരൂരിനെ ബി ജെ പിയിലേക്ക് ക്ഷണിച്ചത്.
പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇരു ചേരിയായിത്തിരിഞ്ഞ പശ്ചാത്തലത്തിലാണ് തരൂരിന്റെ അനുകൂലമായ അഭിപ്രായ പ്രകടനം. ഡിസംബര്‍ 23ന് കെ കരുണാകരന്റെ 16 ാം ചരമവാര്‍ഷികമാണ്. അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകയായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ചരമ വാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കണമെന്നാണ് പത്മജ നേതൃത്വത്തിന് മുന്നില്‍ വെച്ച അഭ്യര്‍ഥന. പുനപ്രവേശനത്തില്‍ കേരള നേതൃത്വം തീരുമാനമെടുക്കട്ടെ എന്നതാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട്.
പത്മജയെ തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പുമായി രാജ്മോഹന്‍ ഉണ്ണിത്താന്, ഷാഫി പറമ്പില്‍ എം പി, സി ആര് മഹേഷ് എം എല്‍എ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. വെറുമൊരു മാപ്പുകൊണ്ട് മാത്രം പാര്‍ട്ടിക്കേറ്റ മുറിവുണങ്ങില്ലെന്ന നിലപാടിലാണ് മറുവിഭാഗം. പത്മജ ഇനിയും ബി ജെ പിയെ പരസ്യമായി തള്ളിപ്പറയാന്‍ തയ്യാറാകാത്തതും ഇവര്‍ ചോദ്യം ചെയ്യുന്നുണ്ട്.
ക്ഷമാപണം സ്വീകരിച്ച് പത്മജയെ തിരിച്ചെടുക്കാമെന്ന നിലപാടിലാണ് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്. ബി ജെ പിയിലേക്ക് പോയതില്‍ മുറിവേറ്റ കോണ്‍ഗ്രസിനോടും പ്രവര്‍ത്തകരോടും പത്മജ ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും അത് മതിയെന്നുമാണ് സണ്ണി ജോസഫ് അടക്കമുള്ളവരുടെ നിലപാട്.
Content Highlights: Senior Congress leader Shashi Tharoor supported Padmaja Venugopal’s move to return to the Congress from the BJP. Her possible reentry ahead of K Karunakaran’s death anniversary has divided Kerala Congress leaders. While KPCC chief Sunny Joseph favors accepting her apology, others oppose her return.



