Connect with us

articles

എപ്സ്റ്റീൻ ഫയൽസിലെ ചോര

ജെഫ്രി എപ്സ്റ്റീന്റെ ബന്ധങ്ങൾ, ഇടപാടുകൾ, ദൗത്യങ്ങൾ, ക്രൂരതകൾ എല്ലാം വെളിവാക്കുന്ന ഇ-മെയിലുകളുടെയും ചിത്രങ്ങളുടെയും ദൃശ്യങ്ങളുടെയും മുന്നിലിരിക്കുമ്പോൾ അവശേഷിക്കുന്നത് പേടിച്ചരണ്ട് കരയുന്ന കുഞ്ഞുങ്ങളുടെ മുഖമാണ്. അയാളും സംഘവും ചവച്ച് തുപ്പിയ കുട്ടികളുടെ ചോര ലോകം ആത്യാദരപൂർവം കാണുന്ന അനേകായിരം വിഗ്രഹങ്ങളിൽ പതിഞ്ഞിരിക്കുന്നു.

Published

|

Last Updated

ജെഫ്രി എപ്സ്റ്റീൻ എന്ന കൊടുംകുറ്റവാളിയെ കുറിച്ചുള്ള കഥകളാണ് മാധ്യമങ്ങളിൽ നിറയെ. ആയിരക്കണക്കിന് കുട്ടികളെ കടത്തിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും ഹൈ പ്രൊഫൈൽ അതിഥികൾക്ക് കാഴ്ചവെക്കുകയും ചെയ്ത ലൈംഗിക അരജകവാദി എന്ന കള്ളിയിൽ ഒതുങ്ങുന്നവനാണോ ജെഫ്രി എപ്സ്റ്റീൻ? മതിയായ യോഗ്യതയില്ലാത്ത അധ്യാപകൻ മാത്രമായിരുന്ന അയാൾ എങ്ങനെയാണ് ശതകോടീശ്വരനായത്? ചിലർ അവകാശപ്പെടുന്നത് പോലെ ധനകാര്യ വൈദഗ്ധ്യത്തിലൂടെയാണോ അയാൾ തന്റെ സാമ്രാജ്യം പണിതത്? ലോകത്തിന്റെ സർവ മേഖലയിലുമുള്ള ഉന്നതരെ തന്റെ സ്വാധീനവലയത്തിലേക്ക് ആകർഷിക്കാൻ എപ്സ്റ്റീന് സാധിച്ചത് ലൈംഗിക വൈകൃതങ്ങളുടെ ആഘോഷരാവുകൾ തീർത്ത പാർട്ടികളിലൂടെ മാത്രമായിരുന്നോ? സർക്കാറുകളെ വീഴ്ത്താനും വാഴിക്കാനും ശേഷിയുള്ള അധികാര ദല്ലാളായിരുന്നോ അയാൾ? മാനവരാശി ഇക്കാലമത്രയും പടുത്തുയർത്തിയ വ്യവസ്ഥകളുടെ മുഴുവൻ കോട്ടകളും തകർത്ത് തരിപ്പണമാക്കാൻ പോന്ന ഉഗ്രസ്ഫോടക വസ്തു നിറച്ച ടൈംബോംബണിഞ്ഞ് നടക്കുന്ന നിരവധി ചാവേറുകളിൽ ഒരാളല്ലേ അയാൾ? ഉത്തരങ്ങളെക്കാളേറെ അപസർപ്പക കഥകളാണ് അന്തരീക്ഷത്തിലുള്ളത്.

