Kerala
ആറ്റുകാല്‍ പൊങ്കാല: സുരക്ഷയും സൗകര്യങ്ങളും ശക്തമാക്കാന്‍ നിര്‍ദേശം
ഉത്സവം സുഗമമായി നടത്തുന്നതിനായി എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം | ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അവലോകന യോഗം ചേര്‍ന്നു. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 4 വരെ നടക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും ഫെബ്രുവരി 20നകം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഉത്സവം സുഗമമായി നടത്തുന്നതിനായി എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ഉത്സവ മേഖലയായി പ്രഖ്യാപിച്ച വാര്‍ഡുകളിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനും ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശിച്ചു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അഞ്ച് അധിക വാച്ച് ടവറുകളും 76 സിസിടിവി ക്യാമറകളും 14 കേന്ദ്രങ്ങളില്‍ ബാരിക്കേഡുകളും ഒരുക്കുമെന്ന് അറിയിച്ചു. ആരോഗ്യ സുരക്ഷയ്ക്കായി ഫെബ്രുവരി 23 മുതല്‍ ക്ഷേത്രപരിസരത്ത് മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കും. അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍–സ്വകാര്യ ആശുപത്രികളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാന്‍ ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കി.
ശുചീകരണ പ്രവര്‍ത്തനങ്ങളും മൊബൈല്‍ ടോയ്‌ലറ്റുകളുടെ സ്ഥാപണവും നഗരസഭയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. പൊങ്കാലയ്ക്ക് ശേഷം റോഡുകളില്‍ നിന്നുള്ള ഇഷ്ടികകള്‍ നീക്കം ചെയ്യാന്‍ പ്രത്യേക ക്രമീകരണവും ഉണ്ടാകും.
ഗതാഗത സൗകര്യത്തിനായി കെഎസ്ആര്‍ടിസി 950ഓളം ബസുകള്‍ പ്രത്യേക സര്‍വീസിനായി നിയോഗിക്കും. ഇതില്‍ 700 ബസുകള്‍ സാധാരണ സര്‍വീസിനും 250 ബസുകള്‍ തീര്‍ത്ഥാടന ടൂറിസത്തിനും ഉപയോഗിക്കും. സിറ്റി ഷട്ടില്‍ സര്‍വീസിനായി 25 ബസുകളും സജ്ജമാക്കിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ ടാറിംഗ് ജോലികള്‍ ഫെബ്രുവരി 15നകം പൂര്‍ത്തിയാക്കും. അഗ്‌നിശമന സേനയുടെ 400 ഉദ്യോഗസ്ഥരെയും രണ്ട് ഫയര്‍ എന്‍ജിനുകളെയും വിന്യസിക്കും. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പരിശോധനകളും കണ്‍ട്രോള്‍ റൂം സേവനവും ലഭ്യമാകും.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് വായുവിന്റെ ഗുണനിലവാരവും ശബ്ദനിലയും നിരീക്ഷിക്കാന്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും കണ്‍ട്രോള്‍ റൂമുകള്‍ ക്ഷേത്രപരിസരത്ത് സജീവമായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.



