International
ബാങ്കോക്കില്‍ പബ്ബില്‍ ഉണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ മരിച്ചു
മരിച്ചവരില്‍ 18 പേര്‍ സ്ത്രീകളും ഒമ്പത് പേര്‍ പുരുഷന്മാരുമാണ്
ബാങ്കോക്ക് | തായ്ലന്‍ഡിലെ ബാങ്കോക്കില്‍ പബ്ബില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ മരിച്ചു. അറുപതില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ 18 പേര്‍ സ്ത്രീകളും ഒമ്പത് പേര്‍ പുരുഷന്മാരുമാണെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍പ്പെട്ടവരുടെ യഥാര്‍ഥ എണ്ണം വ്യക്തമായിട്ടില്ല.
പരിക്കേറ്റ് ചികിത്സയിലുള്ള 22 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ബാങ്കോക്കിലെ ചാടുചക് ജില്ലയിലുള്ള റോങ് ബീയര്‍ നാലാത് പ്രാവോ എന്ന ബാറിലാണ് അപകടമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് തായ്ലന്‍ഡ് പ്രധാനമന്ത്രി അനൂടിന്‍ ചാഹ്ന്വീരാകൂന്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തീപിടിത്തമുണ്ടായി അരമണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. എന്നാല്‍ ഇതിനകം തന്നെ പബ്ബിനകം മുഴുവനായി കത്തിയമരുകയായിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ പിന്‍വശത്തും ടോയ്ലറ്റുകളിലും അഭയം തേടിയവരാണ് മരിച്ചവരില്‍ ഏറെയുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. പബ്ബിലെ സാധനങ്ങള്‍ എല്ലാം തീപിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. നിമിഷങ്ങള്‍ക്കുള്ളിലാണ് തീ അപകടകരമായ രീതിയില്‍ പടര്‍ന്ന് പിടിച്ചത്. സ്ഫോടന ശബ്ദങ്ങള്‍ കേട്ടെന്നും പെട്ടെന്ന് തന്നെ തീയും പുകയും നിറഞ്ഞെന്നുമാണ് വിവരം.
Content Highlights: A devastating fire at the Rong Beer Na Lat Phrao pub in Bangkok, Thailand has claimed the lives of 27 people and injured over 60 others. Many of the victims became trapped in the restrooms at the back of the building while trying to escape the dense smoke and fast-moving flames. Thai authorities, including top government officials, have launched an official investigation to determine the exact cause of the deadly explosion and blaze.


