articles
മർകസ് തൊടുന്ന ആകാശങ്ങൾ
ഭൗതികം, ആത്മീയം എന്ന വേര്‍തിരിവില്ലാതെ എല്ലാ വിജ്ഞാനശാഖകളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിലും ഒന്നും ഒരാളുടെയും കുത്തകയല്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിലും പ്രവര്‍ത്തനങ്ങളിലൂടെ മര്‍കസ് വിജയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ആഴത്തില്‍ അറിവ് നുകര്‍ന്ന മതപണ്ഡിതരെയും സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളെയും ഫുള്‍ബ്രൈറ്റ് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകാരെയും സാമൂഹിക രംഗത്തെ നിപുണരെയും ഒരേസമയം മര്‍കസിന് ഉത്പാദിപ്പിക്കാന്‍ സാധിച്ചത്.
1978ല്‍ കേരളത്തില്‍ വലിയ മുന്‍ മാതൃകകളൊന്നും ഇല്ലാത്ത ഒരു വേളയില്‍, കൃത്യമായ സാമ്പത്തിക മൂലധനമോ ഭൗതിക വിഭവങ്ങളോ ഇല്ലാത്ത സമയത്ത് എങ്ങനെയാണ് മര്‍കസിന്റെ ശില്‍പ്പിയും നമ്മുടെ അഭിവന്ദ്യ നേതൃത്വവുമായ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദ് ഇത്ര വിശാലവും ദീര്‍ഘ ദൃഷ്ടിയോടെയുമുള്ള ഒരു പദ്ധതി വിഭാവനം ചെയ്തിരിക്കുക എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എന്തെന്നാല്‍ കേവലം ഒരു അനാഥാലയം തുടങ്ങി സ്വാഭാവികമായ ഒഴുക്കില്‍ കുറെ സ്ഥാപനങ്ങളും പദ്ധതികളുമായി വികസിക്കുകയായിരുന്നില്ല മര്‍കസ് എന്നാണ് സൂക്ഷ്മാര്‍ഥത്തില്‍ അതിന്റെ നാള്‍വഴികളെ അപഗ്രഥിക്കുമ്പോള്‍ മനസ്സിലായിട്ടുള്ളത്. കൃത്യമായ ആസൂത്രണം ഓരോ പ്രവര്‍ത്തനത്തിന് പിന്നിലുമുണ്ടായിരുന്നു. മര്‍കസുസ്സഖാഫത്തി സുന്നിയ്യ എന്ന പേര് തന്നെ നോക്കൂ, സുന്നികളുടെ, അഥവാ മുസ്‌ലിം ബഹുജനത്തിന്റെ സാംസ്‌കാരിക കേന്ദ്രം എന്നാണ്. മറ്റാരും അക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത്തരം പേരുകള്‍ നല്‍കാന്‍ സാധ്യതയില്ല. കേവലം വിദ്യാഭ്യാസം എന്നതിലുപരി ഒരു സമൂഹത്തിന്റെ സാംസ്‌കാരിക ഔന്നത്യം സാധ്യമാക്കാനുള്ള ഒരു ചുവടുവെപ്പ് എന്ന നിലയില്‍ തന്നെയാണ് മര്‍കസ് ആരംഭിക്കുന്നത്. അതുകൊണ്ടാണ് ആദ്യകാലത്തു തന്നെ വിദ്യാഭ്യാസത്തിനൊപ്പം തന്നെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലും മര്‍കസ് സജീവമായി ശ്രദ്ധ നല്‍കിയത്.
മുസ്‌ലിം സമൂഹത്തിന്റെ വൈജ്ഞാനിക ഉണര്‍വും മുന്നേറ്റവുമാണ് മര്‍കസിന്റെ ആദ്യകാല പദ്ധതികളില്‍ പ്രധാനമെങ്കിലും ഈ ജനതയെ സംസ്‌കാര സമ്പന്നമാക്കുന്ന ഒട്ടനവധി പദ്ധതികളില്‍ മര്‍കസ് സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. താരതമ്യേന മെച്ചപ്പെട്ട തൊഴില്‍, പാര്‍പ്പിടം, സമാധാന ജീവിതം, ധാര്‍മിക ബോധം എന്നിവയെല്ലാമാണല്ലോ ഒരു സമൂഹത്തെ സംസ്‌കാര സമ്പന്നമാക്കുന്നത്. അഗതികളും അനാഥകളുമായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവും സംരക്ഷണവും നല്‍കി വളര്‍ത്തിക്കൊണ്ടുവരികയായിരുന്നു മര്‍കസ് പ്രഥമ ഘട്ടത്തില്‍ ചെയ്തത്.
