vazhivilakku
പ്രഭാതങ്ങളിലെ ബര്‍ക്കത്ത് മിസ്സാക്കരുത്
പ്രഭാതസമയത്തെ പ്രവര്‍ത്തനങ്ങളില്‍ വലിയ ബര്‍ക്കത്ത് ഉണ്ടെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. 'എന്റെ സമുദായത്തിന് അവരുടെ പ്രഭാതങ്ങളില്‍ ബര്‍ക്കത്ത് നല്‍കേണമേ' എന്ന് അവിടുന്ന് പ്രാര്‍ഥിച്ചിരുന്നു. അതുകൊണ്ട് തന്നെ, പുലര്‍ച്ചെ നേരത്തേ എഴുന്നേല്‍ക്കുന്നതും ആ സമയത്ത് ആരാധനയില്‍ മുഴുകുന്നതും ഏറെ പുണ്യമുള്ള കാര്യമായി ഇസ്‌ലാം പഠിപ്പിക്കുന്നു.
നമ്മുടെ നാട്ടില്‍ ‘രാത്രി മൂങ്ങ’കള്‍ കൂടി വരികയാണ്. രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി എഴുന്നേല്‍ക്കുകയും ചെയ്യുന്നത് ഒരു ലഹരിയോ ഫാഷനോ ആയി മാറിയിരിക്കുന്നു. അതുകാരണം നഷ്ടപ്പെടുത്തുന്നത് പ്രഭാതത്തിന്റെ വലിയ മഹത്വത്തെയാണ്. ഇസ്‌ലാമിക കാഴ്ചപ്പാടില്‍ പ്രഭാതം എന്നത് കേവലം ഒരു ദിവസത്തിന്റെ തുടക്കം മാത്രമല്ല, മറിച്ച് വലിയ ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങള്‍ നിറഞ്ഞ സമയമാണ്. ഖുര്‍ആന്റെ പ്രയോഗങ്ങളും സന്ദേശങ്ങളും ഈ അതുല്യതയെ ആവിഷ്‌കരിക്കുന്നതും കാണാം. രാത്രിയുടെ ഇരുട്ടിനെ മാറ്റി പകലിന്റെ വെളിച്ചം കൊണ്ടുവരുന്നത് അല്ലാഹുവിന്റെ വലിയൊരു ദൃഷ്ടാന്തമായാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ‘അല്‍ഫലഖ്’ (പ്രഭാതം) എന്ന പേരില്‍ ഖുര്‍ആനില്‍ ഒരു അധ്യായം തന്നെയുണ്ട്. പ്രഭാതത്തിന്റെ നാഥനോട് അഭയം തേടിയാണ് ആ അധ്യായം ആരംഭിക്കുന്നത്.
പ്രഭാതസമയത്തെ പ്രവര്‍ത്തനങ്ങളില്‍ വലിയ ബര്‍ക്കത്ത് ഉണ്ടെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. ‘എന്റെ സമുദായത്തിന് അവരുടെ പ്രഭാതങ്ങളില്‍ ബര്‍ക്കത്ത് നല്‍കേണമേ’ എന്ന് അവിടുന്ന് പ്രാര്‍ഥിച്ചിരുന്നു. അതുകൊണ്ട് തന്നെ, പുലര്‍ച്ചെ നേരത്തേ എഴുന്നേല്‍ക്കുന്നതും ആ സമയത്ത് ആരാധനയില്‍ മുഴുകുന്നതും ഏറെ പുണ്യമുള്ള കാര്യമായി ഇസ്‌ലാം പഠിപ്പിക്കുന്നു. സുബ്ഹി നിസ്‌കാരം മുതല്‍ സൂര്യോദയം വരെ (ഇശ്റാഖ് സമയം വരെ) പള്ളിയിലോ നിസ്‌കരിച്ച സ്ഥലത്തോ ഇരുന്ന് അല്ലാഹുവിനെ സ്മരിക്കുകയും ആരാധനകളില്‍ മുഴുകുകയും ചെയ്യുന്നത് ഇസ്ലാമില്‍ വളരെയേറെ പ്രതിഫലമുള്ള കാര്യമാണ്. അത് നബി(സ)യുടെ പതിവായിരുന്നു. അവിടുന്ന് പറഞ്ഞു: ‘ആരെങ്കിലും സുബ്ഹി നിസ്‌കാരം ജമാഅത്തായി നിര്‍വഹിക്കുകയും, ശേഷം സൂര്യോദയം വരെ അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് അവിടെ ഇരിക്കുകയും, അതിനുശേഷം രണ്ട് റക്അത്ത് ഇശ്റാഖ് നിസ്‌കാരം നിര്‍വഹിക്കുകയും ചെയ്താല്‍ അവന് പൂര്‍ണമായ ഒരു ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം ലഭിക്കുന്നതാണ്.'(തിര്‍മിദി).