അയാളുടെ ബന്ധങ്ങൾ, ഇടപാടുകൾ, ദൗത്യങ്ങൾ, ക്രൂരതകൾ എല്ലാം വെളിവാക്കുന്ന ഇ-മെയിലുകളുടെയും ചിത്രങ്ങളുടെയും ദൃശ്യങ്ങളുടെയും മുന്നിലിരിക്കുമ്പോൾ അവശേഷിക്കുന്നത് പേടിച്ചരണ്ട് കരയുന്ന കുഞ്ഞുങ്ങളുടെ മുഖമാണ്. അയാളും സംഘവും ചവച്ച് തുപ്പിയ കുട്ടികളുടെ ചോര ലോകം ആത്യാദരപൂർവം കാണുന്ന അനേകായിരം വിഗ്രഹങ്ങളിൽ പതിഞ്ഞിരിക്കുന്നു. വിചിത്ര ഭാവനകൾ പ്രചരിപ്പിച്ചും വ്യാജ വീഡിയോകളുണ്ടാക്കിയും യാഥാർഥ്യവും മിഥ്യയും കൂട്ടിക്കുഴച്ച് ആശയക്കുഴപ്പമുണ്ടാക്കാനും അപകടകരമായ സാമാന്യവത്കരണം നടത്താനും എത്രകണ്ട് വിയർത്താലും എപ്സ്റ്റീൻ ഫയൽസിലുൾപ്പെട്ടവരുടെ നാറ്റം ഒളിച്ചുവെക്കാനാകില്ല.

ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകൾ അമേരിക്കൻ ഡിപാർട്ട്‌മെന്റ്ഓഫ് ജസ്റ്റിസ് ഭാഗികമായി പുറത്തുവിട്ടതിൽ നിന്നാണ് പുതിയ ഉത്കണ്ഠകളിലേക്ക് ലോകം എടുത്തെറിയപ്പെട്ടത്. എപ്സ്റ്റീന്റെ കൂട്ടാളിയായിരുന്ന ഗിസ്ലെയ്ൻ മാക്്സ്്വെല്ലിനെതിരെയുള്ള മാനനഷ്ടക്കേസിന്റെ ഭാഗമായാണ് ഈ രേഖകൾ പുറത്തുവന്നത്. എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് (നവംബർ 19, 2025) ഭാഗമായി ഡിസംബറിലും ഈ ജനുവരിയിലുമായാണ് വിവരങ്ങൾ പുറത്തുവന്നത്. ഇതിന്റെ ഇരട്ടിയിലേറെ വരുമത്രേ യഥാർഥ വിവരശേഖരം. പുറത്തുവന്നവ ആർക്കും പരിശോധിക്കാവുന്നതും പേരുകളും അവയുടെ ആവർത്തിയുമൊക്കെ സെർച്ച് ചെയ്യാവുന്ന തരത്തിൽ സുതാര്യവുമാണെന്നും യു എസ് വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ നിർണായക മറച്ചുവെക്കലുകൾ നടത്തിയിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാം.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം തെളിയിക്കുന്ന 38,000 സെർച്ച് റിസൾട്ടുകളെങ്കിലുമുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപോർട്ട് ചെയ്യുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തിരഞ്ഞുപിടിച്ച് പുറത്തുവിട്ടുവെന്ന ആരോപണം ഉന്നയിക്കുന്നവരുമുണ്ട്. അത് പക്ഷേ തൊണ്ട തൊടാതെ വിഴുങ്ങാതിരിക്കുന്നതാണ് നല്ലത്. കാരണം, ഇപ്പോൾ നടുറോഡിൽ ഉടുമുണ്ടഴിഞ്ഞു നിൽക്കുന്നവരുടെ നാണം മറയ്ക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാകാം ഈ “സെലക്ടീവ’ തിയറി.

