Kerala
ശബരിമല തന്ത്രിസ്ഥാനം താഴ്മണ്‍ കുടുംബത്തില്‍നിന്ന് മാറ്റണമെന്ന ആവശ്യം ആവര്‍ത്തിച്ചു കെ എസ് രാധാകൃഷ്ണന്‍
സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയെ പിന്തുണച്ച ബി ജെ പിയില്‍ ആശയക്കുഴപ്പം
കൊച്ചി | ശബരിമല തന്ത്രിസ്ഥാനം താഴ്മണ്‍ കുടുംബത്തില്‍നിന്ന് മാറ്റണമെന്ന നിലപാട് ആവര്‍ത്തിച്ചു ബിജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണന്‍. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കണ്ഠരര് രാജീവരുടെ സംരക്ഷകരായി ബി ജെ പി നേതൃത്വം രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കെ എസ് രാധാകൃഷ്ണന്റെ പ്രസ്താവന ബി ജെ പിക്കകത്ത് ആശയക്കുഴപ്പം സൃഷ്ടിച്ചു.
ഗുരുതര ക്രിമിനല്‍ കേസുകളുടെ പശ്ചാത്തലത്തില്‍ ശബരിമല തന്ത്രിസ്ഥാനം താഴ്മണ്‍ കുടുംബത്തില്‍നിന്ന് മാറ്റണമെന്നാണ് കെ എസ് രാധാകൃഷ്ണന്‍ ആവശ്യപ്പെടുന്നത്. ക്ഷേത്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്നത് ബി ജെ പിയുടെ നിലപാട്. താഴ്മണ്‍ കുടുംബം ശബരിമല തന്ത്രിപദവിയില്‍ എത്താന്‍ യോഗ്യരല്ലെന്ന തന്റെ നിലപാടും പാര്‍ട്ടി നിലപാടും തമ്മില്‍ ഭിന്നതയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മനീതി സംഘം ചെയ്തതിനേക്കാള്‍ വലിയ അനീതിയാണ് താഴ്മണ്‍ കുടുംബം ശബരിമലയില്‍ ചെയ്തത്. ശബരിമലയിലെ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളെ ചെമ്പുപാളികള്‍ എന്ന് മാത്രമാക്കി തയ്യാറാക്കിയ മഹ്‌സറില്‍ ഒപ്പുവെച്ച ഒന്നാം പേരുകാരനാണ് കണ്ഠരര് രാജീവര്. ഇത്തരമൊരു വ്യാജരേഖ വെച്ചാണ് സ്വര്‍ണക്കൊള്ള നടത്തിയത്. ഇതുസംബന്ധിച്ച രണ്ട് കേസിലെ പ്രതിയാണ് കണ്ഠരര് രാജീവരെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് പറ്റില്ല, അതുകൊണ്ട് തന്റെ മകന്‍ വരട്ടെ എന്ന് പറയാന്‍ ഇത് കുടുംബസ്വത്തല്ല. തന്ത്രിയെ നിശ്ചയിക്കാന്‍ ദേവസ്വം ബോര്‍ഡിനാണ് അധികാരം. തന്ത്രസമുച്ചയത്തിലും തന്ത്രികളെ മാറ്റാമെന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠ വിശുദ്ധി സംരക്ഷിക്കപ്പെടണമെന്നാണ് ബി ജെ പിയുടെ നിലപാട്. അതുകൊണ്ട് എപ്പോഴും ചര്‍ച്ച ചെയ്യേണ്ടതില്ല. സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യത്തിലിറങ്ങിയ തന്ത്രിയെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചത് വ്യക്തിപരമായ ബന്ധം കൊണ്ടാകാമെന്നും കെ എസ് രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights:
BJP state vice president K S Radhakrishnan reiterated his stance that the Thazhamon family should be removed from the Sabarimala Thanthri position. He highlighted Kandararu Rajeevaru involvement in the gold theft case. This statement has created confusion within the BJP leadership.


