Kerala
പത്തനംതിട്ട കലഞ്ഞൂരിൽ പ്ലസ് വൺ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂര മർദ്ദനം
മർദ്ദനത്തിൽ 16 വയസുകാരനായ പ്ലസ് വൺ വിദ്യാര്‍ഥിയുടെ മൂക്ക് പൊട്ടുകയും കണ്ണിന് താഴെയുള്ള അസ്ഥിക്ക് പരുക്കേൽക്കുകയും ചെയ്തു.
പത്തനംതിട്ട | പത്തനംതിട്ട കലഞ്ഞൂരിൽ വിദ്യാര്‍ഥിയെ സഹപാഠികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥിക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. സംഭവത്തിൽ വിദ്യാര്‍ഥിയുടെ കുടുംബം പോലീസിൽ പരാതി നൽകി.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വിദ്യാര്‍ഥികൾ കളിക്കുന്നതിനിടെ വാക്ക് തർക്കം ഉണ്ടായതിനെ തുടർന്ന് സഹപാഠികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. മർദ്ദനത്തിൽ 16 വയസുകാരനായ പ്ലസ് വൺ വിദ്യാര്‍ഥിയുടെ മൂക്ക് പൊട്ടുകയും കണ്ണിന് താഴെയുള്ള അസ്ഥിക്ക് പരുക്കേൽക്കുകയും ചെയ്തു. ശരീരമാസകലം ചതവേറ്റതായും വിദ്യാര്‍ഥി പറഞ്ഞു.
സംഭവത്തിൽ വിദ്യാര്‍ഥിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വിശദമായ അന്വേഷണം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.