രണ്ടാം ഘട്ടത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക സംരംഭങ്ങളും സ്ഥാപിച്ച് വിദ്യാഭ്യാസ മുന്നേറ്റം നടത്തി സുസ്ഥിര സമൂഹം കെട്ടിപ്പടുത്തു. മൂന്നാം ഘട്ടത്തില്‍ മദീനത്തുന്നൂര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് പോലുള്ള സമന്വയ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ യൂനിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠന ഗവേഷണ അവസരങ്ങള്‍ സൃഷ്ടിക്കുകയും ഗുണമേന്മയുള്ള തലമുറയെ വാര്‍ത്തെടുക്കുകയും ചെയ്തു. നാലാം ഘട്ട പദ്ധതികളില്‍ ദേശീയതലത്തിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ തിരിച്ചറിഞ്ഞ് “മര്‍കസ് മോഡല്‍’ സ്ഥാപനങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിര്‍മിക്കുകയായിരുന്നു. വിദ്യാഭ്യാസം, പാര്‍പ്പിടം, ആരോഗ്യം, സംസ്‌കാരം, വാണിജ്യം തുടങ്ങിയവ ഒരുമിക്കുന്ന സുസ്ഥിര നഗരമായ മര്‍കസ് നോളജ് സിറ്റി സ്ഥാപിച്ച് അഞ്ചാം ഘട്ടത്തില്‍ സാമൂഹിക രാഷ്ട്ര നിര്‍മാണത്തിന്റെ പുതിയ മാതൃക മര്‍കസ് ലോകത്തിന് സമര്‍പ്പിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മാറ്റങ്ങളെയും സങ്കീര്‍ണതകളെയും അഭിമുഖീകരിക്കാന്‍ പ്രാപ്തരായ, നൈതികതയും സാമൂഹിക പ്രതിബദ്ധതയുമുള്ള ലീഡേഴ്‌സിനെ വാര്‍ത്തെടുക്കുന്ന പുതിയ ദൗത്യമാണ് ആറാം ഘട്ട പദ്ധതിയായി ഇപ്പോള്‍ മര്‍കസിന്റെ മുന്നിലുള്ളത്. ഇന്ത്യയെ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ക്യാപിറ്റലിന്റെ പ്രധാന ഇടമായി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിനായി കോഴിക്കോട് ജില്ലയില്‍ വിശാലമായ 50 ഏക്കര്‍ സ്ഥലത്ത് പദ്ധതി വിഭാവനം ചെയ്യുകയും കഴിഞ്ഞ മാസം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സാരഥികളുടെ നേതൃത്വത്തില്‍ നിര്‍മാണം ആരംഭിക്കുകയും ചെയ്തു.
മര്‍കസ് മോഡല്‍
വിദ്യാഭ്യാസത്തെ ജനകീയമാക്കി എന്നതായിരുന്നു മര്‍കസ് മോഡല്‍ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന തത്ത്വം. ഇതുവഴി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സാധാരണക്കാര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനതക്കും ആധുനിക വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും സൗജന്യമായും കുറഞ്ഞ ചെലവിലും പഠിക്കാനുള്ള സാഹചര്യമുണ്ടായി. ഒരു അനാഥാലയം സ്ഥാപിച്ചാണ് വിദ്യാഭ്യാസ രംഗത്തേക്ക് മര്‍കസ് പ്രവേശിച്ചത് എന്നത് തന്നെയാണ് ഈ ജനകീയ വിദ്യാഭ്യാസ രീതിയുടെ ഏറ്റവും വലിയ മാതൃക. കഴിഞ്ഞ കാലങ്ങളില്‍ വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന മലബാറിലെ ഗ്രാമ പ്രദേശങ്ങളിലും മലയോര മേഖലയിലും തീരദേശ പ്രദേശങ്ങളിലും മര്‍കസിന്റെ നേതൃത്വത്തില്‍ ധാരാളം വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഉത്തരേന്ത്യയിലെ ചേരി പ്രദേശങ്ങളിലേക്കും കര്‍ഷക ഗ്രാമങ്ങളിലേക്കും പിന്നീട് ഈ ദൗത്യം നീണ്ടു. അതുമുഖേന സാധാരണക്കാര്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം കുറഞ്ഞ ചെലവിലും സൗജന്യമായും തങ്ങളുടെ പരിസരങ്ങളില്‍ തന്നെ ലഭ്യമായി.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും മനുഷ്യര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ മുന്നില്‍ നില്‍ക്കുകയും ചെയ്തു എന്നതാണ് മറ്റൊരു സവിശേഷത. സംസ്ഥാനത്തെ തന്നെ ആദ്യത്തെ കമ്പ്യൂട്ടര്‍ പഠന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു മര്‍കസ് ടൈപ്പിംഗ് ആന്‍ഡ് കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ഹാന്‍ഡി ക്രാഫ്റ്റ് അക്കാദമി, സ്ത്രീ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മര്‍കസ് ഐ ടി ഐ എന്നിവ ഈ അടിസ്ഥാനത്തില്‍ സ്ഥാപിതമായവയാണ്. ഇപ്പോള്‍ ബംഗാള്‍ ത്വയ്ബ ഗാര്‍ഡനിലും മര്‍കസ് നോളജ് സിറ്റിയിലും വിവിധ തൊഴില്‍-സംരംഭ കേന്ദ്രങ്ങളുണ്ട്.
സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രം ലഭ്യമായിരുന്ന ഉന്നത വിദ്യാഭ്യാസവും പ്രൊഫഷനല്‍ വിദ്യാഭ്യാസവും സാര്‍വത്രികമാക്കി എന്നതാണ് മര്‍കസ് മോഡല്‍ വിദ്യാഭ്യാസത്തിന്റെ മറ്റൊരു സവിശേഷത. ഇതിനായി പ്രധാനമായും മൂന്ന് കാര്യങ്ങളാണ് മര്‍കസ് ചെയ്തത്. ഉന്നത വിദ്യാഭ്യാസം നല്‍കുന്ന കലാലയങ്ങള്‍ സ്ഥാപിക്കുകയായിരുന്നു ഒന്ന്. ലോ കോളജ്, യുനാനി മെഡിക്കല്‍ കോളജ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, ടെക്നികല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ഫാര്‍മസി കോളജ്, സി എ അക്കാദമി, സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്റര്‍ എന്നിവയൊക്കെ ഇതിലുള്‍പ്പെടും. ഉന്നത കലാലയങ്ങളില്‍ പ്രവേശനം നേടുന്ന പാവപ്പെട്ട വിദ്യാര്‍ഥികളെ സ്‌കോളര്‍ഷിപ്പ് നല്‍കി മര്‍കസ് പഠിപ്പിക്കുന്ന സംവിധാനമായിരുന്നു മറ്റൊന്ന്. മര്‍കസിനു കീഴില്‍ പ്ലസ്ടു വരെ പഠിച്ച നിരവധി അനാഥരും അഗതികളുമാണ് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലൂടെ കേരളത്തിലെ പ്രശസ്ത മെഡിക്കല്‍ കോളജുകളില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ പഠനം പൂര്‍ത്തിയാക്കിയത്. ഈ പദ്ധതിക്ക് കീഴില്‍ ഡോക്ടർമാരായ 20ലധികം അനാഥരുണ്ട്.
എന്‍ജിനീയറിംഗ് രംഗത്തും സാങ്കേതിക രംഗത്തും സര്‍ക്കാര്‍ ഉദ്യോഗ രംഗത്തും സംരംഭകത്വ രംഗത്തും ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലൂടെ മികവ് നേടിയവര്‍ ഒരുപാടുണ്ട്. കൂടാതെ അനാഥര്‍ക്ക് സ്വന്തം ഗൃഹാന്തരീക്ഷത്തില്‍ നിന്ന് തന്നെ പഠനം തുടരാന്‍ സാധിക്കുന്ന മര്‍കസ് ഹോം കെയര്‍ പദ്ധതിയില്‍ 13,000 പേര്‍ ഗുണഭോക്താക്കളായിട്ടുണ്ട്. പ്രാഥമിക- ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി 2023ല്‍ ആരംഭിച്ച ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ തുടങ്ങിയവ ഈ രംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പുകളാണ്.