കുറ്റം ചെയ്യുക, ആ കുറ്റകൃത്യത്തിൽ നിന്ന് കോടികൾ സമ്പാദിക്കുക, നിയമവ്യവസ്ഥക്ക് തൊടാനാകാത്ത ഉയരത്തിലേക്ക് സഞ്ചരിക്കാനുള്ള കരുത്ത് ഈ ക്രൗര്യം കൊണ്ട് നേടിയെടുക്കുക എന്നതായിരുന്നു എപ്സ്റ്റീന്റെ ശൈലി. ചാരവൃത്തിയുടെയും ഹണി ട്രാപ്പിന്റെയും ഘടകങ്ങൾ അയാളുടെ നീക്കങ്ങളിൽ കാണാം. എപ്സ്റ്റീന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള ലിറ്റിൽ സെന്റ് ജെയിംസ് എന്ന ദ്വീപിൽ എത്തിച്ചേരുന്ന സെലിബ്രിറ്റികൾക്ക് എന്തൊക്കെയാണ് നൽകിയതെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. ഒരുതവണ വന്നവർ പിന്നെ വിട്ടുപോകാത്തവിധം കെണിയിൽപ്പെടും. ഈ ബന്ധങ്ങൾ എപ്സ്റ്റീൻ ഉപയോഗിക്കുക വമ്പൻ ഇടപാടുകൾക്കാകും. ഒരു ഭരണകൂടത്തെ തകർക്കുകയാകും ദൗത്യം. അല്ലെങ്കിൽ വലിയൊരു പ്രതിരോധ കരാർ സാധ്യമാക്കുകയാകും. അതുമല്ലെങ്കിൽ ഒരുരാജ്യത്തെ നിർണായക നിയമനിർമാണമാകും.

ബിസിനസ്സ് സാമ്രാജ്യങ്ങൾ പിളർത്തും, വളർത്തും. ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസ്സുകാരുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റത്തിനാണ് ജെഫ്രി എപ്സ്റ്റീൻ അഴിക്കുള്ളിലായത്. 2008ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് എപ്സ്റ്റീൻ ആദ്യമായി അറസ്റ്റിലാകുന്നത്. വെറും 13 ദിവസത്തിനപ്പുറം പുറത്തിറങ്ങിയ പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് 2019 ജൂലൈയിൽ വീണ്ടും അകത്തായി. തൊട്ടടുത്ത മാസം ജയിലറയിൽ എപ്സ്റ്റീൻ മരിച്ചുവെന്നാണ് പുറത്തുവന്ന വിവരം. എപ്സ്റ്റീൻ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് ജയിലധികൃതരുടെ റിപോർട്ട്.

മൃതദേഹം പരിശോധിച്ച ഫോറൻസിക് പാത്തോളജിസ്റ്റ് തന്നെ ഇതിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, എലോൺ മസ്‌ക്, ബിൽ ഗേറ്റ്‌സ്, ആൻഡ്രൂ രാജകുമാരൻ, റച്ചാർഡ് ബാരൻസൺ, ബിൽ ക്ലിന്റൺ, ഇസ്്റാഈൽ മുൻ പ്രധാനമന്ത്രി യഹൂദ് ബരാക്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, വ്യവസായി അനിൽ അംബാനി തുടങ്ങി നീണ്ട നിരയുണ്ട് എപ്സ്റ്റീൻ ഫയൽസിൽ.

ആധുനിക മനുഷ്യന്റെ ആത്മവിശ്വാസമായി അടയാളപ്പെടുന്ന ചില രാഷ്ട്രീയ, സാമൂഹിക, മൂല്യ വ്യവസ്ഥകളുണ്ട്. ഇവയെ മുഴുവൻ ബുൾഡോസർ വെച്ച് തകർക്കുന്നുവെന്നതാണ് എപ്സ്റ്റീൻ ഫയൽസിന്റെ പ്രധാന്യം. ഭരണമാറ്റമുണ്ടാകുന്നത് താൻ വോട്ട് ചെയ്തിട്ടാണെന്ന് പൗരൻമാർ കരുതുന്നു. അനീതിയുണ്ടായാൽ കോടതിയിൽ പോകാമെന്നും അക്രമം നടന്നാൽ പോലീസിനെ സമീപിക്കാമെന്നും ആത്മവിശ്വാസം കൊള്ളുന്നു. എന്നാൽ നിയമവ്യവസ്ഥയുടെ ആണിക്കല്ലായ ന്യായാധിപരും നിയമം നടപ്പാക്കേണ്ട പോലീസ് ഉദ്യോഗസ്ഥരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നിയമനിർമാണം നടത്തേണ്ട രാഷ്ട്രീയ നേതൃത്വവും അവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കേണ്ട എഴുത്തുകാരും ചിന്തകരും കലാകാരന്മാരുമെല്ലാം ഒരു നിശാ ആഘോഷ പാർട്ടിയിൽ ഒറ്റമെയ്യായി ആടി നിൽക്കുന്നത് ആലോചിച്ചു നോക്കൂ. അവരുടെ ലൈംഗിക തൃഷ്ണകളുടെ മൃഗയക്കിടെ എല്ലാ കരാറുകളും വിധികളും പിറക്കുന്നത് സങ്കൽപ്പിച്ചു നോക്കൂ.

