Connect with us

Ongoing News

വൈഭവ് വിസ്മയംl ഇന്ത്യ അണ്ടര്‍ 19 ലോകചാമ്പ്യന്മാര്‍

ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ വിജയം. ഇത് ആറാം തവണയാണ് അണ്ടര്‍ 19ല്‍ ഇന്ത്യ ലോക ചാമ്പ്യന്മാരാകുന്നത്.

Published

|

Last Updated

ഹരാരെ | അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ വീണ്ടും മുത്തമിട്ട് ഇന്ത്യന്‍ കൗമാരപ്പട. ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ വിജയം. ഇത് ആറാം തവണയാണ് അണ്ടര്‍ 19ല്‍ ഇന്ത്യ ലോക ചാമ്പ്യന്മാരാകുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വൈഭവ് സൂര്യവംശിയുടെ വിസ്മയ ബാറ്റിങിന്റെ കരുത്തില്‍ റെക്കോര്‍ഡ് സ്‌കോര്‍ പടുത്തുയര്‍ത്തി. 412 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ, ഇംഗ്ലണ്ടിന്റെ മുമ്പില്‍ വച്ചത്. ഇന്ത്യന്‍ ടോട്ടലിന് അടുത്തെങ്കിലുമെത്താനായി ഇംഗ്ലണ്ട് വീറോടെ പൊരുതിയെങ്കിലും 311 റണ്‍സില്‍ വീണു. ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 58 പന്തുകള്‍ എറിയാന്‍ ബാക്കിയുണ്ടായിരുന്നു.

ഇന്ത്യ പടുത്തുയര്‍ത്തിയ റണ്‍മലയിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് 177 റണ്‍സെത്തുമ്പോഴേക്കും ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. തകര്‍ത്തടിച്ച കാലെബ് മാത്യു ഫാല്‍കോണറാണ് ഇംഗ്ലണ്ടിനെ 300 കടത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. 67 പന്തില്‍ 115 റണ്‍സാണ് ഫാല്‍കോണര്‍ അടിച്ചെടുത്തത്. ബെന്‍ ഡോകിന്‍സാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടാമത് ശോഭിച്ചത് (56 പന്തില്‍ 66 റണ്‍സ്). ബെന്‍ മായെസ് (28ല്‍ 45), തോമസ് റ്യൂ (18ല്‍ 31) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ജെയിംസ് മിന്റോ 28 റണ്‍സെടുത്തു. അംബരിഷ് ആര്‍ എസ് ഇന്ത്യക്കായി മൂന്ന് വിക്കറ്റെടുത്തു. ദീപേഷ് ദേവേന്ദ്രന്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. കിലന്‍ പട്ടേല്‍, ആയുഷ് മാത്രെ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

നേരത്തെ, 80 റണ്‍സില്‍ 175 റണ്‍സ് വാരിക്കൂട്ടിയ വൈഭവ് സൂര്യവംശിയുടെ കിടിലന്‍ ബാറ്റിങാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. നായകന്‍ ആയുഷ് മാത്രെ (51 പന്തില്‍ 53), വേദേന്ത് അല്‍പേഷ്‌കുമാര്‍ ത്രിവേദി (36ല്‍ 32), വിഹാന്‍ മനോജ് മല്‍ഹോത്ര (36ല്‍ 30), അഭിഗ്യാന്‍ അഭിഷേക് കുന്‍ഡു (31ല്‍ 40), കനിഷ്‌ക് ചൗഹാന്‍ (20ല്‍ 37) എന്നിവരും ഇന്ത്യക്കായി മികച്ച ബാറ്റിങ് കാഴ്ചവച്ചു. അംബരിഷ് ആര്‍ എസ് 18 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ജെയിംസ് മിന്റോ മൂന്നും സെബാസ്റ്റിയന്‍ മോര്‍ഗന്‍, അലെക്‌സ് ഗ്രീന്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് സ്വന്തമാക്കി. മാനി ലംസ്‌ഡെന്‍ ഒരു വിക്കറ്റ് നേടി.

Latest