ഉന്നത കലാലയങ്ങളുമായി അക്കാദമിക വിനിമയം സ്ഥാപിച്ചും മര്‍കസ് സമൂഹത്തില്‍ വലിയ ദൗത്യം നിര്‍വഹിച്ചു. സ്വദേശത്തെയും വിദേശത്തെയും ഉന്നത കലാലയങ്ങളുമായി അക്കാദമിക വിനിമയം സ്ഥാപിക്കുക വഴി ഉന്നതവും ആധുനികവുമായ വിദ്യാഭ്യാസം സൗജന്യമായി വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാന്‍ മര്‍കസിന് സാധിച്ചു.
തുര്‍ക്കിയിലെ ഉസ്‌കുദാര്‍ യൂനിവേഴ്സിറ്റി, മലേഷ്യയിലെ യൂനിവേഴ്സിറ്റി സയന്‍സ് ഇസ്‌ലാം മലേഷ്യ തുടങ്ങി ഇരുപതിലധികം വിദേശ സര്‍വകലാശാലകളിലും തമിഴ്നാട്ടിലെ നൂറുല്‍ ഇസ്‌ലാം കോളജ്, സദക്ക് എന്‍ജിനീയറിംഗ് കോളജ്, യേനപ്പോയ മെഡിക്കല്‍ കോളജ് എന്നിവയിലുമെല്ലാം ഒട്ടേറെ മര്‍കസ് വിദ്യാര്‍ഥികള്‍ ഈ പദ്ധതിയിലൂടെ പഠനം നിര്‍വഹിച്ചു. ഭൗതികം, ആത്മീയം എന്ന വേര്‍തിരിവില്ലാതെ എല്ലാ വിജ്ഞാനശാഖകളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിലും ഒന്നും ഒരാളുടെയും കുത്തകയല്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിലും പ്രവര്‍ത്തനങ്ങളിലൂടെ മര്‍കസ് വിജയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ആഴത്തില്‍ അറിവ് നുകര്‍ന്ന മതപണ്ഡിതരെയും സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളെയും ഫുള്‍ബ്രൈറ്റ് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകാരെയും സാമൂഹിക രംഗത്തെ നിപുണരെയും ഒരേസമയം മര്‍കസിന് ഉത്പാദിപ്പിക്കാന്‍ സാധിച്ചത്.
വിദ്യാഭ്യാസത്തെ തൊഴിലധിഷ്ഠിതമാക്കി എന്നതാണ് മര്‍കസ് ഈ രംഗത്ത് നിര്‍വഹിച്ച മറ്റൊരു പ്രധാന കാര്യം. പരമ്പരാഗത മതപഠന രീതിയെ കൂടുതല്‍ വ്യവസ്ഥാപിതവും ഗുണമേന്മാപരവുമാക്കി മാറ്റാനുള്ള ശ്രമങ്ങളും പ്രധാനമായിരുന്നു. ജാമിഅ മര്‍കസിന്റെ സ്ഥാപനത്തോടെ കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക കലാലയമായി അത് മാറുകയുണ്ടായി.
കേരളത്തിലുടനീളം പിന്നീട് ഈ മാതൃകയുണ്ടായി. പ്രമുഖ പണ്ഡിതന്മാര്‍ മര്‍കസില്‍ മുദരിസുമാരായെത്തി. ലോകപ്രശസ്ത ഇസ്‌ലാമിക കലാലയമായ ഈജിപ്തിലെ അല്‍അസ്ഹറുമായുള്ള വിദ്യാഭ്യാസ വിനിമയ കരാര്‍ മര്‍കസിന് ആഗോളതലത്തില്‍ വലിയ സ്വീകാര്യത നല്‍കി. നാളിതുവരെ 13,603 സഖാഫി പണ്ഡിതര്‍ മര്‍കസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമാണ്. മര്‍കസ് അമ്പതിലേക്ക് ചുവടുവെക്കുന്ന ഈ വേളയില്‍ 23ാമത് സനദ് ദാനം നടക്കുമ്പോള്‍ 548 മതപണ്ഡിതരും ഖുര്‍ആന്‍ മനപ്പഠമാക്കിയ 82 ഹാഫിളുകളുമാണ് സമൂഹത്തിലേക്കിറങ്ങുന്നത്. കൂടുതല്‍ പദ്ധതികളും ഇതോടെ പ്രഖ്യാപിക്കപ്പെടുകയാണ്. ഈ മനോഹര വേളയെ ധന്യമാക്കാന്‍ ഈ സമൂഹത്തിന്റെ സാന്നിധ്യം ഞങ്ങള്‍ ആഗ്രഹിക്കുന്നു.


