From the print
നവീൻ ബാബുവിന്റെ മരണം: സി ബി ഐ അന്വേഷണത്തിൽ നിന്ന് പിന്മാറാൻ ആലോചന
തിരിച്ചടിയാകുമെന്ന് നിയമോപദേശം
തിരുവനന്തപുരം | കണ്ണൂർ എ ഡി എം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണത്തിൽ നിന്ന് പിന്മാറാൻ സർക്കാർ ആലോചന. കേസ് സി ബി ഐക്ക് വിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നുവെങ്കിലും അന്വേഷണത്തിന് തടസ്സങ്ങളുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അഡ്വക്കറ്റ് ജനറലും സർക്കാറിന് നിയമോപദേശം നൽകിയ സാഹചര്യത്തിലാണ് സി ബി ഐ അന്വേഷണത്തിൽ നിന്ന് പിന്മാറാൻ ആലോചിക്കുന്നത്്.
കൊലപാതകം, ഗൂഢാലോചന ഉൾപ്പെടെയുള്ള വിഷയങ്ങൾ സി ബി ഐ അന്വേഷിച്ച് തെളിഞ്ഞില്ലെങ്കിൽ, പി പി ദിവ്യക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. അതോടൊപ്പം അന്വേഷണത്തിന് പുതിയ എസ് ഐ ടിയെ നിയോഗിക്കുന്നതാണ് ഉചിതമെന്നും നിയമോപദേശത്തിൽ പറയുന്നുണ്ട്.
അന്വേഷണം സി ബി ഐക്ക് വിടാൻ മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും നിലവിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയ കേസിലെ വിചാരണ നിർത്തിവെക്കാൻ പ്രോസിക്യൂഷൻ മുഖേന ഇതുവരെയും സർക്കാർ ആവശ്യപ്പെട്ടിട്ടില്ല.
കുടുംബം ആരോപിക്കുന്നതുപോലെ കൊലപാതകമോ അതിന്റെ ഗൂഢാലോചനയോ സി ബി ഐ അന്വേഷണത്തിൽ തെളിഞ്ഞില്ലെങ്കിൽ കേസ് ദുർബലമാകും.
ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുന്നതിന് ആവശ്യമായ ശക്തമായ തെളിവുകളും സാഹചര്യങ്ങളും നിലവിലുണ്ടെന്നിരിക്കെ ഇക്കാര്യങ്ങൾ പരിഗണിക്കാതെ സി ബി ഐ അന്വേഷണത്തിലേക്ക് പോയാൽ പി പി ദിവ്യ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി അസഫലി നൽകിയ നിയമോപദേശത്തിൽ പ്രധാനമായും വ്യക്തമാക്കുന്നത്. സി ബി ഐ അന്വേഷണത്തിന് പകരം പുതിയ പ്രത്യേക അന്വേഷണ സംഘമെന്ന ആലോചനയും സർക്കാറിനുണ്ട്. കഴിഞ്ഞ ജൂൺ നാലിന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സി ബി ഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്.
Content Highlights: The Kerala government is considering dropping its earlier decision to hand over former Kannur ADM Naveen Babu’s death probe to the CBI after legal advice from the DGP and Advocate General. Officials warn that failing to prove murder or conspiracy in a CBI probe could weaken the case and benefit PP Divya. A new SIT probe is reportedly under consideration instead.