അപ്പോൾ, ഉണ്ടെന്ന് നാം കരുതുന്ന വ്യവസ്ഥകൾക്ക് എന്ത് അർഥമാണുണ്ടാകുക. മനുഷ്യത്വം എന്നൊക്കെ പറയുന്നതിന്റെ അർഥം കിടക്കുന്നത് കുറേ മൂല്യങ്ങളിലും വികാരങ്ങളിലുമാണല്ലോ. അമ്മയും പെങ്ങളും സാധാരണ മനുഷ്യർക്ക് “സ്ത്രീ’കളല്ലല്ലോ. കുഞ്ഞുങ്ങളെല്ലാം എല്ലാവർക്കും മക്കളാണല്ലോ. ഇവയെല്ലാം മൂഢവിചാരങ്ങളാണെന്നാണ് എപ്സ്റ്റീൻ ഫയൽസിൽപ്പെട്ട് തുണിപോയി നിൽക്കുന്ന വിഗ്രഹങ്ങൾ മൊഴിയുന്നത്. നവലിബറലുകളുടെ ആദർശ ഇടമാണ് ജെഫ്രി എപ്സ്റ്റീന്റെ ലിറ്റിൽ സെയിന്റ്ജയിംസ് ദ്വീപ്.

എപ്സ്റ്റീൻ ഫയൽസിലെ സൂചകങ്ങളും വിശദീകരണങ്ങളില്ലാത്ത വാക്കുകളും വ്യഖ്യാനിക്കേണ്ടത് നമുക്ക് മുന്നിലുള്ള വസ്തുതകളിലൂടെയാണ്. അനിൽ അംബാനി, എപ്സ്റ്റീൻ ഗ്യാംഗിലെത്തുന്നത് അദ്ദേഹം സാമ്പത്തികമായി തകർന്നിരിക്കുമ്പോഴാണെന്ന് കാലഗണനയിലൂടെ മനസ്സിലാക്കാം. റാഫേൽ ജെറ്റ് ഇടപാടിൽ അനിൽ അംബാനിയെ ഇൻഡസ്ട്രിയൽ പാർട്ണർ ആക്കാൻ ഇന്ത്യൻ സർക്കാർ നിർദേശിച്ചുവെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ് ഹോളണ്ടെ വെളിപ്പെടുത്തുന്നത് 2018ലാണ്.

ഹോളണ്ടെയുടെ പേരും വന്നിട്ടുണ്ട് ഫയൽസിൽ. എപ്സ്റ്റീൻ ഫയൽസിൽ അംബാനിയെ പരാമർശിക്കുന്ന ഇടങ്ങളിൽ വരുന്ന മറ്റ് പേരുകൾ കൂടി മനസ്സിലാക്കിയാൽ എങ്ങനെയാണ് സർക്കാറും വ്യക്തികളും കൈകോർക്കുന്നതെന്നും ആര് എന്തിന്റെ പേരിലൊക്കെയാണ് ഇടനിലയാകുന്നതെന്നും ഏകദേശധാരണ കിട്ടും.

