ഒരു വശത്ത് ലോകത്തിന് മാതൃകയായ ആരോഗ്യ-വിദ്യാഭ്യാസ നേട്ടങ്ങളെക്കുറിച്ച് നാം വാചാലരാകുന്നു. മറുഭാഗത്ത് വഴിതെറ്റി വന്ന ഒരു മനുഷ്യനെ ബംഗ്ലാദേശിയെന്നാരോപിച്ച് നട്ടെല്ല് തകർത്ത് കൊല്ലുന്നു. ഇത് കേരളത്തിന്റെ സാമൂഹിക യശസ്സിനുണ്ടാക്കിയ മുറിവ് ഉണങ്ങാൻ കാലമേറെയെടുക്കും. നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്ന ബോധ്യം ജനങ്ങളിൽ ഉറപ്പിക്കാൻ സർക്കാരിനും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സാധിക്കണം. പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളും വിദ്വേഷ പ്രചാരണങ്ങളും തടയാൻ കർശനമായ ഡിജിറ്റൽ സർവൈലൻസ് ആവശ്യമാണ്.
രാംനാരായണിന്റെ മരണം നമുക്ക് നൽകുന്ന താക്കീത് ഗൗരവതരമാണ്. സഹജീവിസ്നേഹത്തിന് പകരം സംശയവും മൂല്യബോധത്തിന് പകരം വിദ്വേഷവും മനുഷ്യനെ നയിക്കാൻ തുടങ്ങിയാൽ നാം കെട്ടിപ്പടുത്ത ഈ കൊച്ചു കേരളം ഒരു വലിയ മരുഭൂമിയായി മാറും. ആൾക്കൂട്ടം തല്ലിക്കൊന്നത് രാംനാരായണിനെ മാത്രമല്ല, പ്രബുദ്ധ കേരളത്തിന്റെ ആത്മാവിനെ കൂടിയാണ്. ഈ കാടത്തത്തെ മുളയിലേ നുള്ളിയില്ലെങ്കിൽ, നാളെ നാം ഓരോരുത്തരും ഏതെങ്കിലും ഒരു ആൾക്കൂട്ടത്തിന് മുന്നിൽ വിചാരണ ചെയ്യപ്പെടുന്ന ഇരകളായി മാറിയേക്കാം. അട്ടപ്പള്ളം ഒരു അവസാനമായിരിക്കട്ടെ; അപരനെ സ്നേഹിക്കാനായില്ലെങ്കിലും ഭയപ്പെടാതിരിക്കാനെങ്കിലും നമുക്ക് പഠിക്കാം.
---- facebook comment plugin here -----



