Connect with us

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയളവ് നല്‍കാനുള്ള തീരുമാനം ആശങ്കാജനകം: എസ് വൈ എസ്

മദ്യത്തെ വീര്യം കൂടിയത്, കുറഞ്ഞത് എന്നിങ്ങനെ തരംതിരിക്കുന്നത് ആരോഗ്യപരമായും സാമൂഹികപരമായും ശരിയായ സമീപനമല്ല. പൂര്‍ണമായും ലഹരിമുക്ത ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍, മനുഷ്യന്റെ വിവേകത്തെയും മാനസിക- ശാരീരിക ആരോഗ്യത്തെയും നശിപ്പിക്കുമെന്ന് ഉറപ്പുള്ള ഒരു പദാര്‍ഥത്തെ ഒരടിസ്ഥാനത്തിലും പ്രോത്സാഹിപ്പിക്കാന്‍ സാധ്യമല്ലെന്നും എസ് വൈ എസ് അധ്യക്ഷൻ ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം തികച്ചും ആശങ്കാജനകമാണെന്ന് സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഫേസ്ബുക്കില്‍ കുറിച്ചു. ഒരു ഭാഗത്ത് ‘ഓപ്പറേഷന്‍ തൂഫാന്‍’ അടക്കമുള്ള ജനകീയ മുന്നേറ്റങ്ങളിലൂടെ ലഹരി പദാര്‍ഥങ്ങള്‍ക്കെതിരെ ശക്തമായ ബോധവത്കരണവും നിയമനടപടികളും പുരോഗമിക്കുമ്പോള്‍, മറുഭാഗത്ത് മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുന്ന ഇത്തരം നയങ്ങള്‍ സ്വീകരിക്കുന്നത് ആത്മാര്‍ഥമായ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്തുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മദ്യത്തെ വീര്യം കൂടിയത്, കുറഞ്ഞത് എന്നിങ്ങനെ തരംതിരിക്കുന്നത് ആരോഗ്യപരമായും സാമൂഹികപരമായും ശരിയായ സമീപനമല്ല. പൂര്‍ണമായും ലഹരിമുക്ത ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍, മനുഷ്യന്റെ വിവേകത്തെയും മാനസിക- ശാരീരിക ആരോഗ്യത്തെയും നശിപ്പിക്കുമെന്ന് ഉറപ്പുള്ള ഒരു പദാര്‍ഥത്തെ ഒരടിസ്ഥാനത്തിലും പ്രോത്സാഹിപ്പിക്കാന്‍ സാധ്യമല്ല. പലപ്പോഴും രാസലഹരികളിലേക്കും മറ്റു ഗുരുതരമായ ആസക്തികളിലേക്കും യുവതലമുറ ചെന്നെത്തുന്നത് വീര്യം കുറഞ്ഞതെന്നു പറയപ്പെടുന്ന ഇത്തരം മദ്യങ്ങളില്‍ നിന്നാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കരുതെന്നും അദ്ദേഹം എസ് വൈ എസ് കേരള പ്രസിഡന്റ് എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

മദ്യമുപയോഗിക്കുന്നവരെ വീര്യം കുറഞ്ഞതിലേക്ക് ആകര്‍ഷിക്കാനോ, സാധാരണക്കാരുടെ സാമ്പത്തിക ഭാരം കുറയ്ക്കാനോ വേണ്ടിയാണ് ഈ തീരുമാനമെന്ന ന്യായീകരണം നിലനില്‍ക്കുന്നതല്ല. സാമ്പത്തിക ലാഭത്തേക്കാളുപരി ഇത്തരം നയങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ പൊതുജനവും സര്‍ക്കാരും തിരിച്ചറിയേണ്ടതുണ്ട്. വരുമാന വര്‍ധനവ് മാത്രം ലക്ഷ്യമിട്ട് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിച്ചേക്കുന്ന ഈ തീരുമാനത്തില്‍ നിന്ന് ബന്ധപ്പെട്ട അധികാരികള്‍ പിന്മാറണം. വരുംതലമുറയുടെ ആരോഗ്യവും സുരക്ഷിതമായ ഭാവിയും മുന്‍നിര്‍ത്തിക്കൊണ്ടാവണം സംസ്ഥാനത്തിന്റെ നയരൂപീകരണങ്ങള്‍ നടക്കേണ്ടതെന്നും എസ് വൈ എസ് സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

Content Highlights:
SYS president Dr Abdul Hakeem Azhari criticized the Kerala governments decision to reduce tax on low alcohol beverages. He stated that encouraging any form of alcohol dilutes the impact of ongoing anti drug campaigns like Operation Thoofan. He urged authorities to withdraw this revenue driven policy.

---- facebook comment plugin here -----

Latest