യു എസ് നീതിന്യായ വകുപ്പ് ഏറ്റവും ഒടുവിലായി പുറത്തുവിട്ട (ജനുവരി 2026) എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2017ലെ ഇസ്‌റാഈൽ സന്ദർശനം സംബന്ധിച്ചാണ് പരാമർശമുള്ളത്. “ഇന്ത്യൻ പ്രധാനമന്ത്രി മോദി എന്റെ ഉപദേശം സ്വീകരിച്ചു. യു എസ് പ്രസിഡന്റിനു വേണ്ടി ഇസ്‌റാഈലിൽ നിലകൊണ്ടു. ഏതാനും ആഴ്ചകൾക്ക് മുമ്പ് അവർ കണ്ടുമുട്ടിയിരുന്നു. അത് വിജയിച്ചു’ ഇതാണ് പരാമർശം. എന്താണ് ഇതിന്റെ അർഥം? ഞങ്ങളുടെ ബന്ധം സ്വർഗത്തിൽ എഴുതപ്പെട്ടതാണെന്ന് നരേന്ദ്ര മോദിയും ബെഞ്ചമിൻ നെതന്യാഹുവും വിശേഷിപ്പിച്ച ചരിത്രപരമായ ഇസ്‌റാഈൽ സന്ദർശനം 2017ൽ നടന്നുവെന്ന വസ്തുത മുന്നിലുണ്ട്.

അതുവരെയുള്ള ഫലസ്തീൻ നയം പൊളിച്ചെറിഞ്ഞാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നേരിട്ട് ഇസ്‌റാഈലിൽ പറന്നിറങ്ങിയത്. 1992ൽ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ധൈര്യപ്പെട്ടത് റാവു സർക്കാറായിരുന്നെങ്കിൽ അതിലും ഒരു പടികടന്ന് തന്റെ ഇസ്‌റാഈൽ പക്ഷം പ്രഖ്യാപിക്കുകയായിരുന്നു മോദി. ഈ നയംമാറ്റത്തിന് പിന്നിൽ എപ്സ്റ്റീനാണെന്ന് അവകാശപ്പെടുക മാത്രമല്ല, യു എസിന്റെ ഏതോ താത്പര്യങ്ങൾക്കായി മോദി നിലകൊണ്ടുവെന്നും പറയുന്നു. തുടർന്ന് നടന്നത് കൂടി ചേർത്ത് വായിക്കണം. ഇസ്റാഈലുമായും യു എസുമായും കരാറുകൾ. പെഗാസസ് ഓർമയില്ലേ.

നരേന്ദ്ര മോദിയുടെ പേര് എപ്സ്റ്റീൻ ഫയൽസിൽ വന്നത് അങ്ങയേറ്റത്തെ നാണക്കേടോടെ മാത്രമേ ഓരോ ഇന്ത്യക്കാരനും കാണാനാകൂ. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളിന്റെ നിഷേധക്കുറിപ്പ് ആ നാണക്കേടിന് ശമനമാകുന്നില്ല. “2017 ജൂലൈയിൽ പ്രധാനമന്ത്രി ഇസ്‌റാഈലിൽ ഔദ്യോഗിക സന്ദർശനം നടത്തി എന്നതൊഴികെ, ഇ-മെയിലിലെ ബാക്കി പരാമർശങ്ങളെല്ലാം ഒരു കുറ്റവാളിയുടെ പാഴ്്വാക്കുകൾ മാത്രമാണ്. അങ്ങേയറ്റം അവജ്ഞയോടെ ഇവ തള്ളിക്കളയുന്നു’ എന്നാണ് ജയ്‌സ്വാളിന്റെ വാക്കുകൾ. പക്ഷേ, ചോദ്യങ്ങൾ ഉത്തരമില്ലാതെ അലയുകയാണ്.