ഉണര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ഉറക്കവും വിശ്രമവുമില്ലാതെ അന്നത്തെ ജോലികള്‍ ആരംഭിക്കുന്നതും ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. പ്രഭാത സമയം അന്നത്തെ ആഹാരം തേടിയിറങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ്. പ്രഭാത സമയത്ത് ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് വേണ്ടി പ്രവാചകര്‍(സ) ‘അല്ലാഹുവേ, എന്റെ സമുദായത്തിന് അവരുടെ പ്രഭാതങ്ങളില്‍ നീ ബര്‍ക്കത്ത് നല്‍കേണമേ’ എന്ന് പ്രത്യേകമായി പ്രാര്‍ഥിച്ചിരുന്നു (അബൂദാവൂദ്, തിര്‍മിദി). ഈ ഹദീസ് റിപോര്‍ട്ട് ചെയ്ത സ്വഹാബിയായ സഖ്ര് അല്‍ഗാമിദി(റ) വ്യാപാരിയായിരുന്നു. അദ്ദേഹം തന്റെ കച്ചവടസംഘത്തെ എപ്പോഴും പുലര്‍ച്ചെ തന്നെ യാത്രയാക്കുമായിരുന്നു. ഇതിന്റെ ഫലമായി അദ്ദേഹം വലിയ സമ്പന്നനായിത്തീരുകയും അദ്ദേഹത്തിന്റെ കച്ചവടത്തില്‍ വലിയ അഭിവൃദ്ധി ഉണ്ടാകുകയും ചെയ്തു. ഒരിക്കല്‍ തന്റെ മകള്‍ ഫാത്വിമ(റ) പ്രഭാത സമയത്ത് കിടന്നുറങ്ങുന്നത് കണ്ടപ്പോള്‍ അവരെ വിളിച്ചുണര്‍ത്തിക്കൊണ്ട് നബി(സ) ഇപ്രകാരം പറഞ്ഞു: ‘മകളേ, എഴുന്നേല്‍ക്കുക, നിന്റെ നാഥന്റെ അനുഗ്രഹത്തിന് സാക്ഷിയാകുക. നീ അശ്രദ്ധരില്‍ പെട്ടുപോകരുത്. പ്രഭാതോദയം മുതല്‍ സൂര്യോദയം വരെയുള്ള സമയത്താണ് അല്ലാഹു ജനങ്ങള്‍ക്കുള്ള രിസ്ഖ് വീതിക്കുന്നത്.’ (ബൈഹഖി).
യാത്രകള്‍ നേരത്തേ ആരംഭിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഇത് വെറുമൊരു ശീലമല്ല, മറിച്ച് പ്രവാചകര്‍(സ) പ്രോത്സാഹിപ്പിച്ച ഒരു സുന്നത്താണ്. യാത്രകള്‍ പ്രഭാതത്തില്‍ ആരംഭിക്കുന്നതായിരുന്നു നബി(സ)യുടെ പതിവ്. പ്രത്യേകിച്ച് യുദ്ധങ്ങള്‍ക്കോ സുപ്രധാനമായ മറ്റ് ദൗത്യങ്ങള്‍ക്കോ പോകുമ്പോള്‍ അവിടുന്ന് പ്രഭാത സമയം തിരഞ്ഞെടുത്തിരുന്നു. ‘നബി (സ) ഒരു സൈന്യത്തെയോ കച്ചവട സംഘത്തെയോ അയക്കുകയാണെങ്കില്‍ ദിവസത്തിന്റെ തുടക്കത്തില്‍ അവരെ അയക്കുമായിരുന്നു.’ (അബൂദാവൂദ്). യാത്ര എന്നത് പലപ്പോഴും ക്ഷീണവും പ്രയാസവും നിറഞ്ഞ ഒന്നാണ്. എന്നാല്‍ ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ യാത്ര തുടങ്ങുന്നതിലൂടെ ആ യാത്രയില്‍ അല്ലാഹുവിന്റെ പ്രത്യേകമായ സഹായവും എളുപ്പവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
എന്നാല്‍ രാവിലെ കിടന്നുറങ്ങുന്നതാണ് പുതിയ തലമുറയുടെ ശീലം. വൈകിയുള്ള യാത്രകളും വിനോദങ്ങളും ജീവിതത്തിന്റെ ഭാഗമായപ്പോള്‍ രാവിലെ ഉറങ്ങാതെ തരമില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പരിണമിച്ചിരിക്കുന്നു. അര്‍ധരാത്രിക്ക് ശേഷവും തുറന്നുകിടക്കുന്ന ഭക്ഷണശാലകളും ഇതിന് കാരണമാകുന്നു. ഇസ്‌ലാമിക അധ്യാപനങ്ങളും ആധുനിക ആരോഗ്യശാസ്ത്രവും മുന്‍നിര്‍ത്തി ഈ പ്രവണതയെ വിശകലനം ചെയ്ത് തിരുത്താന്‍ തയ്യാറാകാതിരുന്നാല്‍ നഷ്ടമാകുന്നത് ഐശ്വര്യപൂര്‍ണമായ ജീവിതം തന്നെയായിരിക്കും.



