Articles
നമ്മുടെ വികസന ഭൂപടം യാഥാര്‍ഥ്യമാകുമോ?
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദം ഭരണകൂടത്തിന്റെ കാതുകളില്‍ എത്താനുള്ള ഏറ്റവും വലിയ ഉപാധിയാണ് സെന്‍സസ്. ഓരോ വീടിന്റെയും പടിവാതില്‍ക്കലില്‍ എത്തുന്ന എണ്ണമറ്റ ഉദ്യോഗസ്ഥര്‍ യഥാര്‍ഥത്തില്‍ ശേഖരിക്കുന്നത് ഒരു ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. സെന്‍സസില്‍ കൃത്യമായ വിവരം നല്‍കേണ്ടത് പൗരന്മാരുടെ ഉത്തരവാദിത്വമാണ്.
കണക്കെടുപ്പിനപ്പുറം ഓരോ പൗരന്റെയും ജീവിതം അടയാളപ്പെടുത്തുന്ന സെന്‍സസ് മഹായജ്ഞം ഈ വര്‍ഷം ഏപ്രില്‍ മുതല്‍ രാജ്യത്ത് ആരംഭിക്കാന്‍ പോകുന്നു. നമ്മുടെ മഹാരാജ്യത്തിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയാനുള്ള വലിയ പ്രക്രിയക്കാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സെന്‍സസിലൂടെ കളമൊരുങ്ങുന്നത്.
ആദ്യഘട്ടത്തില്‍ എല്ലാ വീടുകളിലും സെന്‍സസ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് കുടിവെള്ളം, വൈദ്യുതി, ശുചിമുറി എന്നിവയുടെ ലഭ്യത ശേഖരിക്കും. രണ്ടാംഘട്ടത്തില്‍ ഓരോ വ്യക്തിയുടെയും പേര്, ലിംഗഭേദം, ഭാഷ, വിദ്യാഭ്യാസം, തൊഴില്‍, വരുമാനം, സാക്ഷരത തുടങ്ങിയ അടിസ്ഥാന വിവരങ്ങളും ശേഖരിക്കും. ലോകം ഉറ്റുനോക്കുന്ന 2026ലെ ദേശീയ ജനസംഖ്യാ കണക്കെടുപ്പ് കേവലം അക്കങ്ങളുടെ സമാഹാരമല്ല, മറിച്ച് ഓരോ പൗരന്റെയും അവകാശങ്ങളെയും ആവശ്യകതകളെയും തൊട്ടറിയുന്ന ഒരു സാമൂഹിക രേഖയാണ്. 16 വര്‍ഷത്തെ ഇടവേളക്കു ശേഷം നടക്കുന്നതിനാല്‍ 30 ലക്ഷം ജീവനക്കാര്‍ പങ്കെടുക്കുന്ന പ്രവര്‍ത്തനം സെന്‍സസ് ചരിത്രത്തില്‍ സുവര്‍ണാക്ഷരങ്ങളില്‍ രേഖപ്പെടുത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ഭരണപരമായ പ്രവര്‍ത്തനമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നാളിതുവരെ രാജ്യം നേടിയെടുത്ത വിജയ വഴികളില്‍ വന്ന പോരായ്മകള്‍, വിടവുകള്‍ എന്നിവ നികത്തുന്നതിനും, വരും ദശകങ്ങളിലെ വികസന കുതിപ്പിന് ദിശാബോധം നല്‍കുന്നതിനുമാണ് 2026ലെ സെന്‍സസ് വഴിയൊരുക്കുന്നത്. രാജ്യത്തിന്റെ മാനവ വിഭവശേഷി കൃത്യമായി നിര്‍ണയിക്കപ്പെടുമ്പോഴാണ് നയരൂപവത്കരണങ്ങള്‍ അര്‍ഥവത്തായി മാറുന്നത്.
ഡിജിറ്റല്‍ യുഗത്തിന്റെ പരിവര്‍ത്തനമായി സെന്‍സസ് പ്രവര്‍ത്തനം മാറുകയാണ്. പഴയ പേപ്പര്‍ ഫയലുകളില്‍ നിന്ന് മാറി സാങ്കേതിക വിദ്യയുടെ കരുത്തിലേക്ക് സെന്‍സസ് പ്രവര്‍ത്തനം ചുവടുവെക്കും. കണക്കെടുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുന്നതിന് 15 ദിവസം മുമ്പ് ഡിജിറ്റലായി സെന്‍സസ് വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുന്നു എന്ന പ്രത്യേകതയും 2026ലെ സെന്‍സസിന് ഉണ്ട്. ഡാറ്റാ ശേഖരണത്തില്‍ വലിയ വിപ്ലവമാണ് 2026ലെ സെന്‍സസ് കാഴ്ചവെക്കാന്‍ പോകുന്നത്. നൊടിയിടക്കുള്ളില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുന്നതിനാല്‍ സെന്‍സസിന് ജനകീയ മുഖം കൈവരുമെന്ന് കണക്കാക്കപ്പെടുന്നു. കാര്യക്ഷമവും അഴിമതിരഹിതവുമായ വിഭവ വിതരണത്തിന് സെന്‍സസ് വിവരങ്ങള്‍ അടിസ്ഥാനശിലയാകും.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി പൊതുജനസംഖ്യാ ശേഖരണത്തോടൊപ്പം ജാതി വിവരവും ശേഖരിക്കുന്നു എന്നതും ഈ വര്‍ഷത്തെ സെന്‍സസിന്റെ സവിശേഷതയാണ്. മണ്ഡല പുനര്‍നിര്‍ണയം, വനിതാ സംവരണം, ക്ഷേമ പദ്ധതികളുടെ ആസൂത്രണം എന്നിവക്കെല്ലാം 2026ലെ സെന്‍സസ് കണക്കുകള്‍ വഴിത്തിരിവാകും. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദം ഭരണകൂടത്തിന്റെ കാതുകളില്‍ എത്താനുള്ള ഏറ്റവും വലിയ ഉപാധിയാണ് സെന്‍സസ്. ഓരോ വീടിന്റെയും പടിവാതില്‍ക്കലില്‍ എത്തുന്ന എണ്ണമറ്റ ഉദ്യോഗസ്ഥര്‍ യഥാര്‍ഥത്തില്‍ ശേഖരിക്കുന്നത് ഒരു ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. സെന്‍സസില്‍ കൃത്യമായ വിവരം നല്‍കേണ്ടത് പൗരന്മാരുടെ ഉത്തരവാദിത്വമാണ്. കൃത്യമായി വിവരങ്ങള്‍ നല്‍കുന്നതിലൂടെ ഭാവി തലമുറയുടെ വളര്‍ച്ചക്കാണ് സെന്‍സസ് കണക്കെടുപ്പ് വളമിടുന്നത്.
രാജ്യത്തിന്റെ വികസനത്തിന്റെ ആധാരശില കൂടിയാണ് സെന്‍സസ്. വിഭവങ്ങളുടെ തുല്യമായ വിതരണം, വിദ്യാഭ്യാസ മേഖലയിലെ ആസൂത്രണം, ആരോഗ്യ മേഖലയിലെ ഇടപെടല്‍, ജനനം മരണം സംബന്ധിച്ചുള്ള ഭാവി ആസൂത്രണ പ്രവര്‍ത്തനങ്ങള്‍, എസ് സി -എസ് ടി വിഭാഗങ്ങളുടെ ക്ഷേമം, വ്യവസായ വികസനം എന്നിവയില്‍ സെന്‍സസ് കണക്കുകള്‍ സുപ്രധാന പങ്ക് വഹിക്കും. ഇന്ത്യയുടെ ഭൂതകാലത്തെ വിലയിരുത്തി ഭാവിയിലേക്കുള്ള പദ്ധതികള്‍ കൃത്യമായി ആസൂത്രണം ചെയ്യാന്‍ സാധിക്കുന്ന ഒരു മാഗ്നാ കാര്‍ട്ടയാണ് സെന്‍സസ്. രാജ്യത്തിന്റെ പരിവര്‍ത്തനത്തിന്റെ കഥ പറയുന്ന സെന്‍സസ് വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ രാജ്യത്തിന്റെ യഥാര്‍ഥ ചിത്രം മനസ്സിലാകുന്നതാണ്. സാക്ഷരത, സ്ത്രീപുരുഷ അനുപാതം, കുട്ടികളുടെ ലിംഗാനുപാതം, വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുടെ എണ്ണം, നാമാവശേഷമാകുന്ന ഭാഷകള്‍ ഏതൊക്കെ എന്നിവ സെന്‍സസിലൂടെ പുറത്തുവരും. രാജ്യത്ത് ജനസംഖ്യാ വിസ്ഫോടനം നടക്കുന്നുണ്ടോ, സമൂഹം നിലനില്‍ക്കാനുള്ള പ്രത്യുത്പാദനശേഷി രാജ്യം കൈവരിക്കുന്നുണ്ടോ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത എന്താണ്, ജീവിതശൈലിയിലെ മാറ്റം ജനങ്ങളെ എത്രമാത്രം രോഗികളാക്കി മാറ്റി, ഡിജിറ്റല്‍ ലോകത്ത് ഇന്ത്യയുടെ സാധ്യത എത്രത്തോളം ഉണ്ട്, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ എത്ര, വാഹന സാന്ദ്രത അമേരിക്കയെ കടത്തിവെട്ടുമോ, ഗ്രാമങ്ങളില്‍ പുകയും തീയും ശ്വസിക്കുന്നവരുടെ എണ്ണം എത്ര, സാക്ഷരതയില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ ഏതൊക്കെ, ജനസംഖ്യയില്‍ ഒന്നാം സ്ഥാനം ഇന്ത്യ നിലനിര്‍ത്തുമോ, ആയുര്‍ദൈര്‍ഘ്യത്തില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണോ കൂടുതല്‍, ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ എത്ര പേര്‍ താമസിക്കുന്നു, നഗരവത്കരണം യാഥാര്‍ഥ്യമാകുമോ എന്നീ കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ സെന്‍സസിലൂടെ സാധിക്കുന്നതാണ്.
രാജ്യത്ത് നടപ്പാക്കിയ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിയോ, ഭവനരഹിതര്‍ എത്ര, തൊഴിലില്ലായ്മ എത്രത്തോളം ഉണ്ട്, വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ ആരൊക്കെ, വിഭവങ്ങളുടെ വിതരണവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് വിനിയോഗവും ഫലപ്രദമായിരുന്നോ എന്നതും സെന്‍സസിലൂടെ പുറത്തുവരുന്നതാണ്.
ഓരോ പൗരന്റെയും ശബ്ദം കേള്‍ക്കപ്പെടുമെന്നും ഓരോ വ്യക്തിയും വികസനത്തിന്റെ ഭാഗമാണെന്നും സെന്‍സസ് ഉറപ്പുവരുത്തുന്നു. ഓരോ പൗരന്റെയും സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങള്‍ സെന്‍സസിലൂടെ പ്രതിഫലിക്കുന്നതാണ്. ജനസംഖ്യാനുപാതികമായി രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി ലോക്സഭാ, നിയമസഭാ മണ്ഡല നിര്‍ണയത്തിന് സെന്‍സസ് കണക്കുകള്‍ അടിസ്ഥാന രേഖയാണ്. ജനതയുടെ ജാതകം നോക്കുന്ന സെന്‍സസ് കണക്കുകള്‍ വികസനത്തിന്റെ പുതിയ അധ്യായമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. അക്കങ്ങള്‍ സംസാരിക്കുന്നു എന്ന പ്രത്യേകതയും സെന്‍സസിനുണ്ട്. ഭരണഘടനയിലെ ഏഴാം ഷെഡ്യൂളില്‍ യൂനിയന്‍ ലിസ്റ്റില്‍ പെട്ട ഉത്തരവാദിത്വമാണ് സെന്‍സസ് പ്രവര്‍ത്തനം.