എന്താണ് എപ്സ്റ്റീനുമായി പ്രധാനമന്ത്രിക്കുള്ള ബന്ധം? ബ്ലാക്ക്‌മെയിലിംഗ് തുടരുകയാണോ? ഏറ്റവുമൊടുവിൽ രാജ്യ താത്പര്യങ്ങൾ അമേരിക്കക്ക് മുന്നിൽ അപ്പാടെ അടിയറവെക്കുന്ന വ്യാപാര കരാറിന് തലവെച്ച് കൊടുത്തത് അത്തരമൊരു സമ്മർദത്തിന്റെ പുറത്താണോ? കർഷകരുടെ നട്ടെല്ലൊടിക്കുന്ന തീരുവരഹിത ഇറക്കുമതിക്കും റഷ്യൻ എണ്ണ വേണ്ടെന്നുവെക്കുന്നതിനും സമ്മതിച്ച് കൊടുക്കേണ്ട ഒരു സാഹചര്യവും മുന്നിലുണ്ടായിരുന്നില്ലല്ലോ. ഇന്ത്യ ശക്തമായ നിലയിലാണെന്ന് നിരന്തരം അവകാശപ്പെടുന്ന ഒരു സർക്കാർ ഇത്രയും വശം ചെരിഞ്ഞ, കരാറെന്ന് വിളിക്കാൻ പോലും യോഗ്യമല്ലാത്ത ഒരു ഏകപക്ഷീയ നീക്കുപോക്കിന് നിന്നുകൊടുത്തതിന് പിന്നിൽ എന്തായിരിക്കും? പ്രധാനമന്ത്രിയുടെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് പവൻ ഖേരയെപ്പോലുള്ള കോൺഗ്രസ്സ് നേതാക്കൾ ആവശ്യപ്പെടുന്നതിലെത്തിയിരിക്കുന്നു എപ്സ്റ്റീൻ ഫയലാനന്തര ചർച്ചകൾ. ഇന്ത്യയും ഇസ്‌റാഈലും തമ്മിലുള്ള പ്രതിരോധ ഇടപാടുകളിൽ ഇത്തരം ഇടനിലക്കാർക്ക് സ്വാധീനമുണ്ടായിരുന്നോ എന്ന സംശയങ്ങളും ഉയരുന്നു.

പുറത്തുവന്ന മൊത്തം വിവരങ്ങൾ വിശകലനം ചെയ്തവരെല്ലാം ഒറ്റ സ്വരത്തിൽ എത്തിച്ചേരുന്നത് ജെഫ്രി എപ്സ്റ്റീനും ഗിസ്ലെയ്ൻ മാക്്സ്്വെല്ലും ഇസ്‌റാഈൽ ചാരസംഘടനയായ മോസ്സാദിന് വേണ്ടി പ്രവർത്തിച്ചിരുന്നു എന്നിടത്താണ്. യഹൂദ് ബരാകുമായുള്ള ആഴത്തിലുള്ള ബന്ധം ഇതിന് തെളിവാണ്. ലോകനേതാക്കളെ ലൈംഗിക കെണിയിൽ കുടുക്കി സയണിസ്റ്റ് യുക്തികൾക്കനുസരിച്ച് തീരുമാനങ്ങളെടുപ്പിക്കുന്നതിലേക്കും വിവിധ പ്രതിരോധ ഇടപാടുകളിൽ ഇടപെടുന്നതിലേക്കും അവരെ വലിച്ചിഴക്കുകയായിരുന്നുവെന്നുമാണ് വിലയിരുത്തൽ. വലിച്ചിഴച്ചുവെന്നൊന്നും പറയേണ്ട, സന്തോഷം ആഗ്രഹിക്കാത്തത് ആരാണ്? എക്കാലത്തും സയണിസ്റ്റുകളുടെ ആയുധം ആരാന്റെ രഹസ്യങ്ങളും
നുണകളുമായിരുന്നു.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest